കൊച്ചി: സീറോ മലബാർ സഭയിൽ നടക്കുന്ന ഭൂമിയിടപാട് തർക്കം ഇല്ലാതാവാൻ ചർച്ച് ആക്ട് നിലവിൽ വരണം എന്നാവശ്യപ്പെട്ടാണ് ഈരാറ്റുപേട്ട മൈലേട്ട് ജോസഫ് വർഗ്ഗീസ് (57) സമരം ചെയ്യുന്നത്. ഇന്ത്യയിൽ ഇന്ന് കത്തോലിക്കാ സഭയൊഴിച്ച് എല്ലാ മതങ്ങളുടെയും സമ്പത്തു ഭരിക്കുന്നതിന് കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. കത്തോലിക്കാ മതസമ്പത്ത് മാത്രം വത്തിക്കാനിൽ പാസ്സാക്കിയ കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്വത്ത് ധൂർത്തടിക്കാനുള്ളതോ കച്ചവടം ചെയ്യാനുള്ളതോ അല്ലെന്നും കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനുള്ളതാണെന്നുമാണ് ജോസഫിന്റെ വാദം.

കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത് സംബന്ധിച്ച് ലഘുലേഖകൾ വിതരണം ചെയ്യുകയും പ്ലെക്കാർഡുകൾ ഉയർത്തി പ്രതിഷേധം നടത്തി വരികയുമായിരുന്നു. ഇന്ന് ജോസഫിന് 57 വയസ്സ് പൂർത്തിയായി. ജന്മദിനത്തോടനുബന്ധിച്ച് മധുരവുമായി ഇടപ്പള്ളി പള്ളിയുടെ മുന്നിലെത്തി. ഭൂമി കുംഭകോണങ്ങളുടെ വെളിച്ചത്തിൽ ചർച്ച് ആക്ട് നടപ്പിലാക്കുക എന്ന് പ്രിന്റ് ചെയ്ത ബനിയൻ ധരിച്ചാണ് ജോസഫ് എത്തിയത്. പള്ളി പിരിഞ്ഞപ്പോൾ വിശ്വാസികൾക്ക് മധുരം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

വിശ്വാസികളെല്ലാം സന്തോഷത്തോടെ മധുരം സ്വീകരിക്കുകയും ലലുലേഖകൾ വായിക്കുകയും ചെയ്തു. എന്നാൽ പള്ളിക്കമ്മറ്റിക്കാർക്ക് ഇത് പിടിച്ചില്ല. പള്ളിക്കമ്മറ്റിയിലുള്ള കുറച്ചു പേർ സംഘം ചേർന്ന് വരിയകയും ജോസഫിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസഫ് വർഗീസിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൈസ്തവ സഭകളിൽ ജനാധിപത്യം വേണമെന്നും വിശ്വാസികൾ ഉൾപ്പെടുന്ന സമിതി ആകണം സഭയുടെ സ്വത്തുക്കളുടെ കൈകാര്യകർത്താക്കളെന്നും ആവശ്യം ഉയർത്തുന്ന സംഘടനയാണ് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ. ഇന്നു രാവിലെ ഈ ആവശ്യം അടങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് ജോസഫിനെതിരെ ആക്രമണം ഉണ്ടായത്.

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതോടെ ക്രിസ്തീയ സഭകളിലെ സ്വത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് വാദിക്കുന്ന സംഘടനയാണ് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ. ഈ വാദം ഉന്നയിച്ച് വിശ്വാസികൾക്കിടയിൽ പ്രചരണവും സജീവമാക്കിയിട്ടുണ്ട്. കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് എതിരെയുൾപ്പെടെ ആരോപണം ഉയർന്ന സഭയുടെ ഭൂമി ഇടപാട് വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ ഇവരും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ക്രൈസ്തവ സഭകളിൽ ജനാധിപത്യം വേണമെന്ന ആവശ്യവുമായി ജോസഫ് വർഗീസ് അടുത്തകാലത്ത് സംസ്ഥാനത്തുടനീളം പ്രചരണം നടത്തിവരികയാണ്.

ഇന്ന് അദ്ദേഹം ഇടപ്പള്ളി പള്ളിയിൽ ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വിശ്വാസികൾ രാവിലെ കുർബാന കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ ഇവർ ലഘുലേഖ വിതരണം ചെയ്തിരുന്നു. എന്താണ് ചർച്ച് ആക്റ്റ് എന്നും ഇത് നടപ്പാക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും വിശദമാക്കുന്ന ലഘുലേഖകൾ ആണ് വിതരണം ചെയ്തത്. ഇത് വിതരണം ചെയ്യുന്നത് ചിലർ തടഞ്ഞു. തുടർന്ന് പ്രകോപിതരായ ഏഴോളം പേർ ചേർന്ന് പള്ളിയിൽ വച്ച് ജോസഫ് വർഗീസിനെ ആക്രമിക്കുകയായിരുന്നു. മുഖത്തിനും കൈക്കും പരിക്കേറ്റതോടെയാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജോസഫ് വർഗീസ് പ്രതികരിച്ചു.

പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയതായി ജോസഫിന്റെ മകൾ അഡ്വ: ഇന്ദുലേഖ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം തന്റെ പ്രതിഷേധം കൊള്ളേണ്ടിടത്തുകൊണ്ടതിന്റെ പ്രതിഫലമാണ് മദ്ധനമെന്ന് ജോസഫ് വർഗ്ഗീസ് പറയുന്നു.