ചെന്നൈ: നോട്ട് നിരോധനത്തിന് ആഴ്ചകൾക്ക് ശേഷം ജോയ് ആലുക്കാസ് ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ വൻ നികുതി വെട്ടിപ്പ് പിടിച്ചുവെന്ന് ആദായ നികുതി വകുപ്പ്. 2016 നവംബറിലാണ് നോട്ട് നിരോധനം നടപ്പാക്കിയത്. ഇതിന് തൊട്ട് മുമ്പ് നടന്ന ഇടപാടുകളാണ് പ്രശ്‌നമാകുന്നത്. 2016 ഏപ്രിൽ മുതൽ നവംബർ വരെ 5.7 ടൺ സ്വർണ്ണമാണ് ജോയ് ആലുക്കാസ് വിറ്റഴിച്ചത്. ഇതിൽ 1500 കോടിയുടെ ഇടപാടും നടന്നു. എന്നാൽ നികുതി അടച്ചതുമില്ല. വിറ്റ സ്വർണം കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെടുത്തിയിരുന്നു. എന്നാൽ, 2016 ഏപ്രിൽ 1 മുതൽ ബാധകമായ 1% കേന്ദ്ര എക്സൈസ് തീരുവ നൽകാത്തതെ കമ്പനി നികുതി വെട്ടിക്കുകയായിരുന്നു. 16 കോടിയുടെ എക്സൈസ് തീരുവ ചുമത്താനുള്ള നോട്ടീസ് പുറപ്പെടുവിച്ചതായി ഡിജിസിഇഒ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

11 രാജ്യങ്ങളിലായി പടർന്നുപന്തലിച്ച ജ്വവല്ലറി വ്യവസായ ശൃംഖലയാണ് ജോയ് ആലുക്കാസിന്റേത്. വൻ നികുതി വെട്ടിപ്പും കള്ളപ്പണവും ഈ ജൂവലറിയിൽ നടക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ജോയ് ആലുക്കാസിന്റെ ജൂവലറികളിൽ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വീണ്ടും റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ പരിശോധന നടക്കുന്നു. ഇത് ജോയ് ആലുക്കാസ് ഗ്രൂപ്പിനെ വെട്ടിലാക്കുന്നുണ്ട്. പരസ്യ ഏജൻസിയെ കൊണ്ട് ഈ റെയ്ഡ് വാർത്ത മുഖ്യധാരാ പത്രങ്ങളിലൊന്നും വരുത്താതിരിക്കാൻ ജോയ് ആലുക്കാസിനായി. അതുമാത്രമാണ് ആശ്വാസം.

ഓഖി ചുഴലിക്കാറ്റിന്റെ തീവ്രതയിൽ ദുരിതമനുഭവിക്കുന്നവർക്കു ജോയ് ആലുക്കാസിന്റെ സഹായധനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷേമനിധിയിയിലേക്കുമായി രണ്ടുകോടി രൂപയുടെ സാമ്പത്തികസഹായമാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് നൽകിയത്. ഇതു വാർത്തയാക്കിയ മാധ്യമങ്ങൾ ആരും ജോയ് ആലുക്കാസിലെ റെയ്ഡിനെ കുറിച്ച് അറിഞ്ഞതു പോലുമില്ല. ജൂവലറി ജീവനക്കാർ ബുധനാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയിരുന്നു. അപ്പോഴായിരുന്നു അപ്രതീക്ഷിതമായി റെയ്ഡിന് ഉദ്യോഗസ്ഥരെത്തിയത്. ജീവനക്കാരെ പുറത്തുനിർത്തിയായ ശേഷമുള്ള പരിശോധന മണിക്കൂറുകൾ നീണ്ടു.

ഏറെ പരാതികൾ ഈ സ്ഥാപനത്തിനെതിരെ ആദായ നികുതി വകുപ്പിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പല സ്ഥലത്തും കണക്കിൽപെടാത്ത ഇടപാടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ആന്ധ്രയിലെ ഒരു ഷോറൂമിൽ കണക്കിൽ കണ്ടെത്തിയത് 60 ലക്ഷത്തിന്റെ ഇടപാടായിരുന്നു. എന്നാൽ ഈ ഷോറൂമിൽ 6 കോടിയുടെ കറൻസിയാണ് ഉണ്ടായിരുന്നത്. കള്ളപ്പണ ഇടപാടുകളുടെ സജീവതയായി ഇതിനെ ആദായ നികുതി വകുപ്പ് വിലയിരുത്തുന്നു. അസംസ്‌കൃത സ്വർണം വാങ്ങിയ ശേഷം ആഭരണങ്ങൾ ഉണ്ടാകുമ്പോൾ കുറച്ച് സ്വർണം പാഴാകും. ഇതാണ് വെസ്റ്റേജ്. ഈ വേസ്റ്റേജിൽ വലിയ കൃത്രിമം കാട്ടിയാണ് നികുതി വെട്ടിപ്പ്. പഴയ സ്വർണം ആളുകളിൽ നിന്ന് വൻതോതിൽ വാങ്ങി കൂട്ടും. അതിന് ശേഷം ഇത് ഉരുക്കും. ഇതിനെ വേസ്റ്റേജിനൊപ്പം ചേർക്കും. ഇതിലൂടെ നികുതി കുറച്ചു കാണിക്കാനുമാകും. ഈ സ്വർണം ഭാവിയിൽ ഉപയോഗിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും. അങ്ങനെ പഴയ സ്വർണം നികുതി വെട്ടിപ്പിന് സമർത്ഥമായി ഉപയോഗിക്കുന്നു. ഈ കള്ളക്കളികളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തുന്നത്. ജോയ് ആലുക്കാസിനെതിരെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

ഈ സാമ്പത്തിക വർഷം 7500 കോടിയുടെ ഇടപാടുകളാണ് ജോയ് ആലുക്കാസ് നടത്തിയത്. ഈ സാഹചര്യത്തിൽ ഓഹരി വിപണിയിലേക്ക് കടക്കുന്നത് പോലും ആലോചനയിലുണ്ടായിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ ഇടപാടുകളെ സംശയ നിഴലിലാക്കി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് എത്തിയത്. റെയ്ഡ് നടന്ന കാര്യം ജോയ് ആലുക്കാസും സമ്മതിക്കുന്നു. എന്നാൽ എന്തിനായിരുന്നു റെയ്ഡ് എന്ന് അറിയില്ലെന്നാണ് കമ്പനി സിഇഒ ബേബി ജോർജിന്റെ പ്രതികരണം. എല്ലാം നിയമപ്രകാരമാണ് നടക്കുന്നതെന്നും വിശദീകരിക്കുന്നു. എന്നാൽ ആദായ നികുതി വകുപ്പിന്റെ ഇടപെടലുകളോട് ജോയ് ആലുക്കാസ് പ്രതികരിക്കുന്നുമില്ല.

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ചില രേഖകളും കണക്കിൽപെടാത്ത പണവും എടുത്തു കൊണ്ട് പോവുകയും ചെയ്തു. നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെള്ളിയും സ്വർണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാർ ഈ അതിക്രമം ചെയ്തത്. ആദായനികുതി വകുപ്പിന്റെ ചെന്നൈ വിങാണ് രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകൾ ഏകോപിപ്പിച്ചത്്.

ഏകദേശം നൂറിലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും, നിരവധി പൊലീസുകാരും റെയ്ഡിൽ പങ്കെടുത്തു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് ജൂവലറികൾക്ക് നിലവിൽ 14 രാജ്യങ്ങളിലായി 130 ഷോറൂമുകളാണ് ഉള്ളത്. സ്വർണാഭരണ ഷോറൂമുകൾക്ക് പുറമേ ഫാഷൻ, മണി എക്സ്ചേഞ്ച്, റിയൽറ്റി, വ്യോമയാന വ്യവസായം തുടങ്ങിയ മേഖലകളിലും ജോയ് ആലുക്കാസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ നടപടി വിജയകരമായിരുന്നോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് നവംബർ എട്ടിന് ശേഷമുള്ള 48 മണിക്കൂറിൽ വൻതോതിൽ സ്വർണം വിറ്റുപോയത്.

ഇത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെടുകയു ചെയ്തു. അതുകൊണ്ട് തന്നെ നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളിൽ പരിശോധന തുടങ്ങിയിയപ്പോൾ ജോയ് ആലുക്കാസും കുടുങ്ങിയിരുന്നു. ജോയ് ആലുക്കാസിന്റെ 11 ശാഖകളിലും ഫാക്ടറികളിലുമാണ് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥർ പരിശോധന അന്ന് പരിശോധന നടത്തിയത്. നോട്ടു നിരോധനത്തിന് ശേഷം മാധ്യമങ്ങളിൽ പരസ്യം നൽകുന്ന നടപടി ജോയ് ആലുക്കാസ് കുറച്ചു. കാര്യമായ പരസ്യങ്ങൾ ചാനലുകളിലും മറ്റും വരാതെ വന്നതോടെ എന്തുപറ്റി മലയാളികളുടെ ഇഷ്ട സ്വർണ്ണ പ്രസ്ഥാനത്തിന് എന്ന ചോദ്യവുമായി. ഇതിനിടെയാണ് വീണ്ടും സജീവമായി കച്ചവട രംഗത്തേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചുവടുവെച്ചത്. 2016-ലെ ഫോബ്‌സ് സമ്പന്നപ്പട്ടികയനുസരിച്ച് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 74-ാം സ്ഥാനമാണ് ജോയ് ആലുക്കാസിന്.

ആഗോള റീട്ടെയിൽ ജൂവലറി ശ്യംഘലയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കജോളിനെ തിരഞ്ഞെടുത്തുകൊണ്ടായിരുന്നു രണ്ടാം വരന്. ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കജോളെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പ്രഖ്യാപിക്കുകയും ചെയ്തു. കൂടുതൽ ഷോറൂമുകൾ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇൻകം ടാക്സ് റെയ്ഡ് ഇവരെ തേടിയെത്തുന്നത്.

എൻ.ഡി.ടി.വി., സൂപ്പർബ്രാൻഡ്‌സ്, ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുടേതുൾപ്പെടെ ഒട്ടേറെ ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്.