- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ട്രേഡിങ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ രണ്ടാം പ്രതി; വിജിലൻസ് രേഖകളിൽ ഒളിവിൽ; അൺ ഓതറൈസ്ഡ് ആബ്സന്റല്ലെന്ന് വരുത്താൻ ഉന്നത ഗൂഢാലോചനയിൽ കോഴിക്കോട് ചുമതലയേൽക്കൽ; ജോസ് മോൻ ആളുചില്ലറക്കാരനല്ല; മലിനീകരണ നിയന്ത്രണ ബോർഡിൽ കൈക്കൂലിക്കാർക്ക് എന്തുമാവാം
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ ആരോപണ വിധേയനായ ജോസ്മോൻ തിരികെ സർക്കാർ സർവീസിൽ. ആദ്യം കോഴിക്കോട് തിരികെ ജോലിയിൽ കയറിയ ഇയാളെ പിന്നീട് തിരുവനന്തപുരത്ത് തന്നെ നിയമനം നൽകിയത്. ഇയാൾക്കെതിരെ വിജിലസൻസ് അന്വേഷണം തുടങ്ങിയിരുന്നു.
എന്നാൽ, ഇയാൾക്കെതിരെ വിജിലൻസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും റബർ ട്രേഡിങ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. നിലവിൽ ഇയാൾ ഒളിവിലാണ്. ഇതിനിടെ നാടകീയമായാണ് ജോലിക്ക് എത്തിയത്. ഉത്തരവിറക്കിയെങ്കിലും ജോസ് മോൻ ജോലിക്ക് വരുമെന്ന് കരുതിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രതികരിച്ചത്.
കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും റബർ ട്രേഡിങ് കമ്പനിയോട് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ് ജോസ്മോൻ. ഉടമ നൽകിയ പരാതിയിൽ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലാണ് രണ്ടാം പ്രതിയായി ജോസ്മോനെതിരെ വിജിലൻസ് കേസെടുത്തത്.
ഇയാൾക്കെതിരെ വിജിലസൻസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് ശേഷം ഇയാൾ ഓഫീസിൽ എത്തിയിരുന്നില്ല. ഇതോടെ അൺഓതറൈസ്ഡ് ആബ്‌സന്റായി. ഇത് തുടർന്നാൽ സർവ്വീസിൽ നിന്ന് പുറത്താക്കേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ജോസ് മോനെ കോഴിക്കോട് ജോലിക്ക് പ്രവേശിക്കാൻ ഉന്നതർ സൗകര്യമൊരുക്കിയത്.
കോഴിക്കോട് ഓഫിസിൽ ആണ് ഇന്നലെ ജോലിയിൽ പ്രവേശിച്ചത്. ഡെപ്യൂട്ടഷനിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാൾക്കെതിരെ വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരിക്കുന്നു. അതേസമയം കോഴിക്കോടാണ് ജോലിയിൽ പ്രവേശിച്ചതെങ്കിലും ഇന്നലെ തന്നെ ജോസ് മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെന്നും പിസിബി ചെയർമാൻ പറഞ്ഞു.
ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് അന്ന് ജില്ലാ ഓഫിസറായിരുന്ന ജോസ് മോൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. തുടർന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തിരുന്നു.
ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് അന്ന് വിജിലൻസ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ