തിരുവനന്തപുരം: ജോസ് മോനേയും സസ്‌പെന്റ് ചെയ്‌തേയ്ക്കും കൈക്കൂലിക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിസ്ഥിതിവകുപ്പിൽനിന്ന് അഭിപ്രായം തേടി. ഒളിവിലുള്ള ജോസ് മോൻ കോഴിക്കോട് എത്തി ചുമതല ഏറ്റെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇയാളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ വിവാദങ്ങളെ തുടർന്നാണ് അച്ചടക്ക നടപടിക്ക് നടപടികൾ തുടങ്ങിയത്.

ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്തെ സീനിയർ എൻജിനിയർ ജോസ്മോന്റെ പേരിലെ വിജിലൻസ് കേസ് സംബന്ധിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബോർഡ് ചെയർമാൻ എം.ബി. പ്രദീപ് പറഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനായ ഹാരിസിനെ വകുപ്പിൽനിന്ന് നിർദ്ദേശം ലഭിച്ചതനുസരിച്ച് സസ്‌പെൻഡുചെയ്തിട്ടുണ്ട്. പരിസ്ഥിതിവകുപ്പിൽനിന്ന് മറുപടി ലഭിക്കുന്നതിനനുസരിച്ച് ജോസ് മോനെതിരെ തുടർനടപടിയുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.

കൈക്കൂലിക്കേസിൽ ഒളിവിൽ പോയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെതിരെ പേരിനുപോലും വകുപ്പ് തല നടപടിയില്ലെന്നതും വിവാദമായിരുന്നു. ഒളിവിലാണെന്ന് പൊലീസ് വിശദീകരിക്കുന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചത്. കോടികളുടെ കൈക്കൂലി പണം വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ജോസ് മോൻ. കഴിഞ്ഞദിവസം അദ്ദേഹം കോഴിക്കോട് ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായി ചുമതലയേറ്റു. ഡെപ്യൂട്ടഷനിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്‌മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവം വിവാദമായതിന് പിന്നാലെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയും ഉത്തരവിറക്കി.

ജോസ്മോൻ കോട്ടയത്ത് ജോലിചെയ്യുമ്പോൾ ഒട്ടേറെപ്പേരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ഇയാളുടെ വീട്ടിൽനടത്തിയ റെയ്ഡിൽ കോടികളുടെ നിക്ഷേപത്തിന്റേതുൾപ്പെടെ രേഖകൾ കണ്ടെത്തിയിരുന്നു.കോട്ടയത്ത് ജില്ലാ എൻവയോൺമെന്റ് എൻജിനിയർ എ.എം. ഹാരിസിന്റെ അറസ്റ്റിന് പിന്നാലെയാണ് ജോസ്മോനെതിരേ ആരോപണം ഉയർന്നത്. ഇദ്ദേഹം ഒളിവിലാണെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ടും നൽകി.

ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് അന്ന് വിജിലൻസ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

ജോസ് മോൻ ഹാരീസിനെ പിടിക്കൂടിയതിന് തൊട്ടടുത്ത ദിവസം മുതൽ ഒളിവിണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഒളിവിലായിരുന്ന ജോസ്മോന് എങ്ങനെയാണ് സ്ഥലംമാറ്റ ഉത്തരവ് കൈപറ്റാനാകുന്നതെന്നും കോഴിക്കോട് ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ സാധിക്കുന്നതെന്നുമുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ഒളിവിൽ കഴിഞ്ഞ ജോസ്മോൻ എങ്ങനെയാണ് കോട്ടയം ഓഫീസിൽ ഹാജരായി റിലീവിങ് ലെറ്റർ കൈപറ്റിയതെന്നും വ്യക്തമല്ല.

ഒളിവിലായിരുന്ന ജോസ്മോൻ വളരെകാലമായി തുടർച്ചയായി ജോലിക്ക് ഹാജരാകാതിരിന്നിട്ടും നടപടികൾ കൈകൊള്ളാതെ റിലീവിങ് ലെറ്റർ നൽകി കോഴിക്കോട് പുനഃനിയമനം നൽകിയ വകുപ്പ് മേധാവികളും സംശയത്തിലാണ്.