തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ട് സീറ്റുകൾ നൽകി ഇടതുമുന്നണി. കാലടി, നാലാഞ്ചിറ വാർഡുകളിലാകും പാർട്ടി മത്സരിക്കുക. കാലടിയിൽ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാർത്ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ മൊത്തം 100 വാർഡുകൾ ആണുള്ളത്. ഇതിൽ 70 വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുക. സിപിഐ 17 വാർഡുകളിലും ജനതാദൾ എസ്, എൽജെഡി എന്നിവർ രണ്ട് വീതം വാർഡുകളിലും മത്സരിക്കും. കേരള കോൺഗ്രസ് എസ്, ഐഎൻഎൽ, എൻസിപി എന്നിവർക്ക് ഓരോ വാർഡ് വീതവും ആണ് മത്സരിക്കാൻ ലഭിക്കുക. ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും എന്നുമായിരുന്നു ധാരണ.

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥികളിൽ 66 ശതമാനവും സ്ത്രീകളാണ്. 70 വാർഡികളിൽ 46 എണ്ണത്തിലും സ്ത്രീകളാണ് സ്ഥാനാർത്ഥികൾ. അഞ്ച് ജനറൽ സീറ്റിലും സ്ത്രീകൾ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 50 ശതമാനമാണ് സ്ത്രീ സംവരണം. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ആ കണക്ക് പൂർത്തിയാക്കാൻ വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ നെട്ടോട്ടമാകും. പലപ്പോഴും ഭർത്താവിന്റെ നോമിനിയായി ഭാര്യ മത്സരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ നിന്നെല്ലാം വിഭിന്നമാണ് ഇത്തവണത്തെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക.

സ്ഥാനാർത്ഥി പട്ടികയിൽ മൂന്നിലൊന്നും യുവാക്കൾക്ക് നൽകി എന്ന പ്രത്യേകതയും ഇത്തവണത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്കുണ്ട്. 23 പേരാണ് യുവ സ്ഥാനാർത്ഥികൾ. ഇതിൽ 15 പേർ 30 വയസ്സിൽ താഴെ പ്രായമുള്ളവരാണ് എന്ന പ്രത്യേകതയും ഉണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സ്ഥാനാർത്ഥികളാക്കാനും ഇത്തവണ സിപിഎം ശ്രദ്ധിച്ചിട്ടുണ്ട്. 70 സ്ഥാനാർത്ഥികളിൽ മൂന്ന് പേർ പ്രൊഫഷണൽ ഡിഗ്രി യോഗ്യതയായുള്ളവരാണ്. മൂന്ന് പേർ ബിരുദാനന്തര ബിരുദമുള്ളവരും ആണ്. 25 പേർ ബിരുദധാരികളാണ്.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ എട്ട്, പത്ത് , പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ 16നാണ് വോട്ടെണ്ണൽ. കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കാൻ തീരുമാനമായി.