കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ ജോസഫ് പുലിക്കുന്നിൽ അന്തരിച്ചു. 85 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചേയായിരുന്നു അന്ത്യം. മൃതദേഹം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. ഇന്ന് അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ രണ്ടും ദാനം ചെയ്യും. കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത വ്യക്തിയാണ് ജോസഫ് പുലിക്കുന്നിൽ. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമാണ്.

1932 ഏപ്രിൽ 14നായിരുന്നു അദ്ദേഹ ത്തിന്റെ ജനനം. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി അംഗമായിരുന്ന പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.

ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരൻ, പത്രാധിപർ, അദ്ധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം.

വേറിട്ട ചിന്തകളിലൂടെ ജനങ്ങളെ സ്വാധീനിച്ച അദ്ദേഹം സഭയുടെ നിയമക്കുരുക്കുകളിൽ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാർമികനായിരുന്നു. 2008ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ അവർക്ക് ഇടമറ്റത്തെ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കാനും പുലിക്കുന്നേൽ മടിച്ചില്ല. ആ മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ കുറിക്കുകയും ചെയ്തു. തന്റെ ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുൻനിർത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവർത്തനരീതികളെയും രൂക്ഷമായി വിമർശിച്ചിരുന്ന ജോസഫ് മലയാളത്തിൽ ഒരു എക്യുമെനിക്കൽ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ചു. സ്നേഹസാന്ത്വനത്തിനായി അദ്ദേഹം ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നൽകി. പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെ പേർക്കു സാന്ത്വനമാകുന്നു.

ക്രിസ്ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈവഴികൾ തുറക്കുന്നു. എഴുപത്തഞ്ചാം വയസിൽ 'ഓശാന'യുടെ ചുമതലയൊഴിഞ്ഞ അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്ഥാപനങ്ങൾക്കുമായി എഴുതിവയ്ക്കുകയും ചെയ്തു.

പ്രൈവറ്റ് കോളേജ് അദ്ധ്യാപകന്റെ സ്മരണകൾ (ആത്മകഥ), കൈരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകൾ, ഉദയംപേരൂർ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.

കാവാലം മുണ്ടകപ്പള്ളിയിൽ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കൾ: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ. മരുമക്കൾ: ജോർജ് വാഴേപ്പറമ്പിൽ (ചങ്ങനാശേരി), മഠത്തിൽപറമ്പിൽ അശോക് എം. ചെറിയാൻ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേൽ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം).