കോഴിക്കോട്: വേജ് ബോർഡ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പകപോക്കൽ നടപടിയുടെ ഭാഗമായി സി നാരായണൻ എന്ന മാദ്ധ്യമപ്രവർത്തകനെ മാതൃഭൂമി മാനേജ്‌മെന്റ് പുറത്താക്കിയതിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ പത്ര ഓഫീസിലേക്ക് മാർച്ച് നടത്തി. മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലേക്കാണ് കേരളാ പത്രപ്രവർത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ മാർച്ച് നടത്തിയത്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നിന്നാരംഭിച്ച മാർച്ച് മാതൃഭൂമി ഓഫിസിന് ഇരുന്നൂറ് മീറ്റർ അകലെ വച്ച് പൊലീസ് തടഞ്ഞു തുടർന്ന് മാദ്ധ്യമ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ നൂറോളം മാർച്ചിൽ പങ്കെടുത്തു.

മാതൃഭൂമി ദിനപ്പത്രം ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യസ്വത്തല്ലെന്നും കേരളജനതയുടെ പൊതുസ്വത്താണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ പത്മനാഭൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ പിരിവെടുത്താണ് പത്രം പ്രസിദ്ധീകരിക്കാനാരംഭിച്ചതെന്ന കാര്യം മാനേജ്‌മെന്റ് മറക്കേണ്ട. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരിൽ പത്രപ്രവർത്തകനെ പുറത്താക്കുന്ന നടപടി ഫാസിസമാണ്. സമരം നടത്തിയതിന്റെ പേരിൽ നാൽപതോളം പേരെ വിദൂരസ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറാക്കി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യം പോലും അംഗീകരിച്ച് കൊടുക്കാൻ തയ്യാറാകാത്ത മാതൃഭൂമി എങ്ങനെ സാധാരണ ജനങ്ങളുടെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാകുകയെന്ന് യൂനിയൻ പ്രസിഡന്റ് കെ. പ്രേമനാഥ് ചോദിച്ചു. നാട്ടിൽ സോഷ്യലിസം പുലരാൻ വേണ്ടി പ്രസംഗിച്ച് നടക്കുന്നവർ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ പ്രാഥമിക അവകാശങ്ങൾ പോലും അനുവദിച്ച് കൊടുക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തകരെ അന്യായമായി പീഡിപ്പിക്കുന്ന മാതൃഭൂമി മാനേജ്‌മെന്റ് നിലപാടിനെതിരെ ഏതറ്റം വരെയും സമരം ചെയ്യുമെന്നും ഇന്ന് നടന്ന പ്രതിഷേധ മാർച്ച് സൂചന മാത്രമാണെന്നും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാൽ വരദൂർ പറഞ്ഞു. സിഐടിയു, എഐടിയുസി തുടങ്ങിയ ട്രേഡ് യൂണിയൻ സംഘടകളെ പ്രതിനിധീകരിച്ച് ദാസൻ, അഹമ്മദ് തളിക്കുളം എന്നിവർ പങ്കെടുത്തു. അതേസമയം പത്രമാനേജ്‌മെന്റിന്റെ പ്രതിഷേധ നടപടികളിൽ ഭയന്ന് മാതൃഭൂമിയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർ സമരത്തിൽ പങ്കെടുത്തില്ല.

വേജ് ബോർഡ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എട്ട് മാസത്തിൽ അധികമായി സസ്‌പെൻഷനിലായിരുന്ന സി നാരായണനെ രണ്ട് ദിവസം മുമ്പാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പത്രമാനേജ്‌മെന്റ് കൈക്കൊണ്ടത്. മാനേജ്‌മെന്റിന്റെ പ്രതികാര നപടിയുടെ ഭാഗമായി മാതൃഭൂമി പാലാക്കാട് ബ്യൂറോയിലുണ്ടായിരുന്ന നാരായണനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മേലധികാരിയോട് മറുത്ത് സംസാരിച്ചു എന്ന കുറ്റം ചുമത്തി ഏതാനും നാളുകൾ മുമ്പ് സസ്‌പെന്റ് ചെയ്ത നാരായണനെ ഏകപക്ഷീയമായ ഡൊമസ്റ്റിക് ഇൻക്വയറി നടത്തിയാണ് പിരിച്ചുവിട്ടത്.

വേജ്‌ബോർഡ് പ്രകാരമുള്ള വേതനം ആവശ്യപ്പെട്ടതിന് കഴിഞ്ഞ മൂന്ന് വർഷത്തോളമായി മാതൃഭൂമി മാനേജ്‌മെന്റ് സ്ഥാപനത്തിലെ പത്രപ്രവർത്തക ജീവനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പകപോക്കലിന്റെ ഭാഗമായി നാൽപതോളം പത്രപ്രവർത്തകരെ പല തവണയായി മാതൃഭൂമി മാനേജ്‌മെന്റ് സ്ഥലം മാറ്റി പീഡിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ബ്യൂറോ തുറന്നാണ് സമരത്തിൽ പങ്കെടുത്തവരെ മാനേജ്‌മെന്റ് സ്ഥലം മാറ്റിയത്.