ഇസ്‌ലാമാബാദ്:പാക്കിസ്ഥാനിൽ സർക്കാറും സൈന്യവും തമ്മിൽ അഭിപ്രായഭിന്നതയെന്ന് റിപ്പോർട്ട്ചെയ്ത പ്രമുഖ പത്രപ്രവർത്തകന് ഇനി രാജ്യം വിടാനാകില്ല.രാജ്യംവിടുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയതായ് മാദ്ധ്യമപ്രവർത്തകൻ തന്നെയാണ് വെളിപ്പെടുത്തിയത് ഡോൺ പത്രത്തിന്റെ കോളമിസ്റ്റും റിപ്പോർട്ടറുമായ സിറിൽ അൽമെയ്ഡയ്ക്കെതിരെയാണ് നടപടി.

പാക്കിസ്ഥാന്റെ 'എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ' താൻ ഉൾപ്പെട്ടതായി അൽമെയ്ഡതന്നെയാണ് ട്വീറ്റ്ചെയ്തത്. പാക്കിസ്ഥാൻ വിടുന്നതിന് വിലക്കുള്ള വ്യക്തികളുടെ പേര് സർക്കാറിന്റെ ഈ ലിസ്റ്റിലുണ്ടാവും. ''അതിയായ വേദനതോന്നുന്നു. മറ്റെവിടെയും പോകാൻ താത്പര്യമില്ല. പാക്കിസ്ഥാൻതന്നെയാണ് എന്റെ രാജ്യം, എന്റെ ജീവിതം. എന്താണ് തെറ്റായി സംഭവിച്ചത്. കുറേ നാളുകളായി വിദേശത്ത് ഒരു യാത്ര തീരുമാനിച്ചിരുന്നു. എനിക്ക് ക്ഷമിക്കാൻ പറ്റാത്തതായി കുറേ കാര്യങ്ങളുണ്ട്'' -സിറിൽ ട്വീറ്റിൽ വ്യക്തമാക്കി.

സർക്കാർ ഔദ്യോഗികമായി വിലക്കിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കെട്ടുകഥ പുറത്തുവിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതരോട് പ്രധാനമന്ത്രി നവാസ് ഷെരീഫ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അൽമെയ്ഡയുടെ ട്വീറ്റ് പാക്കിസ്ഥാനിൽ വൻ ശ്രദ്ധ പിടിച്ചുപറ്റി. മുതിർന്ന മാദ്ധ്യമപ്രവർത്തകർ പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചേർന്ന രഹസ്യയോഗത്തിലാണ് ഐ.എസ്.ഐ.യും സർക്കാറും തമ്മിൽ തർക്കംനടന്നതായി ഡോണിൽ വാർത്തവന്നത്.