- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രപ്രവർത്തകർ വഴിയിലിരുന്നു കമന്റ് അടിച്ചു സന്തോഷവും ശമ്പളവും സ്വന്തമാക്കുന്നവർ; വരുംകാലം പെൺകുട്ടികൾ വാഴും; ജീവിക്കാൻ പത്രപ്രവർത്തനം അവസാനിപ്പിച്ച ജോ സ്‌കറിയ മറുനാടനോട്
'ഞാൻ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അധികാരസ്ഥാനത്തിരിക്കുന്നയാളാണ്‌ന'- തൊണ്ണൂറുകളിൽ രാജ്യത്തെ മാദ്ധ്യമലോകവും അധികാരകേന്ദ്രങ്ങളും ഏറെ ചർച്ച ചെയ്ത ഈ വാചകം പറഞ്ഞതു ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപരായിരുന്ന ദിലീപ് പട്ഗവോസ്‌കറായിരുന്നു. അപ്പോൾ ഒന്നാമനാരാണ്? രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ? അങ്ങനെയെങ്കിൽ ഒന്നാമനല്ലാത്ത
'ഞാൻ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അധികാരസ്ഥാനത്തിരിക്കുന്നയാളാണ്‌ന'- തൊണ്ണൂറുകളിൽ രാജ്യത്തെ മാദ്ധ്യമലോകവും അധികാരകേന്ദ്രങ്ങളും ഏറെ ചർച്ച ചെയ്ത ഈ വാചകം പറഞ്ഞതു ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപരായിരുന്ന ദിലീപ് പട്ഗവോസ്‌കറായിരുന്നു. അപ്പോൾ ഒന്നാമനാരാണ്? രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ? അങ്ങനെയെങ്കിൽ ഒന്നാമനല്ലാത്ത രണ്ടാമത്തെയാൾ മൂന്നാമനാകില്ലേ?
വഴിയാധാരമാകാതെ സ്‌കറിയ ഓഫീസ് വിട്ട് വീട്ടിലേക്ക്; മുപ്പതാണ്ടിന്റെ തുറന്ന പുസ്തകമായി ജോ എ സ്‌കറിയയുടെ മാദ്ധ്യമജീവിതം; ഇനി റബർ 'എസ്റ്റേറ്റി'ൽ കാണാം. ഇത്രയും അധികാരവും പദവിയും ഉള്ള ജോലിയാണ് പത്രപ്രവർത്തകന്റേത് എന്നാണ് പൊതുവായ വിലയിരുത്തൽ. എന്നിട്ടും പ്രമുഖ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും മാനേജ്‌മെന്റ് വിദഗ്ധനും പ്രഭാഷകനുമായ ജോ എ സ്‌കറിയ 50 വയസായപ്പോൾ ജോലിയിൽനിന്നു സ്വയം വിടുതൽ നേടി. രാജിക്കത്ത് ആത്മകഥാ രൂപത്തിൽ ഫോർത്ത് എസ്റ്റേറ്റ് ടു റബ്ബർ എസ്റ്റേറ്റ് എന്ന പേരിൽ പുറത്തിറക്കി.
ഒരു പത്രപ്രവർത്തകന് രാജിവയ്ക്കാനാകുമോ? അങ്ങനെയെങ്കിൽ പത്രപ്രവർത്തകരും വക്കീലന്മാരും ഡോക്ടർമാരും ചിത്രകാരന്മാരും രാജിവച്ചാൽ പിന്നീടെന്തായി മാറും? എന്താണ് പത്രപ്രവർത്തനം?... ഈ ചോദ്യങ്ങൾക്കു പത്രപ്രവർത്തനത്തിന്റെ ഡെഡ്‌ലൈനുകളില്ലാത്ത ലോകത്തുനിന്നു മറുപടി പറയുകയാണു ജോ. വെറുതേ വഴിയരികിൽ ഇരിക്കുക. കടന്ന് പോകുന്നവരെ നിരീക്ഷിക്കുക, കമന്റടിക്കുക ഇതാണ് പത്രപ്രവർത്തകന്റെ ജോലി. ജോലിയുടെ സുഖത്തിനും സന്തോഷത്തിനും പുറമേ ശമ്പളവും ലഭിക്കും. ഇത്രയും ആസ്വാദ്യകരവും രസകരവുമായ ഒരു ജോലി വേറെയില്ല. മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ 28 വർഷത്തെ പത്രപ്രവർത്തന ജീവിതത്തേയും മാദ്ധ്യമപ്രവർത്തനത്തേയും ജോ എ സ്‌കറിയ വിലയിരുത്തി.
മാദ്ധ്യമങ്ങൾ ഇന്ന് പ്രത്യേക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അച്ചടി മാദ്ധ്യമങ്ങൾ ആരും വായിക്കുന്നില്ല. എന്തൊക്കെയോ വാർത്തകൾ അച്ചടിച്ച് വരുന്നുണ്ടെന്നല്ലാതെ ഇതിനൊന്നും വായനക്കാരേയില്ല. എന്നുവച്ചാൽ അതിനർത്ഥം എല്ലാവരും ടെലിവിഷൻ കാണുന്നുണ്ടെന്നും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലേക്ക് മാറുന്നു എന്നുമല്ല. അതിന്റെയും കാലഘട്ടം കഴിയുകയാണ്.
ജേർണലിസ്റ്റ് എന്ന ഒരു പ്രത്യേക വിഭാഗം വരും കാലഘട്ടങ്ങളിൽ നമുക്കിടയിൽ ഉണ്ടാകില്ല. എല്ലാവരും പത്രപ്രവർത്തകരായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, നടക്കുമ്പോൾ അപകടത്തിൽപ്പെട്ടവർ ചുറ്റും മരിച്ച് കിടക്കുന്നവരുടേയും അപകടത്തിന്റെയും അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട തന്റെയും ഫോട്ടോ സ്വന്തം മൊബൈലിൽ പകർത്തി പറ്റാവുന്നിടത്തൊക്കെ പ്രസിദ്ധീകരിക്കുന്ന കാലഘട്ടമാണ് ഇത്. ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ഇത് അംഗീകരിക്കാൻ ആളുകൾ തയ്യാറാകുന്നില്ല. പത്രപ്രവർത്തകർ പ്രത്യേകിച്ചും. അതുകൊണ്ടാണ് ഇത്രയേറെ വിദ്യാർത്ഥികൾ ഇപ്പോഴും ജേർണലിസം പഠിക്കാനായി വരുന്നത്.
വീടിന് തീപിടിച്ചു കഴിഞ്ഞു, അച്ഛന് ക്യാൻസർ വന്നു, അമ്മ മരിച്ചു, കിടപ്പാടമെല്ലാം പണയത്തിലുമാണ്. എന്നിട്ടും ആ യാഥാർത്ഥ്യം മനസ്സിലാക്കാതെ ഞാനിന്ന് ഏത് ബെൻസ് കാറിലാണച്ഛാ സ്‌കൂളിൽ പോകുന്നത് എന്ന് ചോദിക്കുന്ന കുട്ടിയെപ്പോലെയാവരുത് പത്രപ്രവർത്തകർ. കൃത്യമായ നിരീക്ഷണ പാടവം ഒരു പത്രപ്രവർത്തകന് വേണ്ട പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ്. ചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. എല്ലാ കാഴ്ചകളേയും വിമർശന ബുദ്ധിയോടെയും വിശകലനബുദ്ധിയോടെയും വിലയിരുത്തണം. അതിൽ നിന്നും വരാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കണം. ഇതാണ് ഒരു യഥാർത്ഥ പത്രപ്രവർത്തകന്റെ ചുമതല.
എന്നാൽ പലപ്പോഴും ഇന്നു പത്രപ്രവർത്തകരും വാർത്തകളിൽ പെട്ട് പോകുന്നതാണ് നാം കാണുന്നത്. വാർത്തകളെ പുറത്ത് നിന്നും നോക്കിക്കണ്ട് വിലയിരുത്തുന്നതിന് പകരം പത്രപ്രവർത്തകരും വാർത്തകളിലേക്ക് ഇറങ്ങുന്നു. അറിയാതെ തന്നെ അതിന്റെ ഭാഗമാകുന്നു. അല്ലെങ്കിൽ പത്രമുടമയ്ക്ക് വാർത്തകളുടെ പക്ഷത്തിലേക്ക് അനുയോജ്യമായ വാർത്തകൾ സൃഷ്ടിക്കുന്നു.
വായനക്കാരും ഇതിൽ പങ്കാളിയാണ്. ഏതെങ്കിലും വായനക്കാരന് പറയാനാകുമോ ഞാൻ വാർത്തകൾ നോക്കിയാണ് പത്രം വായിക്കുന്നതെന്ന്. വാർത്തകളുടെ ഗുണനിലവാരമോ പുതുമയോ സത്യസന്ധതയോ അല്ല ഒരു പത്രം തെരഞ്ഞെടുക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നത്. തങ്ങൾ വായിക്കാനാഗ്രഹിക്കുന്ന വാർത്തകൾ അച്ചടിച്ച് വരുന്ന പ്രസിദ്ധീകരണങ്ങളെയാണ് വായനക്കാർ തേടുന്നത്. ഉദാഹരണത്തിന് മാതൃഭൂമി വായിക്കുന്നവരല്ല ദീപിക വായിക്കുന്നത്. അതേ വായനക്കാരല്ല, മനോരമയ്ക്കുള്ളത്. അതുപോലെ തന്നെ ഓരോ പ്രസിദ്ധീകരണങ്ങളുടെയും പരസ്യദാതാക്കളും വ്യത്യസ്ഥരാണ്.
ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രസിദ്ധീകരണത്തിന് പരസ്യം നൽകുന്നതാരാണ്? ആ പരസ്യം ഏത് തരം ആളുകളെയാണ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യസംഘം വായിക്കേണ്ട വാർത്തകൾ അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന വാർത്തകൾ കൊടുക്കാൻ പത്രപ്രവർത്തകരും നിർബന്ധിതരാകുന്നു.
ഈ മൂല്യച്യുതി പത്രപ്രവർത്തകരെ മാത്രം ബാധിച്ചിരിക്കുന്ന ഒന്നല്ല. ആകാശത്തുനിന്നും അടർന്നു വീണ് ഭൂമിയിൽ പത്രപ്രവർത്തനം നടത്തുന്ന അത്ഭുതജീവികളല്ല പത്രപ്രവർത്തകർ. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ മനുഷ്യരുടെ പ്രതിനിധികളാണവർ. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാകരികളെലഭിക്കും എന്നതുപോലെ തന്നെയാണ് മാദ്ധ്യമപ്രവർത്തനവും. സമൂഹത്തിലെ എല്ലാ മേഖലയേയും ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ചെറിയ അളവിൽ പത്രപ്രവർത്തനത്തേയും ബാധിച്ചു എന്നുമാത്രം. പത്രപ്രവർത്തകർക്ക് മാത്രം പറ്റുന്ന അബദ്ധങ്ങളും അവർ ഉൾപ്പെടുന്ന കേസുകളും ഒളിച്ചു വയ്‌ക്കേണ്ടതാണ് എന്ന അഭിപ്രായം എനിക്കില്ല. എല്ലാം സുതാര്യമായിരിക്കട്ടെ. വ്യക്തിപരമായി ടുജി ഇടപാടുമായി ബന്ധപ്പെട്ട നീരാ റാഡിയ ടേപ്പ് പുറത്ത് വന്നതിൽ എനിക്ക് ആഹ്ലാദമാണ് ഉള്ളത്.
പക്ഷേ, പത്രപ്രവർത്തകരിൽ നല്ല മൂല്യബോധമുള്ള ധാർമ്മികതയുള്ള, ന്യൂസ് സെൻസുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഭാഗം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആ ന്യൂനപക്ഷമാണ് ഇവിടെ യഥാർത്ഥ മാദ്ധ്യമ പ്രവർത്തനത്തെ ഇപ്പോഴും നിലനിർത്തുന്നത്. എന്താണിത്തരം വിലയിരുത്തലുകൾക്ക് അടിസ്ഥാനം എന്ന് എന്റെ അനുഭവങ്ങൾ വച്ച് തന്നെ എനിക്ക് വിവരിക്കാനാകും.
മാദ്ധ്യമപ്രവർത്തകർക്ക് സമ്മാനക്കൂപ്പണുകളും പണവും മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെയും വ്യക്തികളുടേയും വ്യവസായ ഗ്രൂപ്പുകളുടേയും എണ്ണം കൂടിവരികയാണ്. എന്റെ 28 വർഷത്തെ മാദ്ധ്യമ പ്രവർത്തനത്തിനിടയ്ക്ക് ഞാനിത്തരം ഒരു സമ്മാനങ്ങളും ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല. ഒരു കേക്കോ ഒരു കമ്പനിയുടെ എംബ്ലമുള്ള ടീഷർട്ട് ചില സാഹചര്യങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ഞാൻ വാങ്ങിയിട്ടില്ല. അത്തരം സമ്മാനങ്ങൾ ഒന്നും സ്വീകരിക്കുകയില്ല എന്നത് എന്റെ വ്യക്തിപരമായ താരുമാനങ്ങളിൽ ഒന്നാണ്.
ഇപ്പോഴും പത്രപ്രവർത്തനം എന്റെ ഇഷ്ടമേഖലയാണ്. പത്രപ്രവർത്തകൻ തന്നെയായിരിക്കാനാണ് എനിക്കെന്നും ഇഷ്ടം. ചില ജോലികൾക്ക് വിരമിക്കൽ ഇല്ല, പെയിന്റർമാർ, ഡോക്ടർമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ തുടങ്ങിയവർ എന്നും തങ്ങളുടെ മേഖലയിൽ തന്നെയാണ്. ഔദ്യോഗിക ജോലിയുമായും ഹാജർപുസ്തകത്തിൽ ഒപ്പുവയ്ക്കലുമായും ബന്ധപ്പെട്ടതാണ് പ്രമോഷനും രാജിയും വിരമിക്കലും ഒക്കെ.
പക്ഷേ, മരണക്കിടക്കയിൽ കിടക്കുമ്പോൾ ഇന്നുവരെആരും പറഞ്ഞിട്ടില്ല-എനിക്ക് ഒരു ദിവസം കൂടി ഓഫീസിൽ ഇരിക്കണമെന്ന്. പക്ഷേ, വീട്ടുകാരോടും കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഒപ്പം ഒരു ദിവസം കൂടി ചെലവഴിക്കണമായിരുന്നു എന്ന് എല്ലാവരും ചിന്തിക്കും. എന്റെ അച്ഛന് 97 വയസ്സായി. എന്റെ രണ്ടാമത്തെ മകൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഞാൻ മുഴുവൻ സമയ ജോലിയിൽ നിന്നും മാറിനിൽക്കുന്നത്.
എന്റെ ചില ചെറിയ ചെറിയ ഇഷ്ടങ്ങൾ-പ്രകൃതി നിരീക്ഷണം, കോഴിവളർത്തൽ, വയസ്സായ അച്ഛനൊപ്പം സമയം ചെലവഴിക്കൽ, ഇന്ത്യ മുഴുവൻ കാറോടിക്കൽ തുടങ്ങിയവ ചെയ്യാനൊക്കെ എനിക്ക് കുറച്ച് സമയം വേണം. പത്രപ്രവർത്തനത്തിന് നീക്കിവച്ചിരുന്നതിൽ നിന്നും കുറച്ച് സമയം എടുത്ത് ഞാനിതിനൊക്കെ ഉപയോഗിക്കാൻ പോകുന്നു എന്നു മാത്രം. പക്ഷേ, പത്രപ്രവർത്തകരിൽ എത്രയാളുകൾക്ക് ഈ സൗഭാഗ്യം അനുഭവിക്കാൻ കഴിയും എന്നെനിക്കറിയില്ല. വളരെ ചെറിയ വേതനത്തിലാണ് പത്രപ്രവർത്തകർ ജോലി ചെയ്യുന്നത്. സത്യസന്ധമായി ജീവിച്ചാൽ എത്രകാലം ജോലി ചെയ്താലും ഒരു നീക്കിയിരിപ്പുണ്ടാകില്ല. ആ സാഹചര്യത്തിൽ രാജിവച്ച് കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ ആരും തയ്യാറാകില്ല. പക്ഷേ, ഞാൻ ഭാഗ്യവാനാണ്. എനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് എന്റെ പൂർവ്വികർ സമ്പാദിച്ചതുകൊണ്ട് എനിക്കത്തരമൊരു തീരുമാനമെടുക്കാൻ കഴിഞ്ഞു.
മാദ്ധ്യമ പ്രവർത്തന രംഗത്ത് ഞാൻ 28 വർഷം പൂർത്തിയാക്കിയിരിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ മാദ്ധ്യമരംഗം വളരെയേറെ മാറിയിരിക്കുന്നു. മാദ്ധ്യമ പ്രവർത്തനത്തെ സ്വാതന്ത്ര്യത്തിനു മുൻപെന്നും പിൻപെന്നും രണ്ടായി തിരിക്കാം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മാദ്ധ്യമ പ്രവർത്തനത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം മുഴക്കുന്നവരായിരുന്നു മാദ്ധ്യമങ്ങൾ. ഒരേയൊരു ലക്ഷ്യം രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയായിരുന്നു. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ മാദ്ധ്യമങ്ങൾക്ക് ഒരു സ്വപ്നമില്ലാതായി, ദിശാബോധമില്ലാതെയായി.
മെല്ലെ മെല്ലെ ലാഭമുണ്ടാക്കാൻ കഴിയുന്ന ഒരു വ്യവസായം എന്ന നിലയ്ക്ക് മാദ്ധ്യമപ്രവർത്തനവും മാറി. അതിന് മുമ്പ് മുതലാളിയും തൊഴിലാളിയും ഉണ്ടായിരുന്നില്ല. ഒരു മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സഹയാത്രികരായിരുന്നു എല്ലാവരും.
എന്നാൽ മാദ്ധ്യമപ്രവർത്തനം മാദ്ധ്യമസ്ഥാപനം ലാഭമുണ്ടാക്കാൻ ഉതകും എന്ന നിലയിലേക്ക് മാറിയപ്പോൾ പത്രമുടമകൾ ഉണ്ടായി. ഒരു വ്യവസായം തുടങ്ങുന്നു. അതിലേക്ക് പത്രപ്രവർത്തകർ ജീവനക്കാരായി എത്തിത്തുടങ്ങി. എങ്കിലും ഇന്നും ഇതൊന്നും ഉൾക്കൊള്ളാനാകാതെ സത്യസന്ധമായ പത്രപ്രവർത്തകനായി മാത്രം നിലകൊള്ളുന്നവരും ഉണ്ട് എന്നതും സത്യം തന്നെയാണ്. സമൂഹത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളേയും ബാധിച്ച ഗുണനിലവാരത്തകർച്ച പത്രപ്രവർത്തന മേഖലയേയും ബാധിച്ചു.
പ്രസ് ക്ലബ്ബിന്റെ ജേർണലിസം കോഴ്‌സിൽ പുതിയ പത്രപ്രവർത്തകർക്കായി ഞാൻ ക്ലാസെടുക്കാറുണ്ട്. സ്വഭാവശുദ്ധിയുള്ള അടുക്കും ചിട്ടയുമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധരായ ഒരു പുതിയ തലമുറയായിരിക്കണം പുതിയ പത്രപ്രവർത്തക നിര എന്ന് ഞാൻ ആഗ്രഹിക്കുന്നു.
വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥമെ ഒരാൾ കണ്ട് പിടിച്ച് കൊടുത്താൽ അത് വലിയ വാർത്തയാണെന്ന് തോന്നാത്തവരായിരിക്കണം പത്രപ്രവർത്തകർ. അത് ആ ചെയ്ത ആളുടെ ചുമതലയാണ്. അതയാൾ കൊടുക്കാതിരിക്കുകയാണെങ്കിൽ അതാണ് വാർത്ത എന്ന് തിരിച്ചറിയാനുള്ള വിവേകം പത്രപ്രവർത്തകന് ഉണ്ടായിരിക്കണം.
കൃത്യമായ നിരീക്ഷണ പാടവം വളർത്തിയെടുക്കാൻ യുവതലമുറ ശ്രദ്ധിക്കണം. കാരണം വാർത്തകൾ ഉണ്ടാകുന്നത് ഏത് ദൃശ്യത്തിൽ നിന്നും മറ്റൊരാളും കാണാത്ത ഒന്ന് കാണാൻ പത്രപ്രവർത്തകന് കഴിയും. അതായിരിക്കണം നാളത്തെ വാർത്ത. ടെക്‌നോളജിയുടെ കാലാനുസൃതമായ കുതിപ്പിനൊപ്പം പത്രപ്രവർത്തകർ സഞ്ചരിക്കണം, അത് ലളിതമായ ഭാഷയിൽ വായനക്കാർക്ക് പറഞ്ഞ് കൊടുക്കണം. വരാൻ പോകുന്ന കാലഘട്ടം വിവരസാങ്കേതിക വിപ്ലവത്തിന്റേതാണ്. പത്രപ്രവർത്തകൻ എല്ലാ വാർത്തകളുടേയും മുന്നേ നടക്കണം. ദീർഘ വീക്ഷണം ഉള്ള ആളായിരിക്കണം.
വരാൻ പോകുന്ന നാളുകളെക്കുറിച്ച് എനിക്കും തോന്നുന്ന ചില പ്രവചനങ്ങൾ ഉണ്ട്. അതിലൊന്ന് ദക്ഷിണാഫ്രിക്ക തകരാൻ പോകുന്നു എന്നതാണ്. രണ്ടാമത്തേത് നമ്മുടെ ആൺകുട്ടികൾ വരും കാലഘട്ടങ്ങളിൽ എല്ലാറ്റിലും പെൺകുട്ടികളേക്കാൾ പുറകിലാകും എന്നതാണ്. ഞാനത് കരുതാൻ കാരണം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വസ്ത്രധാരണത്തിൽ വന്ന മാറ്റം കണ്ടിട്ടാണ്. ആൺകുട്ടികൾ എത്ര ചെറിയ കുട്ടികളും നീളമുള്ള പാന്റും മറ്റും ധരിക്കുന്നു. എന്നാൽ പെൺകുട്ടികളുടെ വേഷം ചെറുതായി ചെറുതായി വരുന്നു. പെൺകുട്ടികൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറുന്നു എന്നാണതിനർത്ഥം. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവർ എല്ലാ മേഖലയിലും കുതിച്ച് കയറും. നാണിച്ച് നിൽക്കുന്ന ആൺകുട്ടികൾ അവർക്ക് പുറകിലായിപ്പോകും.
പുതുതലമുറയിലെ പത്രപ്രവർത്തകർക്ക് അവസരങ്ങൾ ധാരാളമാണ്. ഞാൻ പത്രപ്രവർത്തന രംഗത്ത് കടന്ന് വരുമ്പോൾ തലമുതിർന്ന തലനരച്ച ആളുകൾ പറയുന്നതും ചിന്തിക്കുന്നതും ചെയ്യുന്നതുമായിരുന്നു ശരി. ഞങ്ങളവരെ അനുസരിച്ചു. ഞങ്ങളുടെ തലനരയ്ക്കുമ്പോൾ ഞങ്ങളാകും തീരുമാനം എടുക്കുന്നത് എന്ന് ഞങ്ങൾ കരുതി.എന്നാൽ 25 വർഷം കഴിഞ്ഞപ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ഇപ്പോൾ എല്ലായിടത്തും യുവാക്കൾക്കാണ് സ്ഥാനം. എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് അവരാണ് ഇരിക്കുന്നത്. ഞങ്ങളുടെ തലനരച്ചപ്പോൾ ഞങ്ങൾ പുതുതലമുറയോട് അഭിപ്രായം ചോദിക്കേണ്ട കാലമായി. അതുപോലെ തന്നെ എനിക്ക് തോന്നുന്നു മാതാപിതാക്കളെ സംരക്ഷിക്കുന്ന തലമുറയിലെ അവസാന കണ്ണിയാണ് ഞാൻ എന്ന്. ഞാൻ പ്രായമാകുമ്പോൾ എന്റെ മക്കൾ എന്നെ സംരക്ഷിക്കാൻ ഇടയില്ല. സംസ്‌കാരം മാറുകയാണ്. നമ്മുടെ രാജ്യവും ഒരു ഇറക്കത്തിന്റെ ദിശയിലേക്ക് നീങ്ങുന്നതായി കാണുന്നു. വികസനത്തിന്റെ കാര്യത്തിൽ നാം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 15 വർഷം പുറകിലാണ്. അതിൽ കേരളം യൂറോപ്പിനൊപ്പവും ഇന്ത്യ മൂന്നാം ലോകരാജ്യങ്ങൾക്കൊപ്പവുമാണ് സഞ്ചരിക്കുന്നത്. സുപ്രീം കോടതിയിലെ 16 ജഡ്ജിമാരിൽ എട്ട് പേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും ഒരുപോലെ പറയുന്നു.
പ്രധാനമന്ത്രി വലിയ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷം പറയുന്നു. ടെലികോം മന്ത്രി രാജ അഴിമതിക്കേസിൽ ജയിലിലായി. കനിമൊഴി വിചാരണ നേരിടുന്നു. റയിൽവേ മുൻ മന്ത്രി ബൻസാൽ ജയിലിലാകുമെന്ന് പറയപ്പെടുന്നു. കേരളത്തിൽ ബാലകൃഷ്ണപിള്ളയും മുൻ ഐജി ലക്ഷ്മണയും ജയിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വന്നിട്ടേയുള്ളൂ. ഇത്രയേറെ അഴിമതി കൊടികുത്തി വാഴുന്ന ഒരു രാജ്യത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയേ വരൂ. സമൂഹത്തെ നോക്കിയിരുന്നുള്ള എന്റെ കാവൽ അവസാനിപ്പിക്കുകയാണ്. ഇത്രയും കാലം നിങ്ങളെ നോക്കിയിരുന്നതുപോലെ ആസ്വാദ്യകരമായ മറ്റൊന്നുമില്ല. എങ്കിലും തത്ക്കാലത്തേക്ക് വിട.