തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് (59)നിര്യാതനായി. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായിിരുന്ന അദ്ദേഹം വിരമിച്ചത് അടുത്തകാലതതാണ്. ഭൗതികദേഹം അനന്തപുരി ആശുപത്രിയിൽ നിന്ന് പൂജപ്പുര പ്രശാന്ത് നഗറിലെ വസതിയിലെത്തിച്ച ശേഷം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും.

കഴിഞ്ഞ ദിവസം വീട്ടിലെ കോണിപ്പടിയിൽ നിന്നും തെന്നി വീണ് തലയ്ക്ക് ക്ഷതമേറ്റ സോമനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷാഘാതം സംഭവിച്ച അദ്ദേഹം ഇന്നലെ വെന്റിലേറ്ററിലായിരുന്നു. ഇന്നു രാവിലെയാണ് വിയോഗം. മലയാള മനോരമയിൽ ദീർഘ കാലം പ്രത്യേക ലേഖകനായി പ്രവർത്തിച്ച് കഴിഞ്ഞ വർഷം വിരമിച്ച സോമനാഥ് കേരളത്തിലെ പാർലമന്റെറി പത്രപ്രവർത്തനത്തിലെ ആധികാരിക മുഖമായി അറിയപ്പെടുന്ന വ്യക്തിയാണ്.

കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ജേർണലിസ്ററും യാത്രികനുമാണ്. സോമനാഥ് എഴുതിയ പ്രകൃതി സംബന്ധമായ സവിശേഷ വാർത്തകൾ ആ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിപുലമായ സൗഹൃദബന്ധങ്ങളുള്ള സോമനാഥിന്റെ അപ്രതീക്ഷിത വിയോഗം മലയാള മാധ്യമലോകത്തിന് തീരാ നഷ്ടമാണ്.

മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ആയിരുന്ന സോമനാഥ് 3 പതിറ്റാണ്ട് കാലം സഭാ നടപടികൾ ജനങ്ങളിലേക്കെത്തിച്ച പത്രപ്രവർത്തകനാണ്. സോമനാഥ്, റിപ്പോർട്ടിങ് ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് നിയമസഭയുടെ പ്രസ് ഗാലറിയിലാണ്. 3 പതിറ്റാണ്ടു കാലത്തെ സഭാ സമ്മേളനങ്ങളിൽ സോമനാഥ് റിപ്പോർട്ടിങ്ങിനെത്താത്തത് 5 ദിവസം മാത്രമായിരുന്നു. നിയമസഭാ പ്രവർത്തനം അപ്പാടെ ഒപ്പിയെടുക്കുന്ന റിപ്പോർട്ടുകളായിരുന്നു നടുത്തളവും വിമതനും. ജോലിയിൽനിന്ന് വിരമിച്ച സോമനാഥിന് നിയമസഭാ പ്രസ് റൂമിൽ ആദരം ഒരുക്കിയിരുന്നു.

കേരള നിയമസഭയിലെ സാമാജികരുടെ പ്രസംഗങ്ങൾ, സഭയിലെ വാക്‌പോരുകൾ, ഭരണ പ്രതിപക്ഷ വാദ പ്രതിവാദങ്ങൾ, ഏറ്റുമുട്ടലുകൾ എല്ലാം സ്ഥിരമായി മലയാളി അറിഞ്ഞ ഒരു പംങ്തിയായിരുന്നു മലയാള മനോരമയിലെ നടുത്തളം. ചോദ്യോത്തരവേള മുതൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ പ്രസ് ഗ്യാലറിയിൽ അദ്ദേഹമുണ്ടാകും. പല സാമാജികരുടെയും അടുത്ത നീക്കങ്ങൾ പോലും ഇ സോമനാഥിന് കൃത്യമായി അറിയാനാകുമായിരുന്നു. അത്രയ്ക്ക് അടുത്തുനിന്നാണ് സാമാജികരെ അദ്ദേഹം പഠിച്ചുവച്ചിരുന്നത്.

സഭയിലെ എല്ലാ നന്മതിന്മകളെയും അടുത്തുനിന്ന് കണ്ട് അതു കൃത്യമായി ആക്ഷേപ ഹാസ്യത്തിലൂടെ വായനക്കാരിലെത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു സോമനാഥ്. സഭാ റിപ്പോർട്ടിങിനായി എത്തുന്ന പുതുമുഖ മാധ്യമപ്രവർത്തകർക്കും വലുപ്പ ചെറുപ്പമില്ലാതെ ആശ്രയിക്കാവുന്ന മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. റിപ്പോർട്ടിങുമായി ബന്ധപ്പെട്ടുള്ള ഏത് സംശയവും നികത്താൻ അദ്ദേഹം സഹായിച്ചിരുന്നു.