അങ്കമാലി: ലൈംഗിക വിവാദത്തിൽ പെട്ട് പ്രതിച്ഛായ നഷ്ടമായ ജനതാദൾ എസ് നേതാവ് ജോസ് തെറ്റയിൽ അങ്കമാലിയിൽ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമോ എന്ന് ഇന്നറിയാൻ സാധിച്ചേക്കും. തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിലും മുന്നണിയിലും തർക്കം മുറുകുന്നതിനിടെ സ്വയം കുപ്പായം തുന്നി തെറ്റയിൽ രംഗത്തെത്തി.

അങ്കമാലിയിൽ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിൽ എതിർപ്പില്ലെന്നും മറ്റ് പേരുകൾ പരിഗണനയിലുണ്ടെന്ന് പറയുന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും പറഞ്ഞതാണ് തെറ്റയിൽ താൻ മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നത്. തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ഒരു തരത്തിലും സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ല. തന്നെ സ്ഥാനാർത്ഥിയാക്കുന്നതിൽ സിപിഎമ്മിനാണ് കൂടുതൽ താൽപര്യമെന്നും ജോസ് തെറ്റയിൽ പറഞ്ഞു.

അതിനിടെ ജോസ് തെറ്റയിലിനെതിരെ വ്യാപകമായി നോട്ടീസ് പ്രചരണവും മണ്ഡലത്തിൽ നടക്കുന്നുണ്ട്. സേവ് എൽഡിഎഫ് എന്ന പേരിൽ അടിച്ചിട്ടുള്ള നോട്ടീസിൽ ലൈംഗിക ആരോപണം ദൃശ്യ മാദ്ധ്യമങ്ങളിലൂടെ വന്നയാളെ സ്ഥാനാർത്ഥിയാക്കുന്നത് അങ്കമാലിക്ക് അപമാനമാണ്. ഉഭയകക്ഷി സമ്മതപ്രകാരമാണ് എല്ലാം നടന്നതെന്ന് സത്യവാങ്ങ്മൂലം കോടതിയിൽ ഹാജരാക്കി കേസിൽ നിന്നും ഒഴിവായ വ്യക്തി അങ്കമാലിയിൽ മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും നോട്ടീസിൽ പറയുന്നു.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജനതാദൾ സംസ്ഥാന നേതൃത്വം ജോസ് തെറ്റയിൽ എംഎ‍ൽഎയെ കൈയൊഴിയുമെന്ന സൂചനയാണ് നൽകുന്നത്. അങ്കമാലിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതോടെയാണ് സംശയങ്ങൾ ബലപ്പെട്ടത്.

ജനതാദൾ സംസ്ഥാന കമ്മിറ്റി അങ്കമാലിയിലെ സ്ഥാനാർത്ഥി നിർണയത്തിന് മണ്ഡലം, ജില്ലാ കമ്മിറ്റികളിലെ അഭിപ്രായം തേടാൻ തീരുമാനിച്ചു. ജോസ് തെറ്റയിലിന് സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. ഇന്ന് ചേരുന്ന പാർട്ടി യോഗത്തിൽ തെറ്റയിലിന്റെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷം പേരും നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി മൂഞ്ഞേലിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ജില്ലാ കമ്മിറ്റിയിൽ നിന്ന് തെറ്റയിലിന് അനുകൂലമായ നിലപാട് ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ജില്ലാ കമ്മിറ്റി കോതമംഗലം സ്വദേശി മാത്യു ജോണിന്റെ പേരു കൂടി നിർദ്ദേശിക്കാൻ സാധ്യതയുണ്ട്. ഇതോടെ ബെന്നി മൂഞ്ഞേലി ,മാത്യു ജോൺ, ജോസ് തെറ്റയിൽ എന്നീ പേരുകൾ നിരീക്ഷകർ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കാനാണ് സാധ്യത. അങ്കമാലിക്ക് പുറത്തു നിന്നും വരുന്ന സ്ഥാനാർത്ഥിയെ സിപിഐ(എം) അംഗീകരാക്കാൻ സാധ്യതയില്ല. അതിനാൽ മുൻ മുൻസിപ്പൽ ചെയർമാൻ കൂടിയായ ബെന്നി മൂഞ്ഞേലിക്ക് നറുക്ക് വീഴാനാണ് സാധ്യത.