ആംസ്റ്റർഡാം: പ്രമുഖ പത്രപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രഫുൽ ബിദ്വായ്(66) അന്തരിച്ചു. ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണണം. ആംസ്റ്റർഡാമിൽ വച്ചായിരുന്നു അന്ത്യം. ഒരു കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ടൈംസ് ഓഫ് ഇന്ത്യയിൽ ഏറെക്കാലം പത്രപ്രവർത്തകനായി പ്രവർത്തിച്ച പ്രഫുൽ ബിദ്വായ് ഫ്രണ്ട് ലൈൻ, ഹിന്ദുസ്ഥാൻ ടൈംസ്, റീഡിഫ് ഉൾപ്പടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. കൊൽക്കൊത്ത സ്വദേശിയാണ്. ദി ഗാർഡിയൻ(ലണ്ടൻ), ദി നേഷൻ(ന്യൂയോർക്ക്) തുടങ്ങി ഇന്ത്യക്ക് പുറത്തുമുള്ള ദിനപത്രങ്ങളിലും പതിവായി എഴുതാറുണ്ട്. മലയാളത്തിൽ മാദ്ധ്യമം ദിനപത്രത്തിലൂടെ കേരളീയർ അറിയപ്പെടുന്ന കോളമിസ്റ്റുമാണ്.

പരിസ്ഥിതി, രാഷ്ട്രീയം, ശാസ്ത്ര സാങ്കേതികം, ആണവനിർവ്യാപനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ശ്രദ്ധേയമായ നിരീക്ഷണങ്ങൾ അദ്ദേഹം തന്റെ പംക്തികളിലൂടെ പങ്കുവച്ചിരുന്നു. ശക്തനായ ആണവ വിരുദ്ധ പ്രചാരകൻ കൂടിയാണ്. ആണവ നിരായുധികരണ പ്രചാരണ സംഘടനയുടെ സ്ഥാപകാംഗമാണ്. 1998ലെ പൊക്രാൻ ആണവ പരീക്ഷണത്തെ തുടർന്നാണ് സംഘടന സ്ഥാപിച്ചത്.

ഇന്ത്യപാക് സമാധാന ശ്രമങ്ങളുടെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു. സമാധാന ദൗത്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് സീൻ മക്‌ബ്രിദ് പുരസ്‌കാരം ലഭിച്ചു. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ കോളമിസ്റ്റായിട്ടാണ് അദ്ദേഹം പംക്തി തുടങ്ങുന്നത്. ബിസിനസ് ഇന്ത്യ, ഫിനാൻഷ്യൽ എക്സ്‌പ്രസ്, ടൈംസ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിൽ 1981 മുതൽ 1993 വരെ പ്രവർത്തിച്ചു.