- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ; സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാലെന്ന് ജോസ് കെ മാണി; പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും; സിപിഎം കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ലോഞ്ച് ചെയ്യാൻ കേരളാ കോൺഗ്രസ്; മറ്റു മണ്ഡലങ്ങളിൽ സ്വാധീനിക്കുമോ ആശങ്ക
കോട്ടയം: കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ മൽസരിക്കുമെന്ന് ജോസ് കെ മാണി. കുറ്റ്യാടിയില് സ്ഥാനാർത്ഥി മുഹമ്മദ് ഇഖബാൽ സ്ഥാനാർത്ഥിയാകുമെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശികമായ എതിർപ്പുകൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കും. പ്രാദേശിക തലത്തിൽ ചർച്ച നടക്കുകയാണ്. ഇന്നലെയും പാർട്ടി നേതാക്കന്മാരും സിപിഎമ്മിലെ പ്രാദേശിക, സംസ്ഥാന നേതാക്കളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇത്തരം എതിർപ്പുകൾ പല സ്ഥലങ്ങളിലും ഉണ്ടാകും. അത് പരിഹരിച്ചാൽ പിന്നെ ഒറ്റക്കെട്ടായാണ് നേരിടുക. സിപിഎം നേതൃത്വത്തിന് എതിർപ്പുണ്ടെങ്കിൽ സീറ്റ് തരില്ലല്ലോ. അവർ തന്ന 13 സീറ്റിലുള്ളതാണ് കുറ്റ്യാടിയും.
കുറ്റ്യാടിയിൽ സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാൽ തന്നെയാണ്. ഇഖ്ബാൽ അല്ലാതെ വേറെയാര് എന്ന് ജോസ് കെ മാണി ചോദിച്ചു. പ്രശ്നം പരിഹരിച്ചശേഷം സ്ഥാനാർത്ഥിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. അതേസമയം കുറ്റ്യാടിയിലെ വിപ്ലവം സിപിഎമ്മിന് തലവേദനയാകും. സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും മുന്നണിയുടെ ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് സിപിഎം. വടകരയിൽ ആർഎംപി ഇഫക്ടും വെല്ലുവിളിയാകും. ഇവിടെ എൽജെഡിയാണ് മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎയായ സികെ നാണു കടുത്ത നിരാശയിലും. ഇതെല്ലാം കുറ്റ്യാടി വിപ്ലവത്തിനൊപ്പം വെല്ലുവിളി കൂട്ടുമെന്ന ആശങ്ക ശക്തമാണ്.
ആലപ്പുഴയിലും സിപിഎം പ്രതിസന്ധിയിലാണ്. ജി സുധാകരനും തോമസ് ഐസക്കിനും സീറ്റ് നൽകാത്തതാണ് പ്രശ്നത്തിന് കാരണം. രണ്ട് വിഭാഗവും പരസ്യമായി പോരിനില്ല. എന്നാൽ ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം അടിത്തട്ടിൽ ഇളകി മറിയുകാണ്. റാന്നിയിൽ രാജു എബ്രഹാമിന് സീറ്റ് നിഷേധിച്ചതും വിവാദത്തിലാണ്. പത്തനംതിട്ടിയിലും പ്രശ്നമുണ്ട്. പിവറവത്ത് സിന്ധു മോൾ ജേക്കബ് എങ്ങനെ കേരളാ കോൺഗ്രസുകാരിയായെന്ന് സിപിഎം അണികൾ ചോദിക്കുന്നു. കേരളാ കോൺഗ്രസുമായുള്ള സിപിഎം നേതൃത്വത്തിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഇതിൽ പ്രതിഫലിക്കുന്നത്.
കണ്ണൂരിൽ പി ജയരാജന് സീറ്റ് കൊടുത്തില്ല. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനെ ഒതുക്കിയതും ചർച്ചയാണ്. ഇത് തിരുവനന്തപുരത്തും പ്രതിഫലിച്ചേക്കും. കൊല്ലത്ത് പികെ ഗുരുദാസനെ അനുകൂലിക്കുന്നവരും എറണാകുളത്ത് എസ് ശർമ്മാ വിഭാഗവും പ്രശ്നത്തിലാണ്. മലപ്പുറത്ത് പൊന്നാനി വിപ്ലവവും പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഇങ്ങനെ സീറ്റ് വിഭജനത്തിലേകും സീറ്റ് അനുവദിക്കലിലേയും പ്രശ്നങ്ങൾ സിപിഎമ്മിന് തലവേദനയാണ്. ഇതിൽ കോഴിക്കോട്ട് കരുതലോടെ ഇടപെടാനാണ് നേതൃത്വത്തിന്റെ നീക്കം.
കോഴിക്കോട് പരസ്യമായി തന്നെ എതിർപ്പ് ശ്ക്തമാണ്. ശക്തികേന്ദ്രമായ വടകര താലൂക്കിലെ 3 മണ്ഡലങ്ങളിലും സിപിഎമ്മിനു സ്ഥാനാർത്ഥികളില്ലാത്തതിലും പ്രവർത്തകരിൽ അമർഷമുണ്ട്. വടകരയിൽ എൽജെഡിയും നാദാപുരത്ത് സിപിഐയും കുറ്റ്യാടിയിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇതാണ് പ്രതിഷേധം ആളിക്കത്താൻ കാരണം. പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ കീഴിൽ നാദാപുരം മണ്ഡലത്തിന്റെ ഭാഗമായ 4 പഞ്ചായത്തുകളുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വടകര ഏരിയ കമ്മിറ്റിക്കു കീഴിലുമാണ്. കുറ്റ്യാടി സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കണമെന്നു സിപിഐ ജില്ലാ നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടതിനു പിന്നിൽ സിപിഐ മത്സരിക്കുന്ന നാദാപുരത്ത് കുറ്റ്യാടി ഇഫക്ട് ബാധിക്കുമോ എന്ന ആശങ്കയാണ്. ഇതിൽ വസ്തുതയും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ