പാലാ: പാലായിൽ മാണി സി കാപ്പനും ജോസ് കെ മാണിയും നേരിട്ടു പോരാട്ടം. യൂജിൻ ആന്റണി ചക്കൻകുളത്തിന്റെ നേതൃത്വത്തിൽ പാലായിൽ ആരംഭിച്ച സോക്കർ ലാന്റ് ഫുട്‌ബോൾ ടർഫ് കോർട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാണി സി കാപ്പനും ജോസ് കെ മാണിയും ഏറ്റുമുട്ടിയത്. ജോസ് കെ മാണിയുടെ പെനാൽറ്റി കിക്ക് കായികതാരം കൂടിയായ മാണി സി കാപ്പൻ അനായാസം തടയുകയും ചെയ്തു.

പാലായിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഇരുവരും കളിക്കളത്തിൽ നേരിട്ടിറങ്ങിയത് കാണികൾക്ക് കൗതുകമായി. ഇരുവരും കോർട്ടിലെത്തിയപ്പോൾ കാണികൾ പ്രോൽസാഹിപ്പിച്ചു. ആവേശത്തോടെ ജോസ് കെ മാണി പോസ്റ്റിലേയ്ക്ക് ബോൾ പായിച്ചു. പന്തിന്റെയും പന്തടിയുടെയും ലക്ഷ്യം എവിടേയ്ക്കാണെന്ന കാപ്പന്റെ കണക്കുകൂട്ടൽ കൃത്യമായി. നേരെ വന്ന പന്ത് മാണി സി കാപ്പൻ തട്ടിയകറ്റുകയായിരുന്നു.

രാഷ്ടീയ പോരാട്ടത്തിന്റെ ട്രയൽ ആണെന്നു ചിലർ വിലയിരുത്തി. അപ്പോഴേയ്ക്കും രാഷ്ട്രീയമല്ല, ജോസ് കെ മാണി ഗോൾ അടിച്ചിട്ടുമില്ല; കാപ്പൻ തടഞ്ഞിട്ടുമില്ല എന്നു മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞത് ആളുകളിൽ ചിരി പടർത്തി. ഈ പോരാട്ടം രാഷ്ട്രീയ രംഗത്തും തുടരുമോ എന്ന് പാലാക്കാർ ഉറ്റുനോക്കുകയാണ്.

നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, കൗൺസിലർമാരായ നീന ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, യൂജിൻ ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.