- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർക്കിങ് ചെയർമാൻ പദവി ഉപേക്ഷിക്കും; സ്റ്റിയറിങ് കമ്മറ്റിയിലും ഹൈപ്പവർ കമ്മറ്റിയിലും അംഗങ്ങളുടെ എണ്ണം പാതിയായി കുറയ്ക്കും; സിപിഎം മോഡലിൽ കേഡർ പാർട്ടിയാകുന്ന കേരളാ കോൺഗ്രസിൽ അടിമുടി പരിഷ്കാരം; നേതാക്കളെ ജോസ് കെ മാണി കൊണ്ടു പോകാതിരിക്കാൻ കോൺഗ്രസിലും ജോസഫിലും ജാഗ്രത
കോട്ടയം: കേരളാ കോൺഗ്രസ് എം എല്ലാ അർത്ഥത്തിലും കേഡർ പാർട്ടിയാകും. ലെവി പിരിവിനൊപ്പം ഭാരവാഹികളുടെ എണ്ണവും കുറയ്ക്കും. കേരള കോൺഗ്രസ് എമ്മിന്റെ പുതുക്കിയ ഭരണഘടനയുടെ രൂപം സംബന്ധിച്ച് അനൗദ്യോഗികചർച്ചകൾ സജീവമാണ്. ലോക്ക്ഡൗണിനുശേഷം വരുന്ന സ്റ്റിയറിങ് കമ്മിറ്റി ഇതേക്കുറിച്ച് ചർച്ച നടത്തും. ഭരണഘടനാ രൂപവത്കരണത്തിന് സമിതിയെയും നിയോഗിക്കും.
പരമോന്നത സമിതികളായ സ്റ്റിയറിങ് കമ്മിറ്റി, ഹൈപ്പവർ കമ്മിറ്റി എന്നിവയിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കാും. അവിഭക്ത കേരള കോൺഗ്രസിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ 111 പേരും ഹൈപ്പവർ കമ്മിറ്റിയിൽ 29 പേരുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കേരള കോൺഗ്രസ് എമ്മിൽ ഇവ യഥാക്രമം 50, 29 എന്നിങ്ങനെയാണ്. സമിതികൾ ചെറുതാക്കി നേതാക്കളുടെ ഉത്തരവാദിത്തം കൂട്ടാനാണ് തീരുമാനം. സിപിഎം മോഡലിൽ കേഡർ പാർട്ടിയാകുന്ന കേരളാ കോൺഗ്രസിൽ അടിമുടി പരിഷ്‌കാരത്തിനാണ് ഇതോടെ സാധ്യത തെളിയുന്നത്. അതിനിടെ ജോസ് കെ മാണി നേതാക്കളെ കൊണ്ടു പോകാതിരിക്കാൻ കോൺഗ്രസിലും ജോസഫിലും ജാഗ്രത ശക്തമാണ്. മധ്യ തിരുവിതാം കൂറിലെ പല പ്രമുഖരും ജോസ് കെ മാണിയുമായി ചർച്ചയിലാണ്.
കേഡർ സ്വഭാവത്തിലേക്ക് കേരളാ കോൺഗ്രസിനെ മാറ്റുന്നതിനുള്ള ചർച്ചകൾക്കും ജോസ് കെ മാണിയാണ് നേതൃത്വം നൽകുന്നത്. പ്രധാന സമിതികൾ ആൾക്കൂട്ടമാകുന്നത് കേഡർ സ്വഭാവം നഷ്ടമാക്കുന്നു. നിലവിലുള്ള വർക്കിങ് ചെയർമാൻ സ്ഥാനം കാണാൻ സാധ്യതയില്ല. അവിഭക്ത കേരള കോൺഗ്രസിൽ പി.ജെ.ജോസഫാണ് ഈ സ്ഥാനം വഹിച്ചിരുന്നത്. ചെയർമാന്റെ അഭാവത്തിൽ താനാണ് പരമാധികാരിയെന്ന് ജോസഫ് ഭരണഘടന ഉയർത്തിക്കാട്ടി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വർക്കിങ് ചെയർമാൻ സ്ഥാനം തന്നെ ഇല്ലാതാക്കുന്നത്.
വിപ്പ്, ചുമതല ഏൽപ്പിക്കൽ എന്നിവയും ചെയർമാൻ ഇല്ലാത്തപ്പോൾ വർക്കിങ് ചെയർമാനാണ് ചെയ്യേണ്ടത്. രണ്ട് അധികാരകേന്ദ്രം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതില്ലാതാകുന്നത്. ചെയർമാൻ, വൈസ് ചെയർമാൻ, ഖജാൻജി, ജനറൽ സെക്രട്ടറിമാർ എന്നിവയാണ് പ്രധാന പദവികൾ. പാർട്ടി പാർലമെന്ററി പാർട്ടിയെന്ന് പറയുന്നത് ചെയർമാനും എംപി.മാരും എംഎൽഎമാരും ഉൾപ്പെട്ടതാണ്. ഇതിൽ മാറ്റം വരാൻ ഇടയില്ല. സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടതുണ്ട്. ഇതിന് ഒരു വർഷത്തെ സാവകാശം തേടിയിട്ടുണ്ട്. രണ്ട് തിരഞ്ഞെടുപ്പുകൾ അടുത്തടുത്ത് വന്നതും കോവിഡ് നിയന്ത്രണങ്ങളുമാണ് പുനഃസംഘടനാ നടപടികൾ വൈകിച്ചത്.
അതിനിടെ കേരള കോൺഗ്രസിന്റെ (എം) ചൂണ്ടയിൽ നിന്ന് നേതാക്കന്മാരെ രക്ഷിച്ചെടുക്കാൻ ജോസഫ്, ജേക്കബ് വിഭാഗം കേരള കോൺഗ്രസുകൾ രംഗത്തിറങ്ങി. ഭരണത്തിന്റെ പിൻബലത്തിൽ സഹോദര കേരള കോൺഗ്രസുകളിൽ നിന്നു നേതാക്കളെ റാഞ്ചാൻ കേരള കോൺഗ്രസും (എം) ജനാധിപത്യ കേരള കോൺഗ്രസും രംഗത്തിറങ്ങിയതോടെയാണ് ഈ ബദൽ നീക്കം. ജോസ് കെ. മാണി തങ്ങളുടെ പാർട്ടിയിലെ ചില നേതാക്കളുമായി ചർച്ച നടത്തിയ വിവരം അറിയാമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. പാലായിലെ തോൽവി മറയ്ക്കാനാണ് ഈ നീക്കം. ഇതിനെ നേരിടാൻ അടിയന്തരമായി സംസ്ഥാന, ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു പാർട്ടി ശക്തിപ്പെടുത്താനാണ് ആലോചന.
കേരളാ കോൺഗ്രസ് പിജെ ജോസഫിനെ രാഷ്ട്രീയമായി തകർക്കാൻ ഇടതുപക്ഷത്ത് ആക്ഷൻ പ്ലാൻ തയ്യാറായിട്ടുണ്ട്. കോൺഗ്രസിലെ അസംതൃപ്തരിൽ ചിലർ എൻസിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് വിഭാഗമാകും ഈ ഓർപ്പറേഷന് നേതൃത്വം നൽകുക. കോട്ടയത്തെ കോൺഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോൺഗ്രസ് എമ്മിനെ കൂടുതൽ ശക്തമാക്കുന്ന തരത്തിലാകും ഇടപെടൽ.
ഭരണത്തിന്റെ പിൻബലത്തിൽ പ്രതിപക്ഷ പാർട്ടികളിൽനിന്നു നേതാക്കളെ ആകർഷിക്കുകയാണ് തന്ത്രം. കേരള കോൺഗ്രസിനെ (എം) മുൻനിർത്തി മധ്യ തിരുവിതാംകൂറിൽ യുഡിഎഫിനെ ശിഥിലമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിലൂടെ ഭരണത്തിൽ ഹാട്രിക് നേട്ടത്തിൽ സിപിഎമ്മിനെ എത്തിക്കാനാണ് ശ്രമം. കോൺഗ്രസിലെയും ജോസഫ് വിഭാഗം കേരള കോൺഗ്രസിലെയും അസംതൃപ്തരായ നേതാക്കളെയാണ് നോട്ടമിടുന്നത്. എംഎൽഎ സീറ്റ് മോഹിച്ച് കേരളാ കോൺഗ്രസ് ജോസഫിൽ എത്തിയ നിരവധി നേതാക്കളുണ്ട്. ഇവർക്കൊന്നും ജോസഫ് സീറ്റ് നൽകിയില്ല. ജോസഫിന്റെ ഇഷ്ടക്കാരായി മത്സരിച്ചവരെല്ലാം തോൽക്കുകയും ചെയ്തു. ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ നേതാക്കൾ ഇതിൽ തീർത്തും അസംതൃപ്തരാണ്.
ഇതിനൊപ്പം കേരളാ കോൺഗ്രസിൽ മോൻസ് ജോസഫുണ്ടാക്കുന്ന മുൻതൂക്കവും ജോസഫിനൊപ്പമുള്ള നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഫ്രാൻസിസ് ജോർജ്ജ് ഇക്കാര്യത്തിൽ തീർത്തും നിരാശനാണ്. ഇതിനൊപ്പം കോൺഗ്രസിലെ പ്രമുഖരേയും ജോസ് കെ മാണി നോട്ടമിടുന്നത്. കേരള കോൺഗ്രസിന് (എം) ലഭിക്കാനിടയുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ കണ്ണുവച്ചാണ് പ്രതിപക്ഷത്തെ പല നേതാക്കളും പാർട്ടി മാറാൻ തയാറാകുന്നതും. മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽനിന്നും മറ്റു കേരള കോൺഗ്രസുകളിൽനിന്നും ഏതാനും മുതിർന്ന നേതാക്കൾ ജോസ് കെ.മാണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ കേരളാ കോൺഗ്രസ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാനും സിപിഎമ്മിന് താൽപ്പര്യമുണ്ട്. യാക്കോബായ സഭയുടെ പിന്തുണ ഉറപ്പിക്കാൻ വേണ്ടി കൂടിയാണ് ഇത്. കേരളാ കോൺഗ്രസ് ജോസഫ് പക്ഷത്തെ പല പ്രമുഖരും കളം മാറുമെന്നാണ് സൂചന. കേരള കോൺഗ്രസിൽ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്നവരാണ് ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. കേരള കോൺഗ്രസിലെ മൂന്നു ജില്ലാ പ്രസിഡന്റുമാരും പാർട്ടി മാറാൻ തയാറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ നേതാവും ചർച്ച നടത്തുന്നുണ്ട്. പാർട്ടി മാറുന്നവർക്കു ലഭിക്കുന്ന സ്ഥാനങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം. പാർട്ടി മാറി വരുന്നവരെ സ്വീകരിക്കുന്നതിൽ കേരള കോൺഗ്രസിലെ (എം) രണ്ടാം നിര നേതാക്കൾക്ക് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ അനുനയിപ്പിക്കാൻ ജോസ് കെ മാണി ശ്രമം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ