കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? ഈ നിയമ ചർച്ചയ്ക്കാണ് ജസ്റ്റീസ് അശയുടെ വിധി അവസരമൊരുക്കുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും 'രണ്ടില' ചിഹ്നം അവർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവു ചോദ്യം ചെയ്യുന്ന കേസിലാണ് ഹൈക്കോടതിയുടെ നിർണ്ണായക സ്റ്റേ. ഇത് പലവിധ ചർച്ചകൾക്ക് വഴിവയ്ക്കും. പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ എന്ന ചർച്ചയാണ് ഇതോടെ സജീവമാകുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നായിരുന്നു പിജെ ജോസഫ് വിഭാഗം പരസ്യമായി പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്ന് ഹർജി കേരളത്തിലെ ഹൈക്കോടതിയിൽ കിട്ടുന്നു. തിരഞ്ഞെടുപ്പു ചിഹ്നം അനുവദിക്കുന്ന കാര്യമല്ലാതെ പാർട്ടി ആരുടെയാണെന്നു പറയാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു സാധിക്കുമോ? വ്യത്യസ്ത ഫോറങ്ങളിൽ നിന്നുള്ള വിരുദ്ധ ഉത്തരവുകൾ ഒരേ സമയം എങ്ങനെ നിലനിൽക്കും? എന്നീ ചോദ്യങ്ങളിലാണ് ഹൈക്കോടതിക്ക് തീർപ്പ് കൽ്പ്പിക്കാനുള്ളത്. അടുത്ത മാസം 1ന് കേസ് പരിഗണിക്കുമ്പോഴുള്ള അന്തിമ വാദം അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്.

ചെയർമാൻ അല്ലാത്തയാളുടെ സ്വന്തമാണു പാർട്ടി എന്ന വിരുദ്ധ സാഹചര്യം എങ്ങനെ നിലനിൽക്കുമെന്ന് ജോസഫ് പക്ഷത്തുള്ള പി.സി. കുര്യാക്കോസിനു വേണ്ടി അഡ്വ. പി.ബി. കൃഷ്ണൻ വാദിച്ചു. ജോസ് കെ. മാണിയെ ചെയർമാനാക്കിയ യോഗവും തിരഞ്ഞെടുപ്പും അസാധുവാണെന്നു സിവിൽ കോടതിയുടെ ഉത്തരവുണ്ട്. അതേസമയം, ജോസ് കെ. മാണി വിഭാഗമാണു യഥാർഥ പാർട്ടിയെന്നു കമ്മിഷൻ പറയുന്നു. ഒരേ സമയം ഇതു രണ്ടും എങ്ങനെ നടപ്പാകുമെന്നതാണ് ജോസഫ് ഉയർത്തിയ വാദം. ഇത് അംഗീകരിച്ചാണ് ഒരു മാസത്തേക്ക് സ്റ്റേ നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇത്തരമൊരു സ്റ്റേയ്ക്ക് കഴിയുമോ എന്നതാണ് നിയമപരമായി ഉയർത്തുന്ന ചോദ്യം.

നിയമപരമായി പിൻബലമില്ലാതെ 305 പേരുള്ള പുതിയ സമിതിയെ തിരഞ്ഞെടുത്ത ഫലമാണു കമ്മിഷൻ ഉത്തരവിനെ തുടർന്നുണ്ടായതെന്ന് ജോസഫ് പക്ഷം വാദിച്ചു. ചിഹ്നത്തിന്റെ കാര്യം മാത്രമാണു കമ്മിഷനു തീരുമാനിക്കാൻ കഴിയുന്നത്. പാർട്ടി ആരുടെയാണെന്നു കോടതികളാണു തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാനാകുമോ എന്നു വിലയിരുത്താനുള്ള നടപടിയാണുണ്ടായതെന്ന് ജോസ് പക്ഷം അഭിഭാഷകൻ വാദിച്ചു. എതിർചേരികളുണ്ടെന്നു വ്യക്തമായതിനാലാണു ചിഹ്നം ആർക്കാണെന്നു കണ്ടെത്താനുള്ള നടപടിക്കു മുതിർന്നതെന്നും വാദിച്ചു.

450 അംഗ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം ശരിയായി വിലയിരുത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാൻ ജോസ് കെ. മാണി വിഭാഗത്തിന് അനുമതി നൽകുകയായിരുന്നുവെന്ന് പി.ജെ. ജോസഫിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു. ഒരംഗത്തിന്റെ വിയോജിപ്പോടെയായിരുന്നു തീരുമാനമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പാർട്ടി ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നായിരുന്നു ജോസ് കെ. മാണിയുടെ അഭിഭാഷകന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭൂരിപക്ഷ തീരുമാനത്തെ ഒരംഗത്തിന്റെ വിയോജിപ്പ് ചൂണ്ടിക്കാട്ടി കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും വാദിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സമയം അനുവദിക്കണമെന്നും ഇടക്കാല സ്റ്റേ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, രണ്ടില ചിഹ്നം മാത്രമല്ല, കേരള കോൺഗ്രസ് മാണിവിഭാഗമെന്ന പേരും ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ പറയുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കമ്മിഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തത്. കമ്മിഷനോടും എതിർ കക്ഷികളോടും സത്യവാങ്മൂലം നൽകാൻ നിർദേശിച്ചുകൊണ്ടാണ് ഹർജി വിശദമായ വാദത്തിനായി മാറ്റിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ചോദ്യംചെയ്ത കോട്ടയം സ്വദേശി പി.സി. കുര്യാക്കോസും ഹർജി നൽകിയിരുന്നു.

പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാനാണ് പി.ജെ. ജോസഫ്. ജോസ് കെ. മാണി വൈസ് ചെയർമാനും. പാർട്ടി ചെയർമാനായ കെ.എം. മാണി മരിച്ചതോടെ പാർട്ടി ഭരണഘടനയനുസരിച്ച് വർക്കിങ് ചെയർമാനാണ് ചെയർമാന്റെ ചുമതല. പാർട്ടി ചെയർമാനായി തന്നെ തിരഞ്ഞെടുത്തതായി ജോസ് കെ. മാണി അവകാശപ്പെട്ടെങ്കിലും സിവിൽ കോടതി ഇത് റദ്ദാക്കി. തുടർന്നാണ് ജോസ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പി.ജെ.ജോസഫ് കോടതിയെ സമീപിച്ചത്.

പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്തെ ഹോട്ടലിൽ ജില്ലാ നേതൃയോഗം ചേരുന്നതിനിടെയാണ് കോടതിതീരുമാനമുണ്ടായത്. ഉടനെ മാധ്യമങ്ങളെക്കണ്ട പി.ജെ.ജോസഫ് സത്യവും നീതിയും വിജയിച്ചെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പറഞ്ഞു. പാർട്ടി ചെയർമാൻ എന്നനിലയിൽ ജോസ് കെ.മാണി പ്രവർത്തിക്കരുതെന്ന ഇടുക്കി, കട്ടപ്പന കോടതി ഉത്തരവുകൾ നിലനിൽക്കേ, സർവകക്ഷിയോഗത്തിൽ ജോസ് കെ.മാണിയെ ക്ഷണിച്ചത് ശരിയല്ല. വെള്ളിയാഴ്ച ഹൈക്കോടതി ചിഹ്നം സംബന്ധിച്ച കേസ് പരിഗണിക്കുന്നുണ്ടെന്ന് താൻ മുഖ്യമന്ത്രിക്ക് എഴുതിനൽകിയിരുന്നു.

കോടതിയലക്ഷ്യത്തിന് ജോസ് കെ.മാണി നടപടി നേരിടേണ്ടിവരുെമന്നും പി.ജെ.ജോസഫ് പറഞ്ഞു. അതേസമയം, ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്മേൽ താത്കാലിക സ്റ്റേ മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജോസ് കെ.മാണി പറഞ്ഞു.