- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേട്ടമെല്ലാം അവർക്കും കോട്ടമെല്ലാം എനിക്കും; താൻ ഇരയായ പീഡനക്കേസ് കരുവാക്കി ബെന്നി ബഹന്നാനും ഭാര്യ ഷേർലിയും കോടികൾ സമ്പാദിച്ച വിവരങ്ങൾ തുറന്നുപറഞ്ഞു; ചില കാര്യങ്ങൾ കോടതിയിൽ രഹസ്യമൊഴിയായി നൽകും; മുൻ എംഎൽഎമാർ അടക്കം നിരവധി പേരുടെ ഇടപെടൽ; ജോസ് തെറ്റയിലിനെതിരെ പീഡനപരാതി ഉന്നയിച്ച യുവതി പൊലീസിന് മൊഴി നൽകി
കൊച്ചി: മുന്മന്ത്രി ജോസ് തെറ്റയിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിത്തീർക്കാമെന്ന് വിശ്വസിപ്പിച്ച്, ഇടനിലക്കാർ തന്നെ വഞ്ചിച്ചെന്ന ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുത്തു. പീഡനസംഭവം കരുവാക്കി കോൺഗ്രസ്സ് നേതാവ് ബെന്നി ബഹനാനും ഭാര്യ ഷേർലി ബഹനാനും കോടികൾ സമ്പാദിച്ചെന്നും ഇതുവരെ തനിക്ക് നീതി ലഭിച്ചില്ലെന്നുമാണ് പരാതി. പ്രധാനമന്ത്രിക്ക് പരാതി നൽകിയതോടെയാണ് നടപടിയെന്നും പരാതിക്കാരി പറയുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് പെരുമ്പാവൂർ ഡി വൈ എസ് പി മുമ്പാകെയാണ് മൊഴി നൽകി. സംഭവത്തെക്കുറിച്ച് ഒട്ടുമുക്കാൽ വിവരങ്ങളും തുറന്നുപറഞ്ഞു. ചിലകാര്യങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കോടതിയിൽ രഹസ്യമൊഴിയായി പറയാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് യുവതി പറയുന്നത്. മുൻ എം എൽ എമാരടക്കം നിരവധിപേർ സംഭവത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇതിന് പിന്നിൽ വൻസാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. തെളിവുകളും കൈയിലുണ്ട്. ഇതും കോടതിക്കു മുമ്പാകെ സമർപ്പിക്കും.
തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കേരള പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി യുവതി മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചും പരാതിനൽകാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പരാതിയുടെ പകർപ്പും യുവതി പുറത്തുവിട്ടിരുന്നു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെക്കണ്ട് നിയമോപദേശം തേടിയ ശേഷമാണ് ഇവർ മൊഴിനൽകാനെത്തിയത്. പ്രധാന മന്ത്രിക്കുപുറമെ കേന്ദ്ര വനിത കമ്മീഷൻ അധ്യക്ഷ ,കേന്ദ്രമന്ത്രി സ്മൃതി ഇറാനി,മേനക ഗാന്ധി ,സോണിയ ഗാന്ധി,രാഹുൽഗാന്ധി ,വൃന്ദ കാരാട്ട്,മുകൾ വാസിനിക്ക്,ഗുലാം നബി ആസാദ്, മുഖ്യമന്ത്രി പിണറായി വിജയൻ,എറണാകുളം ജില്ലാകളക്ടർ എന്നിവർക്കും യുവതി പരാതിയുടെ പകർപ്പ് അയച്ചിരുന്നു.
ഇതോടെ ജോസ് തെറ്റയിൽ കേസ് വീണ്ടും സജീവമാകുകയാണ്. ജോസ് തെറ്റയലിന്റെ മകൻ ആദർശിനെ ചെറുപ്പം മുതൽ അറിയാമായിരുന്നെന്നും തന്നെ വിവാഹം കഴിക്കാമെന്ന് ആദർശ് വാഗ്ദാനം നൽകിയിരുന്നെന്നും പിന്നീട് ഇയാൾ തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞെന്നും ഇതെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ തന്റെ ഫ്ളാറ്റിലെത്തിയ ജോസ് തെറ്റയിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ പ്രധാന ആരോപണം. ഇക്കാര്യത്തിലാകും അന്വേഷണം.
ജോസ് തെറ്റയിലിൽ നിന്നുണ്ടായ ദുരനുഭവം കുടംബസുഹൃത്തായിരുന്ന ബെന്നി ബെഹനാനോടും ഭാര്യയോടുമാണ് ആദ്യം പറഞ്ഞത്. അപ്പോൾ തെളിവ് വേണമെന്നായിരുന്നു ഇവരുടെ പ്രതികരണം.ഇതിന്റെ അടിസ്ഥാനത്തിൽ ബെഡ്റൂമിൽ ക്യാമറ സ്ഥാപിക്കുകയും ജോസ് തെറ്റയിൽ പിന്നീടൊരിക്കൽ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇത് പിന്നീട് സമ്മർദ്ദങ്ങൾ ചെലത്തി ബെന്നി ബഹനാനും ഭാര്യ ഷേർലി ബഹനാനും അഡ്വ.പിപി പത്മലായനും ചേർന്ന് കൈക്കാലാക്കി.
ഇത് രഹസ്യമായി സൂക്ഷിക്കുമെന്നും ജോസ് തെറ്റയിലിന്റെ മകനുമായി ഈ വിഷയം സംസാരിക്കാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അറിയിച്ചു. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഓഫീസ് സ്റ്റാഫുകളും സരിത എസ് നായരും ഉൾപ്പെട്ട സോളാർ വിവാദം കത്തിനിന്നപ്പോൾ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഈ ഘട്ടത്തിൽ പ്രതിപക്ഷം ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
സോളാർ വിവാദം വഴിമാറ്റുന്നതിനും ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ ഭാവി സുരക്ഷതമാക്കുന്നതിനും വേണ്ടിയായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഇതിന് പ്രത്യുപകാരമായി ബെന്നിബഹനാന് ഉമ്മൻ ചാണ്ടിയിൽ നിന്നും വൻതുക ലഭിച്ചു. പുറമെ ലോക്സഭ സീറ്റും കിട്ടി. വിജയിച്ച് എം പിയായി. എന്റെ പേരിൽ കോടികളുടെ സമ്പാദ്യവും കൈയ്ക്കലാക്കി. എനിക്ക് നീതി കിട്ടിയില്ലെന്നുമാത്രമല്ല എല്ലാത്തരത്തിലും തകർന്നിരിക്കുകയുമാണ്-പരാതിയിൽ യുവതി പറയുന്നു.
മറുനാടന് മലയാളി ലേഖകന്.