പത്തനംതിട്ട: ജോസ് കെ. മാണി രക്ഷയ്ക്ക് എത്തിയതോടെ തിരുവല്ല മണ്ഡലത്തിൽ ജോസഫ് എം. പുതുശേരി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന കോൺഗ്രസിന്റെ ശക്തമായ എതിർപ്പു തള്ളി ജോസഫ് എം. പുതുശേരിയെ സ്ഥാനാർത്ഥിയാക്കാൻ കെ.എം. മാണി തീരുമാനിച്ചു.

അതേസമയം, കടിച്ചതും പിടിച്ചതുമില്ലാതെ വിക്ടർ ടി. തോമസ്, പാർട്ടിയിലെ തന്റെ കടുത്ത എതിരാളിയായ എലിസബത്ത് മാമൻ മത്തായിയെ മുൻനിർത്തി അന്തിമപോരാട്ടത്തിനൊരുങ്ങുകയാണ്. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും വേണ്ടില്ല പുതുശേരിക്ക് കിട്ടരുത് എന്നതാണ് ലക്ഷ്യം. തിരുവല്ല എംഎ‍ൽഎയായിരുന്ന മാമൻ മത്തായിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എലിസബത്തിനെ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വെട്ടിക്കളഞ്ഞാണ് വിക്ടർ ടി. തോമസ് സ്ഥാനാർത്ഥിയായത്.

അന്ന് എലിസബത്തിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഇതേ പാർട്ടിക്കാരനായ സാം ഈപ്പൻ വിമതനായി മത്സരിച്ചപ്പോൾ വിക്ടർ തോറ്റു. പിന്നെ കഴിഞ്ഞ തവണയും വിക്ടർ തന്നെ അങ്കത്തിനിറങ്ങി. കല്ലൂപ്പാറ മണ്ഡലം ഇല്ലാതായപ്പോൾ സീറ്റ് നഷ്ടമായ പുതുശേരി തിരുവല്ലയ്ക്ക് വേണ്ടി ആഞ്ഞു പിടിച്ചെങ്കിലും മാണിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ വിക്ടർ സീറ്റ് ഉറപ്പിക്കുകയായിരുന്നു. ഇതോടെ അണ്ടർഗ്രൗണ്ട് വർക്ക് നടത്തിയ പുതുശേരിയും ഓർത്തഡോക്‌സ് സമുദായവും ചേർന്ന് വീണ്ടും വിക്ടറിനെ തോൽപിച്ചു. ഇത്തവണയും വിക്ടർ തോൽക്കുന്നത് കാണാൻ കരുത്തില്ലാതെയാണ് മാണി പുതുശേരിക്ക് സീറ്റ് നൽകുന്നത്. ഇതിന് പാര പണിയാൻ വേണ്ടിയാണ് ബദ്ധശത്രുവായ എലിസബത്തിന് വേണ്ടി വിക്ടർ രംഗത്തിറങ്ങുന്നത്.

ജില്ലയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ പി.ജെ. കുര്യന്റെയും കോൺഗ്രസ് നിയോജകമണ്ഡലം, ബ്ലോക്ക് കമ്മറ്റികളുടെയും എതിർപ്പ് മറികടന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ പുതുശേരിയെ മത്സരിപ്പിക്കാൻ മാണിഗ്രൂപ്പ്് തീരുമാനിച്ചിരിക്കുന്നത്.
തിരുവല്ല സീറ്റിനായി പുതുശേരി, പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എലിസബത്ത് മാമൻ മത്തായി, ചെറിയാൻ പോളച്ചിറയ്ക്കൽ എന്നിവർ രംഗത്തുണ്ടായിരുന്നു. പുതുശേരിയും വിക്ടറും തമ്മിലായിരുന്നു സീറ്റിനായി അന്തിമ മത്സരം നടന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും സീറ്റ് കിട്ടിയ വിക്ടർ ടി. തോമസ് ഇവിടെ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതുശേരിയുടെ പേര് ഇവിടേക്ക് ഉയർന്നു വന്നത്.

പാർട്ടിക്കുള്ളിൽഏനിന്നു തന്നെ എതിർപ്പുയരുകയും പുതുശേരിക്കെതിരേ പോസ്റ്റർ പ്രചാരണം നടക്കുകയും ചെയ്തു. ഇതിനിടെ മണ്ഡലം കോൺഗ്രസിന് വിട്ടു കിട്ടണമെന്ന ആവശ്യവുമായി നിയോജകമണ്ഡലം കമ്മറ്റി യോഗം ചേർന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ച പുതുശേരിക്ക് സീറ്റ് നൽകരുതെന്ന് പി.ജെ. കുര്യൻ പരസ്യ പ്രസ്താവനയും നടത്തി. ഇന്നലെ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരും ഇതേ ആവശ്യം ഉന്നയിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ഇതൊക്കെ തള്ളിക്കളഞ്ഞു കൊണ്ടാണ് പുതുശേരിക്ക് സീറ്റ് നൽകാൻ മാണി തീരുമാനിച്ചത്. ഓർത്തഡോക്‌സ് സഭയുടെ സമ്മർദവും നിർണായകമായി.