കോട്ടയം: കേരള കോൺഗ്രസ് (എം) ഏക വൈസ് ചെയർമാനായി ജോസ് കെ.മാണി എംപിയെ പാർട്ടി ഉന്നതാധികാര സമിതിയിൽ തീരുമാനിച്ചു. തിരുവനന്തപുരത്തു ചേർന്ന ഉന്നതാധികാര സമിതിയോഗമാണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്. നിലവിൽ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു ജോസ് കെ.മാണി. അതായത് കെഎം മാണിക്കും പിജെ ജോസഫിനും പിന്നിൽ മൂന്നാമൻ. തന്റെ പാർട്ടിയുടെ ഭാവി ലീഡർ ജോസ് കെ മാണിയെന്ന് വ്യക്തമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ കെഎം മാണി.

പി.സി.ജോർജുമായി ലയനത്തിനുശേഷം പി.സി.ജോർജിനു നൽകിയിരുന്നതാണു വൈസ് ചെയർമാൻ സ്ഥാനം. കഴിഞ്ഞ സംസ്ഥാനസമിതിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നെങ്കിലും ഉന്നതാധികാരസമിതിയോഗം ചേർന്നശേഷം തീരുമാനിച്ചാൽ മതിയെന്നു ചെയർമാൻ കെ.എം.മാണി നിർദേശിച്ചിരുന്നു. മകനെ പാർട്ടി ഏൽപ്പിച്ച് രാഷ്ട്രീയത്തിലെ ഇടപെടൽ കുറയ്ക്കാനാണ് മാണിയുടെ തീരുമാനം. ബാർ കോഴ ആരോപണങ്ങളുടെ കരിനിഴൽ മാറിയാലും സജീവ രാഷ്ട്രീയത്തിൽ മാണി ഇനിയുണ്ടാകില്ലെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് മകനെ പാർട്ടിയിൽ മൂന്നാമനാക്കുന്നത്.

ഇന്നലെ ഉന്നതാധികാര സമിതിയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുകയായിരുന്നു. പാർട്ടി ചെയർമാൻ കെ.എം.മാണിക്കുശേഷം വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്, ഡപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എന്നിങ്ങനെയായിരുന്നു പാർട്ടിയിൽ നേതൃസ്ഥാനങ്ങൾ. വൈസ് ചെയർമാൻ സ്ഥാനത്തെത്തുന്നതോടെ ജോസ് കെ.മാണി പാർട്ടിയിൽ മുൻനിരയിലെത്തി. ഉന്നതാധികാരസമിതിയിൽ നാലുപേരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനാറാം ലോകസഭയിൽ കോട്ടയം ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ജോസ് കെ. മാണി. എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം കേരളാകോൺഗ്രസ് (മാണി) ഗ്രൂപ്പിന്റെ യുവജനവിഭാഗം നേതാവായിരുന്നു. 2004ലെ ലോകസഭാതെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ ലോകസഭാമണ്ഡലത്തിൽ നിന്നു മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എന്നാൽ 2009ൽ കോട്ടയത്ത് നിന്ന് ജയിച്ച് ജോസ് കെ മാണി ലോക്‌സഭയിലെത്തി. 2014ലും ജയം ആവർത്തിച്ചു. ഇതോടെ പാർട്ടിയിലെ പ്രധാനിയായി ജോസ് കെ മാണി മാറി. കേരളാ കോൺഗ്രസ് നേതൃത്വം ജോസ് കെ മാണിക്ക് കൈമാറുമെന്ന് അന്ന് മുതൽ അഭ്യൂഹമുണ്ടായിരുന്നു.

എന്നാൽ പിസി ജോർജും മറ്റും ഇടയുമെന്നതിനാൽ അതിന് മാണി തയ്യാറായില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് കൂടുതൽ അധികാരം നൽകുകയാണ് കേരളാ കോൺഗ്രസ്. പിസി ജോർജിനൊപ്പം ഫ്രാൻസിസ് ജോർജും കൂട്ടരും പാർട്ടി വിട്ടതും ഇതിന് സഹായകമായി.