പത്തനംതിട്ട: മാദ്ധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു. 28 വയസായിരുന്നു. ഇന്നലെ രാത്രി റാന്നിയിലെ റാന്നിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. വയറുവേദനയെത്തുടർന്നായിരുന്നു ചുങ്കപ്പാറയിലെ ക്ലിനിക്കിൽ അനുശ്രീ ചികിത്സ തേടിയത്. കുത്തിവയ്പിനെത്തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാർത്താ പോർട്ടലായ സമയം ഡോട്ട് കോമിൽ ചീഫ് കോപ്പി എഡിറ്ററായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു മാദ്ധ്യമപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അനുശ്രീ മാദ്ധ്യമരംഗത്തെത്തിയത്. ജയ്ഹിന്ദ്, ഇന്ത്യാവിഷൻ ചാനലുകൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യാവിഷൻ ചാനലിലെ മ്യാവൂ എന്ന വിനോദ പരിപാടിയുടെ അവതാരകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിക്കും. അനുശ്രീയുടെ മരണത്തിന് ഇടയാക്കിയത് ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രാത്രിയിൽ റാന്നിയിലെ ക്ലിനിക്കിൽ നൽകിയ കുത്തിവയ്പിനെത്തുടർന്നാണ് അനുശ്രീ കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

അനുശ്രീയുടെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കൾ. കൈരളി ടിവിയിലൂടെ മാദ്ധ്യമ പ്രവർത്തനം തുടങ്ങിയ അവർ പിന്നീട് ജയ്ഹിന്ദിലും അധികം താമസിയാതെയാണ് ഇന്ത്യാവിഷനിലുമെത്തി. ഇവിടെ വാർത്താ അവതാരക എന്ന നിലയിൽ മികവു കാണിച്ചു. അന്ന് റേറ്റിംഗിൽ മുമ്പിലായുന്ന സിനിമാ പരിപാടിയായ മ്യാവുവിലെ അവതാരികയായി ഏറെ ശ്രദ്ധ നേടിയിരുന്നു അനുശ്രീ. സിനിമാ രംഗത്തെ പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള അവതരണ രീതിയായിരുന്നു അനുശ്രീയുടേത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യാവിഷൻ അടച്ചുപൂട്ടിയപ്പോൾ ചാനലിലെ മറ്റ് മാദ്ധ്യമപ്രവർത്തകരെ പോലെ മാനസിക സംഘർഷത്തിലൂടെ തന്നെയാണ് അനുശ്രീയും കടന്നു പോയത്. തുടർന്നാണ് ഓൺലൈൻ രംഗത്തേക്ക് ചുവടു വച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം വെബ്‌സൈറ്റായ സമയത്തിൽ തുടക്കത്തിൽ തന്നെ ജോലി നേടിയവരിൽ അനുശ്രീയും ഇടംപിടിച്ചിരുന്നു.

ജില്ലാ ബാങ്ക് പിആർഓ നിയമനങ്ങളിൽ ദൃശ്യമാദ്ധ്യമ പരിചയക്കാർ അപേക്ഷിക്കേണ്ടന്ന തീരുമാനത്തിനെതിരായ നിയമ പോരാട്ടം വിജയത്തിലെത്തിയതിനു പിന്നിലും അനുശ്രീ പിള്ള ഉണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ഈ പോരാട്ടത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും നൽകാൻ അവരുണ്ടായിരുന്നു.