പത്തനംതിട്ട: പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും രക്തസാക്ഷികളാകാനും തയ്യാറെടുക്കുന്നവർ ദയവായി ഇത് വായിക്കരുത്. ആവേശത്തോടെ മുഷ്ടി ചുരുട്ടി വായുവിൽ ഇടിച്ചു രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കാനും കേൾക്കാനുമൊക്കെ ഒരു രസമുണ്ട്. പക്ഷേ, അത് പാർട്ടി സമ്മേളനത്തിന് മുൻപ് മാത്രമുള്ള ഒരു ആചാരം മാത്രം. അല്ലാത്തപ്പോൾ അനശ്വര രക്തസാക്ഷിയുടെ മണ്ഡപത്തിൽ നാട്ടുകാർ മുറുക്കി തുപ്പുന്നു. തട്ടുകടക്കാരൻ മലിനജലമൊഴുക്കുന്നു. നായകൾ മുള്ളി വയ്ക്കുന്നു.

എല്ലായിടത്തും ഇങ്ങനെ ആകണമെന്നില്ല. പക്ഷേ, കോന്നി ടൗണിലെ ജോസ് സെബാസ്റ്റ്യൻ രക്സാക്ഷി മണ്ഡപത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. രക്തസാക്ഷി മരിക്കുന്നില്ല: പക്ഷേ, മണ്ഡപം മരിച്ചു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ആരംഭിക്കാൻ ജോസ് സെബാസ്റ്റ്യന്റെ രക്തസാക്ഷി മണ്ഡപം തേടിയെത്തിയവർ അതിലേക്ക് ഒന്നു നോക്കി. സംഗതി പോരാ. ഉടൻ വന്നു ഡമ്മി മണ്ഡപം. അടുത്തൊരു സ്ഥലത്ത് അത് നാട്ടി രക്തസാക്ഷി മണ്ഡപം എന്നു പേരുമിട്ട് ദീപശിഖ പ്രയാണം തുടങ്ങി.

ഇനി ജോസ് സെബാസ്റ്റ്യനെ വേണ്ടത് അടുത്ത സമ്മേളനത്തിന് മുൻപ് മാത്രം. അനശ്വര രക്തസാക്ഷിക്ക് സിന്ദാബാദ് വിളിക്കാൻ. കോന്നി നിയോജക മണ്ഡലത്തിൽ സിപിഎമ്മിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയ ജോസ് സെബാസ്റ്റ്യന്റെ രക്തസാക്ഷിത്വം മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഏതാനും കരിങ്കല്ലുകൾ മാത്രമായി മാറി ജോസിന്റെ രക്തസാക്ഷി മണ്ഡപം. പാർട്ടി സമ്മേളനങ്ങൾക്ക് ആവേശം പകരുക മാത്രമായി ഇന്ന് രക്തസാക്ഷി മണ്ഡപങ്ങളുടെ ദൗത്യം. പഴയ കോന്നി നിയോജക മണ്ഡലത്തിൽ ദുർബലമായിരുന്ന സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വഴി ഒരുക്കിയത് ജോസ് സെബാസ്റ്റ്യന്റെ രക്തസാക്ഷിത്വമാണ്.

1985 നവംബർ 12 നാണ് പൊലീസ് ലോക്കപ്പിൽ മൂന്നാം മുറയ്ക്ക് വിധേയനായ ജോസ് സെബാസ്റ്റ്യനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കെ. കരുണാകരൻ മുഖ്യന്ത്രി ആയിരിക്കേ നടന്ന സംഭവം വൻ വിവാദങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. സിപിഎം ഈ സംഭവം രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു. മദ്യ വ്യവസായി തൊഴിലാളി യൂണിയൻ (സിഐടിയു) വിഷയം ഏറ്റെടുത്തെങ്കിലും ഒരോ വർഷവും പിന്നിടുമ്പോഴും രക്തസാക്ഷി ദിനാചരണം പേരിന് മാത്രമാവുകയാണ്. പോസ്റ്റർ, സ്റ്റേജ്, മൈക്ക് എന്നിങ്ങനെയുള്ള ചെലവുകൾ വഹിക്കാൻ യൂണിയൻ നേതൃത്വം തയാറാകാതിരുന്നതിനെ തുടർന്നാണ് രക്തസാക്ഷിത്വ ദിനാചരണം പേരിന് മാത്രമാക്കിയത്.

കോന്നി കണ്ടതിൽ എറ്റവും വലിയ ജനസാഗരമാണ് ജോസിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ എത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് ഇകെ നായനാർ ഉദ്ഘാടകനായ യോഗം കോന്നിയെ പ്രകമ്പനം കൊള്ളിച്ചു. കോന്നി- പുനലൂർ റോഡിൽ ചന്ത മൈതാനിയോട് ചേർന്ന സ്ഥലത്ത് ജോസ് സെബാസ്റ്റ്യനു വേണ്ടി രക്തസാക്ഷി മണ്ഡപം നിർമ്മിച്ചിരുന്നു. ഒരോ വർഷവും ഇവിടെ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വാർഷികം ആചരിച്ചിരുന്നത്. പിന്നീട് എൽഡിഎഫ് പല കുറി ഗ്രാമപഞ്ചായത്തിന്റെ അധികാരത്തിലെത്തിയെങ്കിലും രക്തസാക്ഷി മണ്ഡപം സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. മണ്ഡപം ഒടുവിൽ തട്ടുകടക്കാരന്റെ മലിനജലം ഒഴിക്കുന്ന സ്തൂപമായി മാറുകയായിരുന്നു. ചുരുക്കത്തിൽ രക്തസാക്ഷി മണ്ഡപം ചില കരിങ്കല്ലുകളിൽ ഒതുങ്ങി മുറുക്കി തുപ്പാവുന്ന ഇടമായി മാറിയിരിക്കുന്നു.

1986 ൽ സിപിഎം ടൗൺ എ, ബി ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് ജോസ് സെബാസ്റ്റ്യൻ രക്തസാക്ഷി മണ്ഡപം നിർമ്മിച്ചത്. എന്നാൽ അനശ്വര രക്തസാക്ഷിക്കു വേണ്ടി എവിടെയും സ്ഥിരം സ്മാരകം പണിയാൻ മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കഴിഞ്ഞില്ല. സിപിഎം സംസ്ഥാന സമ്മേനത്തോടനുബന്ധിച്ച് ജോസ് സബാസ്റ്റിയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. യഥാർത്ഥ രക്തസാക്ഷി മണ്ഡപം ഏതാനും ശിലയിലൊതുങ്ങി മുറുക്കി തുപ്പാനുള്ള സ്ഥലമായി കിടക്കുന്നത് കാരണം റെഡിമെയ്ഡ് രക്തസാക്ഷി മണ്ഡപം വച്ച് ചടങ്ങ് നടത്തുകയായിരുന്നു.

ജോസ് സെബാസ്റ്റ്യൻ അനശ്വര രക്തസാക്ഷിയെന്ന് മുദ്രാവാക്യം വിളിക്കുന്ന സിപിഎം അണികൾക്ക് കേരളം ഭരിക്കുന്ന പാർട്ടിയുടെ രക്തസാക്ഷിക്കു വേണ്ടി മണ്ഡപം പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്ന് സിഐടിയു തൊഴിലാളികൾ തന്നെ പറയുന്നു. ജോസ് സെബാസ്റ്റ്യൻ രക്തസാക്ഷിത്വ ദിനാചരണം ഒരോ വർഷം കഴിയും തോറും ബ്രാഞ്ച് തലങ്ങളിൽ ഒതുങ്ങുകയാണ്.