- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രുതി ജീവനൊടുക്കിയിട്ട് രണ്ട് ആഴ്ച; മരണമൊഴി പോലെ മൂന്ന് ആത്മഹത്യാ കുറിപ്പുകൾ; തെളിവുകളായി അവശേഷിക്കുമ്പോഴും യുവതിയുടെ ഭർത്താവിനെ കണ്ടെത്താനാകാതെ പൊലീസ്; അനീഷ് കോയാട് ഒളിവിലെന്ന് ബെംഗളൂരു പൊലീസ്
ബെംഗളൂരു: മലയാളി മാധ്യമപ്രവർത്തക കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി നാരായണൻ ബെംഗളൂരുവിൽ ജീവനൊടുക്കിയ സംഭവത്തിൽ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. യുവതിയുടെ ആത്മഹത്യ കുറിപ്പിലടക്കം ആരോപണ വിധേയനായ ഭർത്താവ് അനീഷ് കൊയ്യോടാൻ കോറോത്തിനെയാണ്(42) ബെംഗളൂരു വൈറ്റ് ഫീൽഡ് പൊലീസ് തിരയുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
ഇയാളുടെ പേരിൽ ഗാർഹിക പീഡനം 498(എ), ആത്മഹത്യാ പ്രേരണ 306 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രുതി നാരായണനെ വൈറ്റ് ഫീൽഡ് നരഹനഹള്ളിയിലെ ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ഭർത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമർത്തിയും വൈനിൽ ലഹരിമരുന്ന് ചേർത്ത് നൽകിയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും സഹോദരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ശ്രുതിക്ക് നീതി ലഭിക്കാനായി ജില്ലയിലെ എംഎൽഎമാർ നേതൃത്വം നൽകുന്ന കർമസമിതിയുടെ രൂപീകരണം കാസർകോട്ട് നടന്നു
ശ്രുതി മരിച്ചിട്ട് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഭർത്താവ് അനീഷ് കോയാടിനെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തിൽ മൂന്ന് ആത്മഹത്യാ കുറിപ്പുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷിക്കുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു പൊലീസ് വാദിക്കുന്നത്.
കേസിൽ അന്വേഷണം നടക്കുകയാണെന്നും അനീഷിനെ കണ്ടെത്തി ചോദ്യംചെയ്യാനാണ് ശ്രമമെന്നും ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ഗിരീഷ് അറിയിച്ചു. അന്വേഷണസംഘം കേരളത്തിലും കർണാടകത്തിലും തിരച്ചിൽ നടത്തിവരികയാണ്. അനീഷിന്റെ പീഡനത്തെത്തുടർന്നാണ് ശ്രുതി ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളെ കണ്ടെത്തി മൊഴിയെടുത്താലേ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളെയും സാമൂഹ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ച് പ്രത്യേക കർമസമിതി രൂപീകരിച്ചത്. കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കർമസമിതി രൂപീകരിച്ചത്.
മാധ്യമപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഈ കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളിയെ ശിക്ഷിക്കണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണെന്ന് ഇ. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കർമസമിതി രൂപീകരിച്ചത്. ഇനി കർമസമിതിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വഴി നേരിട്ട് കേസിന്റെ കാര്യം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അങ്ങനെ ഊർജിതമായ അന്വേഷണത്തിലൂടെ കുറ്റവാളിയെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ശ്രമം കർമസമിതി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ ശ്രുതിയെ രണ്ടാഴ്ച മുൻപാണ് ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മെയ് ഫെയർ ഫ്‌ളാറ്റിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അദ്ധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അദ്ധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി.
ശ്രുതി ആത്മഹത്യ ചെയ്യാൻ ഇടയായത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
'വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിൽ എത്തിയിരുന്നു. അന്നാണ് അവന്റെ തനി സ്വരൂപം കാണുന്നത്.
അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവൾക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും എനിക്കും നൽകുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കൽ ശരീരമാസകലം കടിച്ച് മാരകമായി മുറിവേൽപിച്ചു. ശ്രുതിയെ നിരീക്ഷിക്കാൻ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോർഡറും സ്ഥാപിച്ചിരുന്നു.' സഹോദരൻ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ആരോപണം ശരിവയ്ക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് ഭർത്താവ് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ