- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായമെന്നു പ്രതികരണം; ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ സിപിഎം. വിഷയത്തിൽ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടിയുടെ അഭിപ്രായമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം പാടില്ല. ഇത്തരം പ്രതികരണങ്ങൾ ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും നാട്ടിൽ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
എല്ലാതരം വർഗീയതയോടും കോൺഗ്രസ് സന്ധി ചെയ്യുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ഒരു വിഭാഗം ഇത്തരം പ്രസ്താവന നടത്തിയാൽ മറ്റൊരു വിഭാഗം എതിർ പ്രസ്താവന നടത്തുന്ന സാഹചര്യമുണ്ടാകും. അത് അപകടകരമാണെന്നും വിജയരാഘവൻ പറഞ്ഞു.
രാജ്യത്ത് വർഗ്ഗീയത ആളി കത്തിക്കുവാൻ ബിജെപി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബിജെപി ശ്രമം നടത്തുകയാണ്. കേരളത്തിലും ഏത് സംഭവം ഉണ്ടായാലും അതിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബിജെപി. നമുക്ക് ആവശ്യം മത വിശ്വാസികൾ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവർത്തനങ്ങളും ആണ്. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബിജെപി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുവാൻ ബോധപൂർവം ശ്രമിക്കുന്നു.
ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തിൽ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബിജെപി യെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബിജെപി യുടെയും ആർ.എസ്.എസ് ന്റെയും ഈ നീക്കത്തിനെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കണം. ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും മാറ്റിനിർത്തി ഗോൾവാൾക്കറെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാൻസലറും അക്കാദമിക് സമിതികളും ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ നോക്കുന്നത്
നെഹ്റുവിന്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളിൽ നിന്നും നെഹ്റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്നങ്ങളാണ് ബിജെപി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സർക്കാരും കണ്ണൂർ യൂണിവേഴ്സിറ്റിയും എന്തിനാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്
നമ്മുടെ നാട്ടിൽ മതേതരത്വം നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും കോൺഗ്രസ് പാർട്ടിക്ക് ഉണ്ട്. ഈ വർഗ്ഗീയത നീക്കങ്ങൾക്കെതിരെ ഒരു മതേതര പാർട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദർഭം കൂടിയാണിത് എന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ