- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം യുഎഇ ദിർഹവും ഖത്തർ റിയാലും; അമേരിക്കൻ-കനേഡിയൻ ഡോളറും; വാഗമണിൽ റിസോർട്ട്; ലേക് ഷോർ ആശുപത്രിയിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഓഹരി നിക്ഷേപം; മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി വീരന്മാർ പുറത്തേക്ക്; എഴുകോണിലെ ജോസ് മോനും കുടുങ്ങി
കൊല്ലം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. ബോർഡിന്റെ കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയറുമായ ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തി. ഇയാൾ ഒളിവിൽ പോകുകയും ചെയ്തു.
കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ഏഴുകോണിൽ ഷോപ്പിങ് കോപ്ലക്‌സ്, വാടക കെട്ടിടം. ആഡംബര വീട്, രണ്ടു കാറുകൾ, അറുപത് പവനോളം സ്വർണം, മുത്തൂറ്റ് ബാങ്കിൽ 70 പവൻ സ്വർണം, കണക്കിൽ പെടാത്ത 1.56 ലക്ഷം ഇന്ത്യൻ രൂപയ്‌ക്കൊപ്പം 4296 യുഎഇ ദിർഹം, അമേരിക്കൻ ഡോളർ, കനേഡിയൻ ഡോളർ, ഖത്തർ റിയാൽ എന്നിവയും കണ്ടെത്തി. സ്വർണ്ണ നാണയങ്ങളാണ് വീട്ടിൽ നിന്ന് കിട്ടിയത്.
77 ലക്ഷം രൂപം എസ് ബി അക്കൗണ്ടും രണ്ടു കോടിയുടെ ഇൻഷുറൻസിനും രേഖകൾ കിട്ടി. ലേക് ഷോർ ആശുപത്രിയിൽ വലിയ തോതിൽ ഷെയർ എടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ സിയാൽ വിമാനത്താവളത്തിലും ആറായിരം ഷെയർ ഈ ഉദ്യോഗസ്ഥനുണ്ട്. കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിലെ റെയ്ഡ്. ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥനാണ് ജോസ് മോൻ.
ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. കോട്ടയത്തെ വ്യവസായിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹാരിസ് വിജിലൻസ് പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഹാരിസിന്റെ ആലുവയിലെ ആഡംബര ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു.
ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ഇത് ആദ്യമെന്നായിരുന്നു വിജിലൻസ് സംഘം പറഞ്ഞത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്‌ക്വയർ ഫീറ്റിന്റെ വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെന്റ് വസ്തുവും വീടും ഉണ്ട് .
അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തത്. ഫ്‌ളാറ്റിലെ റെയ്ഡിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയിൽ തന്നെ വ്യാപകമായി കൈക്കൂലി ആരോപണമുയർന്നിരുന്നു. ഹാരീസിൽ നിന്നാണ് അന്വേഷണം കൂടുതൽ പേരിലേക്ക് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ