തിരുവനന്തപുരം: മലയാളത്തിൽ നിരവധി കാർട്ടൂണിസ്റ്റുകൾ ഉണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഏറെ ഇടപെടൽ നടത്തിയ കാർട്ടൂണിസ്റ്റുകൾ എത്രപേർ ഉണ്ടെന്ന് ചോദിച്ചാൽ വളരെ കുറവാണെന്ന് ബോധ്യമാകും. എന്നാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടുമാറ്റിയ ആദ്യത്തെ കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു ഇന്ന് അന്തരിച്ച കാർട്ടൂണിസ്റ്റ് ജോയി കുളനട. മറുനാടൻ മലയാളിയിൽ അദ്ദേഹം വരച്ചിരുന്ന കാർട്ടൂണുകൾ അതിപ്രശസ്തമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാൡകൾ അഭിമാനത്തോടെ ഷെയർ ചെയ്തിരുന്നു ജോയി കുളനടയുടെ കാർട്ടൂണുകൾ.

രാഷ്ട്രീയക്കാരും മതനേതാക്കളും അടക്കം ജോയി കുളനട കാർട്ടൂണുകളിലൂടെ ജോയി കുളനടയുടെ വിമർശന കൂരമ്പ് ഏൽക്കാത്തവർ ചുരുക്കമായിരുന്നു. രോഗബാധിതനായ അവസ്ഥയിൽ ആരോഗ്യം ക്ഷീണിച്ചപ്പോഴും അദ്ദേഹത്തിന്റെ കാർട്ടൂൺ വിമർശന ബുദ്ധിക്ക് യാതൊരു കുറവും വന്നില്ല. ഇതിന്റെ ഒരു ഉദാഹരണം മാത്രം മതി. ഇന്ത്യയുടെ മംഗൾയാൻ വിജയത്തിനെതിരെ വംശീയ ചുവയോടെ ന്യൂയോർക്ക് ടൈംസ് വരച്ച കാർട്ടൂണിനെ മറുപടി നൽകിയുള്ള അദ്ദേഹത്തിന്റെ കാർട്ടൂൺ അതിപ്രശസ്തമായിരുന്നു.

നാസയുടെ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചപ്പോൾ നാസാ ശാസ്ത്രജ്ഞർ ഇന്ത്യയുടെ അടുത്ത് സഹായം അഭ്യർത്ഥിക്കുന്ന വിധത്തിലായിരുന്നു കുളനടയുടെ കാർട്ടൂൺ. ഈ കാർട്ടൂൺ മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ചതോടെ ലക്ഷങ്ങളാണ് ഷെയർ ചെയ്തത്. മറുനാടന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും സൈറ്റിൽ നിന്നും ജോയി കുളനയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നുമാണ് പതിനായിരക്കണക്കിന് പേർ ഈ കാർട്ടൂൺ ഷെയർ ചെയ്തത്.

വായനക്കാരുടെ അഭ്യർത്ഥന പ്രകാരം ഈ കാർട്ടൂൺ പിന്നീട് ഇംഗ്ലീഷ് കാർട്ടൂണായും പ്രസിദ്ധീകരിച്ചിരുന്നു. മംഗൾയാൻ വിജയത്തിന് ശേഷം പശുവുമായി എലൈറ്റ് സ്‌പേസ് ക്ലബിൽ ഇന്ത്യൻ കർഷകൻ എത്തുന്ന വിധത്തിൽ ചിത്രീകരിച്ച ന്യൂയോർക്ക് ടൈംസ് കാർട്ടൂണിന് എല്ലാ അർത്ഥത്തിലും ഉചിതമായ മറുപടിയായിരുന്നു കുളനടയുടെ കാർട്ടൂൺ. ഏറെ ജനപ്രിയമായ ഈ കാർട്ടൂണുകൾ വേറെയും ഉണ്ട്.

മദ്യനിരോധന സമയത്തും മറ്റു വിവാദങ്ങളുടെ വേളയിലും ജോയി കുളനട രാഷ്ട്രീയക്കാരെയും നേതാക്കളെയും പരിഹസിച്ച് നിരവധി കാർട്ടൂണുകൾ വരച്ചു. ഇതെല്ലാം മറുനാടൻ വായനക്കാർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.