മലപ്പുറം: തിരൂർ സിഐ ക്രൂരമായി മർദിച്ചിട്ടും ആശുപത്രിയിലുള്ള മാധ്യമ പ്രവർത്തകന്റെ മൊഴിയെടുക്കാതെ പൊലീസ് കേസ് അട്ടിമറിക്കുന്നതായി പരാതി. സംഭവത്തിൽ തിരൂർ സിഐ ടി.പി ഫർഷാദിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എ.ആർ.എം.യു തിരൂരിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം സ്റ്റാഫ് റിപ്പോർട്ടറുമായ കെ.പി.എം റിയാസിനെ അകാരണമായി മർദിച്ച തിരൂർ സിഐയുടെ നടപടി അപലപനീയമാണെന്നും സംഭവം നടന്ന് നാല് ദിവസമായിട്ടും ആശുപത്രിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകന്റെ മൊഴിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും കെ.ആർ.എം.യു ഭാരവാഹികൾ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെ സിഐ ടി.പി ഫർഷാദിൽ നിന്ന് അകാരണമായി മർദനമേറ്റ റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. റിയാസിന് മർദനമേറ്റ സംഭവം ജില്ലാ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചെങ്കിലും ഇതുവരെ മൊഴിയെടുക്കാൻ തയ്യാറായിട്ടില്ല. അതേസമയം, മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റിയാസിന്റെ പരാതി മലപ്പുറം പ്രസ് ക്ലബ് ഭാരവാഹികൾ തിരൂർ ഡി.വൈ.എസ്‌പിക്ക് കൈമാറി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി കെ.എം. ബിജു ആശുപത്രിയിലെത്തി റിയാസിന്റെ മൊഴി എടുത്തിരുന്നു.

നിൽപ്പ് സമരം കെ.ആർ.എം.യു സംസ്ഥാന സെക്രട്ടറി പി.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജംഷീർ കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷഫീർ ബാബു, മേഖല സെക്രട്ടറി ബൈജു അരിക്കാഞ്ചിറ, ട്രഷറർ സുബൈർ കല്ലൻ, വൈസ് പ്രസിഡന്റുമാരായ യാസീൻ, പി. ഷറഫു എക്സിക്യൂട്ടീവ് മെമ്പർമാരായ എ.പി ഷഫീഖ്, രാഹുൽ പുത്തൂരത്ത്, ഷാജു വി. കാരാട്ട്, സലീം തണ്ണീർ ചാൽ, വി.കെ റഷീദ്, അഫ്സൽ കെ.പുരം, അൻവർ , ശ്രീരാഗ് പുല്ലൂണി, അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.

അതേ സമയം മർദനമേറ്റ കെ.പി.എം റിയാസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചത് വിവാദമായതോടെ തടിതപ്പാനായി റിയാസ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തിരൂർ പൊലീസ് കള്ളക്കേസെടുത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസിന്റെ ക്രൂരമർദനം കൃത്യമായി കാണുന്നതിനാൽ പൊലീസ് എടുത്ത കേസ് കെട്ടിചമച്ചതാണെന്ന് വ്യക്തമാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസടുത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം.

എന്നാൽ കൃത്യമായി മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കടക്ക് മുന്നിൽ നിൽക്കുകയായിരുന്ന റിയാസിനെയും സുഹൃത്തിനെയും സി.െഎ ഫർഷാദ് യാതൊരു പ്രകോപനവും കൂടാതെ തല്ലിചതക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വീണ്ടും തിരിച്ചെത്തിയത് സി.സി.ടി.വി ദൃശ്യങ്ങൾ കൈക്കലാക്കാനായിരുന്നുവെന്ന സംശയവുമുണ്ട്. എന്നാൽ പൊലീസ് എത്തുന്നതിന് മുേമ്പ തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത് പൊലീസിന് തിരിച്ചടിയായി.

കടയിൽ ഒരാൾ സാധനം വാങ്ങുന്നതിനാൽ റിയാസും സുഹൃത്തും അൽപ്പം മാറിയിരിക്കുകയായിരുന്നു. ആ സമയത്ത് കടക്ക് സമീപം ആകെ മൂന്ന്പേർ മാത്രമാണുണ്ടായിരുന്നത്. പൊലീസ് സംഘം പരിശോധനക്കെത്തി കടയിലുള്ളവരോട് സംസാരിക്കുന്നതിനിടെ സി.െഎ ഫർഷാദ് ലാത്തിയെടുത്ത് റിയാസിനെ പൊതിരെ തല്ലുകയായിരുന്നവെന്ന് ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്്.

മർദനത്തിനെതിരെ രൂക്ഷമായ പ്രതിഷേധം വന്നതോടെയാണ് പിടിവള്ളിക്കായി പൊലീസ് കള്ളകേസെടുത്തത്. സി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ തുറക്കാൻ അനുമതിയുള്ള കടയിലാണ് സാധനം വാങ്ങാനെത്തിയതെന്നും ഒരാൾക്കൂട്ടമോ കോവിഡ് മാനദണ്ഡ ലംഘനമോ അവിടെ നടന്നിട്ടില്ലെന്നതും സി.സി.ടി.വി സത്യം പറയുമ്പോൾ പൊലീസ് വാദം പൊളിയുകയാണ്. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാനും കേസെടുക്കാനും പൊലീസിന് അധികാരമുണ്ടെങ്കിലും ലാത്തികൊണ്ട് തല്ലിചതക്കാൻ ഒരു നിയമവും അധികാരം നൽകിയിട്ടില്ലെതു തന്നെയാണ് പ്രതിഷേധം ശക്തമാവാൻ കാരണം.