തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകനും കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ എന്ന നിലയിൽ അതിപ്രശസ്തനുമായ ഏഷ്യാനെറ്റ് വാർത്താ വിഭാഗം തലവൻ ടി എൻ ഗോപകുമാർ (58) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫായ അദ്ദേഹത്തിന്റെ അന്ത്യം പുലർച്ചെ 3.50തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അകാല വിയോഗം ഉണ്ടായത്.

അദ്ദേഹത്തിന്റെ ഭൗതികദേഹം ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

മൂന്ന് പതിറ്റാണ്ടിലേറെ മാദ്ധ്യമ പ്രവർത്തനത്തെ നിറസാന്നിദ്ധ്യമായിരുന്ന ഗോപകുമാർ ഇന്ത്യൻ എക്സ്‌പ്രസിൽ നിന്നുമാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഒഫ് ഇന്ത്യയിലും പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതൽ വാർത്താ വിഭാഗം മേധാവിയായിരുന്നു. സിനിമാ സാഹിത്യ സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗോപാകുമാറിന് കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മാദ്ധ്യമലോകത്തെ കുലപതിയായ ടിഎൻ ഗോപകുമാറിന്റെ മരണത്തിൽ പത്രലോകം കണ്ണീരൊഴുക്കുകയാണ്. കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് വീണ്ടും സജീവ മാദ്ധ്യമ രംഗത്തേക്ക് കടന്നുവന്നത്. കണ്ണാടിയെന്ന അദ്ദേഹത്തിന്റെ പ്രതിവാര പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. സാമൂഹ്യപ്രസക്തിയുള്ള ഏറെ വിഷയങ്ങൾ കണ്ണാടിയിലൂടെ ലോകം കണ്ടു. ഓൺ റെക്കോർഡ് എന്ന അഭിമുഖ പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കലാകൗമുദിയിൽ കോളവും അദ്ദേഹം എഴുതിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിൽ കെ ജയചന്ദ്രനെ പോലെ മലയാളി സമൂഹത്തിൽ ശക്തമായും ആഴത്തിലും ഇടപെടൽ നടത്തിയികരുന്നു അദ്ദേഹം. ദൃശ്യമാദ്ധ്യമരംഗത്തെ പിൽക്കാല സമൂഹത്തെ സൃഷ്ടിക്കുന്നതിലും ഏഷ്യാനെറ്റിലെ ഈ കൂട്ടായ്മ നിർണായക പങ്ക് വഹിച്ചു. ഡൽഹിയിലും ദ്വീർഘകാലം ജോലി ചെയതിരുന്നു അദ്ദേഹം. കേരളത്തിലെ ചെറുപ്പക്കാരായ മാദ്ധ്യമ പ്രവർത്തകരുടെ ഗുരുസ്ഥാനീയ വ്യക്തിത്വമാണ് വിടവാങ്ങിയിരിക്കുന്നത്. ടിഎൻജി സംവിധാനവും അവതരണവും നിർവഹിച്ചു ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത 'കണ്ണാടി' സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടിയിട്ടുണ്ട്. 'വേരുകൾ' എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

മാദ്ധ്യമ കുലപതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബർമാരായ പിണറായി വിജയൻ, എം.എ.ബേബി, മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കൾ ടിഎൻജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹെതർ ആണ് ടി .എൻ.ഗോപകുമാറിന്റെ ഭാര്യ; മക്കൾ: ഗായത്രി, കാവേരി, മരുമക്കൾ: രഞ്ജിത്,വിനായക്.