കൊച്ചി: അങ്കമാലിയിൽ മത്സരിക്കാനില്ലെന്ന് മുൻ മന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ ജോസ് തെറ്റയിൽ. 'രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടിയാണ് രണ്ടു ദിവസം മാറി നിന്നതെന്നും അദ്ദേഹം അറിയിച്ചത്.

അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പൂർണ പിന്തുണ നൽകും. രാഷ്ട്രീയ രംഗത്ത് സജീവമായി തുടരും. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ ദേശീയ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും അവർ വിശദീകരണം നൽകിയില്ല. അക്കാര്യം പാർട്ടിയിൽ നിയമപരമായി ചോദ്യം ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും 10 വർഷത്തെ പ്രവർത്തനം കൊണ്ട് താൻ സൃഷ്ടിച്ചിട്ടുണ്ട്.-തെറ്റയിൽ പറഞ്ഞു.

സ്ത്രീ പീഡന വിവാദത്തിൽപ്പെട്ടതു കൊണ്ടാണ് തെറ്റയിലിന് ജനതാദൾ സീറ്റ് നിഷേധിച്ചത്. സിറ്റിങ് എംഎ‍ൽഎ ആയ ജോസ് തെറ്റയിലിനെ സ്ഥാനാർത്ഥി ജനതാദൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായിരുന്നു. തെറ്റയിലിന് പകരം അങ്കമാലിയിൽ മുൻ മുനിസിപ്പൽ ചെയർമാൻ ബെന്നി മുഞ്ഞേലിയെയാണ് ജനതാദൾ നിയോഗിച്ചത്. സ്ഥാനാർത്ഥി പട്ടികയിൽ തെറ്റയലിന്റെ പേരും സജീവപരിഗണനയിൽ ഉണ്ടായിരുന്നു. അവസാന നിമിഷം വെട്ടുകയായിരുന്നു.