വർക്കല: തെരുവ് നായ്ക്കൾ ഉയർത്തുന്നത് വലിയ സാമൂഹിക വെല്ലുവിളിയാണ്. ബൈക്കിൽ പോകുന്നവരെ പോലും വെറുതെ വിടുന്നില്ല. ഇതിനിടെ വർക്കലയിൽ തെരുവുനായകളെ കൊന്ന കേസിൽ ഒന്നാം പ്രതിയായ ആലുവ സ്വദേശി ജോസ് മാവേലിയെ കോടതി ശിക്ഷിച്ചു. കോടതി പിരിയുംവരെ തടവും 4550 രൂപ പിഴയുമാണ് വർക്കല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പൊതു താൽപ്പര്യ പ്രകാരമായിരുന്നു ജോസ് മാവേലിയുടെ ഇടപെടൽ. ഈ കേസിലാണ് ശിക്ഷ വരുന്നത്.

വിധി പറയുമ്പോൾ കോടതിയിൽ ഹാജരായിരുന്ന ജോസ് മാവേലി വൈകുന്നേരം വരെ കോടതിയിൽ നിന്നു. പിഴയും അടച്ചു. 2016 ഒക്ടോബറിൽ വർക്കല മുണ്ടയിൽ സ്വദേശി രാഘവൻ (90) എന്നയാളെ തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരുന്നു. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തെരുവുനായകൾ കടിച്ചുകൊന്നു. സംഭവമറിഞ്ഞ് തെരുവുനായ സമരസമിതി എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന ജോസ് മാവേലി ആലുവയിൽ നിന്നും വർക്കലയിലെത്തിയിരുന്നു.

ഇതിനിടെ രാഘവന്റെ മരണത്തിൽ പ്രകോപിതരായവർ ചേർന്ന് നിരവധി തെരുവുനായ്ക്കളെ വകവരുത്തി. ജോസ് മാവേലിയുടെ പ്രേരണയാലാണ് അവർ ഇപ്രകാരം ചെയ്തതെന്നാരോപിച്ച് മൃഗസ്നേഹികൾ നല്കിയ പരാതിയിലാണ് അന്ന് പൊലീസ് കേസെടുത്തത്. ഈ കേസിലാണ് വിധി വരുന്നത്. ഒരു ദിവസം തടവായതു കൊണ്ട് തന്നെ മാവേലിക്ക് ജയിൽ വാസം ഒഴിവായി.

ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം നായ്ക്കളുടെ ആക്രമണമേറ്റവർക്ക് നഷ്ടപരിഹാരം വാങ്ങി നൽകുന്നതിനുമായി ജോസ് മാവേലി രൂപീകരിച്ച തെരുവുനായ സമരസമിതി വർക്കലയിലെത്തുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാരും വർക്കല നഗരസഭാ കൗൺസിലർമാരുമെല്ലാം ചേർന്ന് തെരുവുനായ്ക്കളെ വകവരുത്തിയിരുന്നു. ജോസ് മാവേലിയുടെ പ്രേരണയാലാണ് അവർ ഇപ്രകാരം ചെയ്തതെന്നാരോപിച്ച് മൃഗസ്നേഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കൗൺസിലർമാരടക്കം ആറ് പ്രതികൾ ഉണ്ടായിരുന്നെങ്കിലും ജോസ് മാവേലി മാത്രമാണ് കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങിയത്. നേരത്തെ എട്ട് കേസുകളിൽ സമാനകുറ്റത്തിന് ജോസ് മാവേലിക്ക് കോടതി പിഴശിക്ഷ നൽകിയിരുന്നു. നേരത്തെ വർക്കല സംഭവത്തിൽ, ജോസിനെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായിരുന്നു. സ്ത്രീകളും വ്യദ്ധരുമടങ്ങുന്ന 100 ഓളം വരുന്ന ആൾക്കൂട്ടം പൊലീസിനെതിരെ രംഗത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തങ്ങളെക്കൂടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം, നായ്ക്കളെ കൊന്നതിന് ജയിലിൽ പോകാനും തയ്യാറാണെന്ന് ജോസ് മാവേലി അന്ന് പറഞ്ഞിരുന്നു. അക്രമകാരികളായ നായ്ക്കളെ ഇനിയും കൊല്ലും. ജനങ്ങൾക്കു വേണ്ടിയാണ് താൻ ഈ പ്രവർത്തി ചെയ്തതെന്നും തെരുവ്നായ ശല്യം നേരിടാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ജോസ് മാവേലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഇന്നും നടന്നിട്ടില്ല.

തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമർശിച്ച് അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനേക ഗാന്ധി രംഗത്തെത്തിയതും വർക്കലയിൽ ജനരോഷം വർദ്ധിപ്പിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്നും ഇതിന് ഡിജിപി മുൻകൈയെടുക്കണമെന്നുമായിരുന്നു മനേകയുടെ പ്രസ്താവന. തെരുവുനായ്ക്കളെ കൊല്ലുന്നവർ സ്ഥിരം കുറ്റവാളികളാണ്. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കിൽ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ ഇവരെ ക്രമിനലുകളായ വ്യവസായികൾ ഹീറോകളാകാൻ ശ്രമിക്കുന്നു. വ്യവസായികളാണോ സർക്കാരാണോ കേരളം ഭരിക്കുന്നതെന്നും മനേക ചോദിച്ചിരുന്നു.