കൊച്ചി: കേരളത്തിലെ പ്രധാന സ്വർണ്ണ ബ്രാൻഡാണ് ജോയ് അലൂക്കാസ്. ഫോബ്‌സിൽ വരെ എത്തിയ മുതലാളിയുടെ സ്ഥാപനം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ഈ സ്ഥാപനം പൊളിയുമെന്ന് ആരും കരുതുന്നില്ല. ഇനിയും ഇവർ ഇവിടെ തന്നെയുണ്ടാകും. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ റെയ്ഡ് മലയാള മാധ്യമങ്ങൾ അറിഞ്ഞതു പോലുമില്ല. ഏഷ്യാനെറ്റ് ന്യൂസിലും സെറ്റിലും വാർത്ത പ്രത്യക്ഷപ്പെട്ടു. ജന്മഭൂമി പത്രത്തിലും ചെറിയൊരു വാർത്ത എത്തി. ജനം ടിവിയും വാർത്ത നൽകി. അതിനപ്പുറം പത്രമുത്തശ്ശിമാർ പോലും ഈ രാജ്യ വ്യാപക റെയ്ഡിനെ കുറിച്ച് അറിഞ്ഞില്ലെന്ന് തോന്നിക്കും വിധം വാർത്ത മുക്കി.

വമ്പൻ ബ്രാൻഡിന്റെ പരസ്യം മോഹിച്ചുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. പക്ഷേ ദേശീയ മാധ്യമങ്ങളും മറ്റ് പ്രാദേശിക ഭാഷാ പത്രങ്ങളുമെല്ലാം ജോയ് ആലുക്കയിലെ റെയ്ഡ് വാർത്തയാക്കി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ദുരൂഹത ഉണർത്തുന്ന ഏറെ തെളിവുകൾ കണ്ടെടുത്തുവെന്നാണ് സൂചന. എന്നിട്ടും കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും ചർച്ചയാക്കിയില്ല. ആദ്യം നൽകിയ പല വെബ് സൈറ്റുകളിൽ നിന്നും പിന്നീട് ഈ വാർത്ത നീക്കം ചെയ്തു. എന്നാൽ ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ജോയ് ആലുക്കാസ് വാർത്ത ജനങ്ങളിലേക്ക് എത്തി. മറുനാടൻ വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ജോയ് ആലുക്കാസ് ഷോറൂമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഇന്നലെയാണ് നടത്തിയത്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ഷോറൂമുകളിലാണ് റെയ്ഡ് നടത്തിയത്. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടർന്ന് തൃശൂരിലെ ജോളി സിൽക്ക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചു. ആലുക്കാസിനൊപ്പം കേരളത്തിൽനിന്ന് തന്നെയുള്ള മഞ്ഞളി ജുവലേഴ്‌സിന്റെ ഷോറൂമിലും റെയ്ഡ് നടന്നു. പക്ഷേ ഇതൊന്നും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അറിഞ്ഞില്ല. കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് ചെന്നൈയിലും മറ്റുമുള്ള ഷോറൂമുകളിൽ പരിശോധന നടത്തിയത്. ഷട്ടറുകൾ അടച്ചിട്ട് ആളുകളെ എല്ലാം പുറത്തിറക്കിയ ശേഷമാണ് പരിശോധനകൾ നടത്തിയത്. ജീവനക്കാർ ഉൾപ്പെടെ കമ്പനിയുമായി ബന്ധപ്പെട്ടവരെ എല്ലാം ഷോറൂമുകളിൽനിന്ന് പുറത്തിറക്കിയിരുന്നു.

നോട്ടു നിരോധനം ജിഎസ്ടി തുടങ്ങിയവയ്ക്ക് ശേഷം പരസ്യങ്ങൾ നൽകുന്നത് ജോയ് ആലുക്കാസ് നിർത്തിവെച്ചിരുന്നു. അതിന് ശേഷം വീണ്ടും പരസ്യം നൽകി തുടങ്ങുകയും ചെയ്തിരുന്നു. നോട്ടുനിരോധനത്തിന് ശേഷം 5.7 ടൺ സ്വർണം 1500 കോടി രൂപയ്ക്ക് വിറ്റഴിച്ചെന്ന ആരോപണത്തിൽ ജോയ് ആലുക്കാസ് ഷോറുമുകൾ വിവാദത്തിലായിരുന്നു. 11 രാജ്യങ്ങളിലായി നൂറു കണക്കിന് ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്. ഏറെ പരാതികൾ ഈ സ്ഥാപനത്തിനെതിരെ ആദായ നികുതി വകുപ്പിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പല സ്ഥലത്തും കണക്കിൽപെടാത്ത ഇടപാടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ആന്ധ്രയിലെ ഒരു ഷോറൂമിൽ കണക്കിൽ കണ്ടെത്തിയത് 60 ലക്ഷത്തിന്റെ ഇടപാടായിരുന്നു. എന്നാൽ ഈ ഷോറൂമിൽ 6 കോടിയുടെ കറൻസിയാണ് ഉണ്ടായിരുന്നത്. കള്ളപ്പണ ഇടപാടുകളുടെ സജീവതയായി ഇതിനെ ആദായ നികുതി വകുപ്പ് വിലയിരുത്തുന്നു.

അസംസ്‌കൃത സ്വർണം വാങ്ങിയ ശേഷം ആഭരണങ്ങൾ ഉണ്ടാകുമ്പോൾ കുറച്ച് സ്വർണം പാഴാകും. ഇതാണ് വെസ്റ്റേജ്. ഈ വേസ്റ്റേജിൽ വലിയ കൃത്രിമം കാട്ടിയാണ് നികുതി വെട്ടിപ്പ്. പഴയ സ്വർണം ആളുകളിൽ നിന്ന് വൻതോതിൽ വാങ്ങി കൂട്ടും. അതിന് ശേഷം ഇത് ഉരുക്കും. ഇതിനെ വേസ്‌റ്റേജിനൊപ്പം ചേർക്കും. ഇതിലൂടെ നികുതി കുറച്ചു കാണിക്കാനുമാകും. ഈ സ്വർണം ഭാവിയിൽ ഉപയോഗിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും. അങ്ങനെ പഴയ സ്വർണം നികുതി വെട്ടിപ്പിന് സമർത്ഥമായി ഉപയോഗിക്കുന്നു. ഈ കള്ളക്കളികളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തുന്നത്. ജോയ് ആലുക്കാസിനെതിരെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ഇതിന്മേലുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലത്തെ റെയ്ഡുകൾ.

ഇന്ത്യക്കുപുറമെ ഖത്തർ, ഒമാൻ, ബഹ്റൈൻ,യു.കെ ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജൂവലറി ശൃംഖലയാണ് ജോയ് ആലുക്കാസിന്റേത്. കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, പ.ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകളിലും ഇവരുടെ തന്നെ സഹ സ്ഥാപനങ്ങളിലും അഹമ്മദാബാദിലെ കോർപ്പറേറ്റ് ഓഫിസ്, രാജ്കോട്ടിലെ ഷോറൂം എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിവിടങ്ങളിലുള്ള ജുവല്ലറികളിൽ പരിശോധന നടന്നു. പുലർച്ചെ തുടങ്ങിയ റെയ്ഡിൽ എൺപതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

വലിയ തോതിൽ ജുവല്ലറി വിൽപ്പന ജോയ് ആലുക്കാസിൽ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യം കണക്കിൽ കാണിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പരിശോധന. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് കിട്ടിയത്. നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളിൽ പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികളുടെ സ്വർണ്ണവിൽപ്പനയുടെ തെളിവുകളും ലഭിച്ചിരുന്നു. ജോയ് ആലുക്കാസിന് നികുതി വെട്ടിപ്പിന്റെ പേരിലും പിടി വീണതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് ജോയ് ആലുക്കാസിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണ വിൽപ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്സൈസ് ഡ്യൂട്ടി അടച്ചില്ലെന്നാണ് വ്യക്തമായിരുന്നു. 5.7 ടൺ സ്വർണം ജുവല്ലറിയിൽ നിന്നും വിറ്റഴിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്.

ഏപ്രിൽ മുതൽ നവംബർ മാസങ്ങൾ വരെയുള്ള കാലയളവിലാണ് ഇത്രയും വിൽപ്പന നടന്നത്. ഇങ്ങനെ വിറ്റ സ്വർണത്തിന്റെ നൽകേണ്ട എക്സൈസ് ഡ്യൂട്ടി നൽകിയില്ലെന്നാണ് കണ്ടെത്തൽ. അന്ന് നടത്തിയ പരിശോധനയെ തുടർന്ന് ജുവല്ലറി ഗ്രൂപ്പ് കോടികൾ പിഴയടക്കേണ്ടിയും വന്നിരുന്നു.