ന്നലെ കേരള ഹൈക്കോടതി വളപ്പിൽ നടന്നതു വളരെ നിർഭാഗ്യകരമായ സംഭവങ്ങൾ ആയിരുന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണുകളായ അഭിഭാഷകരും നാലാം തൂണുകളായ മാദ്ധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും അതിൽ ഇടപെടേണ്ട കോടതി നിശബ്ദത പാലിക്കുകയും ചെയ്യുന്ന നിർഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയത്. 

നമ്മുടെ ജനാധിപത്യത്തിൽ അഭിഭാഷകർക്കും മാദ്ധ്യമപ്രവർത്തകർക്കുമുള്ള സ്ഥാനം എടുത്തുപറയേണ്ടതാണ്. എന്നാൽ ഇതു ജനാധിപത്യത്തിന്റെ അന്തഃസത്തയുടെ ഭാഗം മാത്രമാണ്. അല്ലാതെ ഇവർക്കു രണ്ടു കൂട്ടർക്കും പ്രത്യേകിച്ചു പദവികൾ ഒന്നും നൽകിയിട്ടില്ല എന്നോർക്കണം. 

എന്നാൽ ഈ രണ്ട് കൂട്ടരും പെരുമാറുന്നത് ഭരണഘടനാ പദവിയുള്ളവരെ പോലെയാണ്. വക്കീലിന്റെ സിംബലോ പ്രസ് എന്ന ബോർഡോ കണ്ടാൽ ഒരു പൊലീസുകാരനും കാർ പോലും തടയുകയില്ല എന്നതാണു സ്ഥിതി. പൊലീസുകാരും ഭരണാധികാരികളും ഉദ്യോഗസ്ഥരും, എന്തിനേറെ കോടതികൾ പോലും ഒരു പരിധിവരെ പത്രപ്രവർത്തകൻ എന്ന ആ ഈഗോയ്ക്ക് മുൻപിൽ വഴങ്ങിക്കൊടുക്കുന്നു. ഇതു തന്നെയാണ് ഒരു പരിധിവരെ അഭിഭാഷകരുടെ സ്ഥിതിയും. നിയമം അറിയാവുന്നവർ എന്ന കാരണം കൊണ്ടും ജഡ്ജിമാർ പരിചയമുള്ളവർ എന്ന പ്രത്യേകത കൊണ്ടുമാണ് അഭിഭാഷകർക്ക് ആ ആനുകൂല്യം ലഭിക്കുന്നത്. ഈ അഹങ്കാരം ഈ രണ്ടു കൂട്ടരുടെയും പെരുമാറ്റത്തിലുണ്ട്. 

ഭരണഘടന നിർമ്മിക്കുമ്പോൾ ഏറ്റവും അധികം ചർച്ച നടന്ന ഒരു വിഷയം ആയിരുന്നു മാദ്ധ്യമസ്വാതന്ത്ര്യം. ഭരണഘടനയിൽ ഫ്രീഡം ഓഫ് പ്രസ്സ് പ്രത്യേകം എടുത്തു പറയണം എന്ന് ഒരു കൂട്ടർ വാദിച്ചു. എന്നാൽ ഒട്ടേറെ ചർച്ചകൾക്കുശേഷം എല്ലാ പൗരന്മാർക്കും ഒരേ അവകാശം മതി എന്നു ഭരണഘടനാ ശിൽപ്പികൾ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിൽ പറയുന്ന സ്വാതന്ത്ര്യം മാത്രം മാദ്ധ്യമങ്ങൾക്കും ആയത്. എനിക്കും നിങ്ങൾക്കും ഒക്കെയുള്ള അവകാശങ്ങൾ മാത്രമേ പത്രപ്രവർത്തകർക്കും ഉള്ളൂ എന്നർത്ഥം. ജ്യൂഡിഷറി എന്ന മൂന്നാം തൂണിന്റെ ഏറ്റവും അവിഭാജ്യമായ ഘടകം ആണ് അഭിഭാഷകർ. അഭിഭാഷകർ തന്നെയാണ് ഭരണഘടന പദവിയിലുള്ള ജഡ്ജിമാരായി മാറുന്നത് എന്നതുകൊണ്ടും അവരെ തൊടാൻ എക്‌സിക്യൂട്ടീവിന് അധികാരം ഇല്ല എന്നിട്ടും ഇവർക്ക് ഒരുതരം അപ്രമാദിത്യം നൽകുന്നു. 

ഈ അപ്രമാദിത്വവും ദുരുപയോഗം ചെയ്യുകയാണ് നിർഭാഗ്യവശാൽ ഇരുകൂട്ടരും. പൊലീസോ ഉദ്യോഗസ്ഥരോ തൊടുകയില്ല എന്നുള്ള അഹങ്കാരം ഇവർ സാധാരണക്കാരെക്കാൾ മുകളിൽ ആണ് എന്ന പ്രതീതി ഉണ്ടാക്കുന്നു. ഇവരെ രണ്ടു കൂട്ടരെയും നിയന്ത്രിക്കാൻ പൊലീസിന് പരിമിതികൾ ഉണ്ട്. പ്രസ് എന്നോ അഡ്വക്കേറ്റ് എന്നോ എഴുതി വച്ച കാറിൽ എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ആകാം എന്ന അവസ്ഥ കൂടിയുണ്ട്. അതുകൊണ്ടു തന്നെ അനേകം ക്രിമിനലുകളും ഈ സൗകര്യം വ്യാജമായി ഉപയോഗിച്ചു വരുന്നു. എന്നുമാത്രമല്ല ഈ അലിഖിത പ്രത്യേക പദവി ഇരുവരും ദുരുപയോഗം ചെയ്തു കാണുന്നുണ്ട്. രാഷ്ട്രീയക്കാരെ സ്വാധീനിച്ച് ട്രാൻസ്ഫർ ഉറപ്പിക്കുന്നതും ഇല്ലാത്ത വാർത്തകൾ നൽകുമെന്ന ഭീതി പരത്തി പണം ഉണ്ടാക്കുന്നതും ചെറിയ ഒരു വിഭാഗം പത്രക്കാരിൽ എങ്കിലും കണ്ടുവരുന്ന രോഗമാണ് എന്നു പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. 

തങ്ങൾ നിയമത്തിന് അതീതരാണ് എന്ന തോന്നൽ പല സാഹചര്യത്തിലും ഇവർ പുറത്തെടുക്കുന്നുണ്ട്. എന്തു കൊള്ളരുതായ്മയും ആരെ കുറിച്ചും ഒരു പരാതിയോ ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ എഴുതാം എന്ന ബലമാണ് പത്രക്കാർക്ക് ഉള്ളതെങ്കിൽ കോടതിയും നിയമവും ഒക്കെ ഞങ്ങൾക്കു പുല്ലാണ് എന്ന ഭാവമാണ് വക്കീലന്മാക്കുള്ളത്. ഈ രണ്ടു കൂട്ടരുടെയും ഇരയാകുന്ന സാധാരണക്കാർ വെള്ളം കുടിച്ചുപോയ അനേകം സംഭവങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. കോടതി വളപ്പിനെ വക്കീലന്മാർ കാണുന്നത് തങ്ങളുടെ പാരമ്പര്യ സ്വത്തയാണ്. എല്ലാ കോടതി വളപ്പുകളും വക്കീലന്മാർ സ്വന്തം സാമ്രാജ്യമായി ആഘോഷിക്കുന്നു. ജഡ്ജിമാർ കാട്ടുന്ന രാജകാലത്തെ സമീപനത്തിന് ഇരയാകുന്ന വക്കീലന്മാർ രാജാക്കന്മാരുടെ മന്ത്രിമാരെ പോലെയാണ് പെരുമാറുന്നത്. കോടതി വളപ്പിൽ പൊലീസുകാരെ പോലും അവർ ആക്ഷേപിക്കുക പതിവാണ്. ഈ വൃത്തികെട്ട ഈഗോയുള്ള രണ്ടു കൂട്ടരും തമ്മിൽ ഇന്നലെ ഏറ്റു മുട്ടിയപ്പോൾ സാധാരണക്കാർ കൈയടിച്ചു ചിരിക്കുകയായിരുന്നു. കാരണം തങ്ങൾക്കു തൊടാൻ കഴിയാത്തെ ഈ രണ്ടു കൂട്ടർക്കും രണ്ടു തല്ലു കിട്ടട്ടേ എന്ന് അവർ ആഗ്രഹിച്ചു.

[BLURB#1-VL]പത്രക്കാർ പറയുന്നത് തങ്ങളെ അഭിഭാഷകർ തല്ലി ചതച്ചെന്നു. എന്നാൽ അഭിഭാഷകർ പറയുന്നു അവരെയാണ് തല്ലിച്ചതച്ചതെന്ന്. ഇതിലെ ശരി തെറ്റുകൾ എന്തുമാവട്ടെ. പക്ഷേ സാമാന്യ ബോധം ഉള്ളവർക്ക് മനസിലാക്കാൻ സാധിക്കുന്നത് കൂടുതൽ തല്ലുകിട്ടിയതും, കൂടുതൽ നീതി നിഷേധിക്കപ്പെട്ടതും അഭിഭാഷകർക്കു തന്നെയാണ് എന്നാണ്. നൂറുകണക്കിന് അഭിഭാഷകരോട് ഏറ്റുമുട്ടി വിരലിൽ എണ്ണാൻ മാത്രം കഴിയുന്ന പത്രപ്രവർത്തകർ വിജയിച്ച കഥയാണ് ഇന്നലെ കണ്ടത്. കാരണം പൊലീസിന്റെ പിന്തുണ അവർക്കായിരുന്നു. പത്രക്കാരെ ജഡ്ജിമാർ പോലും ഭയപ്പെടുന്നു എന്ന സൂചനയോടെയാണ് ഇന്നലെ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് തിരിച്ചടിച്ചിട്ടും ചാനലുകളായ ചാനലുകളും പത്രങ്ങളും മുഴുവൻ പത്രക്കാരെ അഭിഭാഷകർ തല്ലി ചതച്ചു എന്ന രീതിയിൽ വാർത്ത വന്ന വിധിവിപരീതയതയാണ് ഇന്നലെ സംഭവിച്ചത്. 

തല്ലു കൊണ്ടവരും കിട്ടിയവരും ഒരേ പോലെ അതിന് അർഹരാണ് എന്നതുകൊണ്ട് അതിന്റെ ശരി തെറ്റുകളിലേയ്ക്ക് കടക്കുന്നില്ല. പത്രക്കാർക്കല്ലാതെ ആർക്കെങ്കിലും കോടതിയുടെ ഗേറ്റ് കടന്നു കോടതി വാതിൽക്കൽ സത്യാഗ്രഹം ഇരിക്കാനും മുദ്രാവാക്യം വിളിക്കാനും ധൈര്യം ഉണ്ടാവുമോ എന്ന ചോദ്യമാണ് ആദ്യം ഉയർത്തേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധിയോ, നീതി നിഷേധിക്കപ്പെട്ട പാവങ്ങളോ ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കിൽ നിമിഷനേരം കൊണ്ട് ജാമ്യം ഇല്ലാ കുറ്റം ചുമത്തി അകത്താക്കുമായിരുന്നു. പത്തു മുപ്പതും വർഷം മുമ്പ് അഭിഭാഷകർ കോടതി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിന് കോടതി നൽകിയ ശിക്ഷ അത്രവേഗം മറക്കാൻ കഴിയുമായിരുന്നില്ല. അതൊക്കെ മറുന്നാണ് ഇന്നലെ രണ്ട് കൂട്ടരും മുദ്രാവാക്യം വിളികളോടെ ഏറ്റുമുട്ടിയത്. അതിനേക്കാൾ ഒക്കെ പ്രധാനപ്പെട്ടത് എന്താണ് ഇന്നലെ കോടതി വളപ്പിൽ നടന്നത് എന്ന് ജനത്തെ അറിയിക്കാനുള്ള അവകാശം അഭിഭാഷകർക്കു ലഭിച്ചില്ല എന്നതാണ്. താങ്കളുടെ ഭാഗം നാട്ടുകാർ അറിയണമെങ്കിൽ ആർക്കെതിരെ തങ്ങൾ സംസാരിക്കുന്നുവോ അവരുടെ സഹായം വേണം എന്ന സാഹചര്യമായിരുന്നു ഇന്നലെ ഉണ്ടായത്. 

അവിടെയാണു ഞങ്ങളുടെ അഭിപ്രായ വ്യത്യാസം. ഈ രാജ്യത്തു നടക്കുന്നത് അതേപടി അറിയാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടായിട്ടും നമ്മൾ ഇന്നലെ ചാനലുകളിൽ കൂടി കണ്ടതും ഇന്നു പത്രത്തിലൂടെ വായിച്ചതും സെൻസർ ചെയ്ത കാഴ്ചകൾ മാത്രമായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ വശത്ത് നിന്നും അഭിഭാഷകരുടെ വശത്തേക്ക് പിടിച്ച ക്യാമറകൾ പകർത്തിയ കാഴ്ചകൾ മാത്രം ആയിരുന്നു ഇന്നലെ സംപ്രേഷണം ചെയ്തത്. പത്രപ്രവർത്തകർ പ്രകോപിച്ചും വെല്ലുവിളിച്ചും പകർത്തിയ അഭിഭാഷകരുടെ മുഖഭാവങ്ങൾ ആയിരുന്നു മാദ്ധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു എന്ന വാർത്തയുടെ വിഷ്വൽസ്. അല്ലെങ്കിൽ പറയൂ ഒരു മാദ്ധ്യമ പ്രവർത്തകൻ എങ്കിലും ആക്രമിക്കപ്പെടുന്ന ദൃശ്യം ഇന്നലെ നിങ്ങൾ ആരെങ്കിലും കണ്ടോ? മാദ്ധ്യമ പ്രവർത്തകർ അക്രമിക്കപ്പെട്ടു എന്നു തുടർച്ചയായി ഫ്‌ലാഷ് ന്യൂസ് കാണിച്ചിട്ടും എന്തുകൊണ്ടാണ് ഒരാൾ പോലും അക്രമിക്കപ്പെടുന്ന ചിത്രങ്ങൾ ലഭിക്കാതെ പോയത്. മുഴുവൻ സമയവും ക്യാമറയുമായി ഇവർ അവിടെ ഉണ്ടായിരുന്നു എന്നോർക്കണം.

 ഇരുകൂട്ടരും അസഭ്യം വിളിക്കുകയും പ്രകോപിക്കുകയും ചെയ്തു എന്നതു സത്യമാണ്. ഒടുവിൽ സംഘർഷം കൈവിടുമെന്നായപ്പോൾ പൊലീസ് എത്തി അഭിഭാഷകരെ മർദ്ദിച്ചൊതുക്കി. പൊലീസ് അഭിഭാഷകരെ നേരിട്ടതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു. അഭിഭാഷകരായിരുന്നു എണ്ണത്തിൽ ഒരുപാട് കൂടുതൽ. അതുകൊണ്ട് തന്നെ നിയമപാലകർ ആദ്യം നേരിടേണ്ടത് അവരെ തന്നെയാണ്. കോടതിവളപ്പിലെ സംഘർഷത്തിലേക്ക് നയിച്ച മൂലകാരണമായ മാഞ്ഞൂരാൻ വിഷയത്തിൽ പൊലീസും പത്രക്കാരും പ്രതിക്കൂട്ടിലാണ് എന്നത് രണ്ടാമത്തെ കാരണം. പൊലീസ് മർദ്ദിച്ച് അവശരാക്കുകയും കൈവരെ തല്ലി ഒടിക്കുകയും ചെയ്തിട്ടും ഒരു പരാമർശം പോലും പത്രങ്ങൾ അതേക്കുറിച്ച് നടത്തിയില്ല എന്നതാണ് ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ എന്തിന്റെ പേരിലാണ് പത്രങ്ങൾ ഇങ്ങനെ മറച്ചുവച്ചത്? അതെങ്ങനെ മാദ്ധ്യമധർമ്മമാകും? 

മാഞ്ഞൂരാൻ വിഷയത്തിൽ എന്താണു സംഭവിച്ചത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഗവൺമെന്റ് പ്ലീഡറായി ജോലി ചെയ്യുന്ന വിദ്യാസമ്പന്നനായ ഒരാൾ ഒരു പ്രകോപനവും ഇല്ലാതെ വഴിയെ നടന്നു പോകുന്ന ഒരു സ്ത്രീയെ പിടിച്ചു എന്നു വിശ്വസിക്കാൻ പ്രയാസം ഉണ്ട്. എന്നാൽ അങ്ങനെ സംഭവിച്ചില്ല എന്നു തീർത്തു പറയാൻ പറ്റിയ തെളിവുകളും ഞങ്ങളുടെ കയ്യിൽ ഇല്ല. വാർത്ത റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസം തന്നെ സ്ത്രീ ആളു മാറിപ്പോയി എന്നറിയിക്കുകയും കേസ് പിൻവലിക്കുകയും ചെയ്തു എന്നാണ് കേട്ടത്. തുടർന്ന് അഭിഭാഷകർ പ്രകോപിതരാവുകയും വീണ്ടും കേസ് സജീവം ആകുകയും ചെയ്തു. ഇതേ തുടർന്നാണ് ഈ സംഘർഷങ്ങൾ എല്ലാം ഉറവ പൊട്ടിയത്. 

ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അഭിഭാഷകർക്കെതിരെ കേസ് എടുത്തതിന്റെ പേരിൽ ധർണ്ണനടക്കുകയും ലഹള ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നതു നീതി നടപ്പാക്കുന്നതിന്റെ എതിരാണ്. നിരപരാധികളായ അനേകം പേർ മാദ്ധ്യമങ്ങളാലും പൊലീസുകാരാലും, അഭിഭാഷകരാലും വേട്ടയാടപ്പെടുന്നുണ്ട്. എന്നാൽ തങ്ങളിൽ ഒരാളെ പ്രതിചേർത്തപ്പോൾ അതിനെതിരെ ഇങ്ങനെ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. മാഞ്ഞൂരാനെതിരെ ഒരു സ്ത്രീ പരാതിപ്പെടുകയും ആ സ്ത്രീ ആ പരാതിയിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ പൊലീസിന് വേറെന്തുവഴിയാണുള്ളത്. തന്റെ നിരപാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്നിരിക്കെ നിയമപാലനത്തെ വെല്ലുവിളിക്കുന്നത് അനുചിതമാണ്. പൊലീസ് നൽകുന്ന ഭാഷ്യം അനുസരിച്ച് വാർത്ത കൊടുക്കാനെ പത്രങ്ങൾക്കു തൽക്കാലം സാധിക്കു. നിരപരാധികളെ വിചാരണ ചെയ്യുന്ന ഈ സാഹചര്യം മാറണം എന്നു തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ വേറെ വഴി മാദ്ധ്യമങ്ങൾക്കില്ല. അതുകൊണ്ട് തന്നെ ഒരു വാർത്തയുടെ പേരിൽ മാദ്ധ്യമ പ്രവർത്തകരോട് പക തീർക്കുന്നതും പ്രകടനം നടത്തുന്നതും തല്ലാൻ ശ്രമിക്കുന്നതും ഒട്ടും ഭൂഷണമല്ല എന്നു പറയാതെ വയ്യ. 

[BLURB#2-H]അതിന്റെ ശരി തെറ്റുകൾ എന്തുമാകട്ടെ, ജനാധിപത്യത്തിലെ പ്രധാനപ്പെട്ട രണ്ടു തൂണുകൾ ഇങ്ങനെ പരസ്പരം പോരടിച്ചു കൂടാ. അത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ വളർത്താതെ നോക്കേണ്ട ഉത്തരവാദിത്വം ഹൈക്കോടതിക്കുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് ഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം അഭിഭാഷകർക്കു സ്വന്തം തൊഴിലിടങ്ങളിൽ ധൈര്യമായി പണിയെടുക്കാനുള്ള അവകാശം വേണം. എന്നാൽ രണ്ടു കൂട്ടരും അഹങ്കാരവും ഈഗോയും മാറ്റി ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഇല്ലെങ്കിൽ നമ്മുടെ ജനാധിപത്യത്തിന് ഇതു തീക്കനലായി മാറും.