ആലപ്പുഴ: ചേർത്തല ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത വികൺസോൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമാകുമ്പോൾ കേരളവും അംഗീകരിക്കുന്നത് ആലപ്പുഴയിലെ മിടുക്കിനെ. വി കൺസോൾ വാങ്ങുന്നതിന് 5 വർഷത്തേക്കു കരാറുണ്ടാക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത് ഇന്നലെയാണ്.

കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിലൂടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി തെരഞ്ഞെടുക്കപ്പെട്ടത് ടെക്‌ജെൻഷ്യ വികസിപ്പിച്ച വി-കൺസോൾ ആണ്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ സംഘടിപ്പിച്ച ടെക്നോളജി ചലഞ്ചിൽ പങ്കെടുത്ത രണ്ടായിരം കമ്പനികളെ പിന്തള്ളിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചെർത്തല ഇൻഫോപാർക്കിൽ സ്ഥിതിചെയ്യുന്ന ടെക്ജെൻസിയ വിജയിച്ചപ്പോൾ ഏവരും ആദ്യം ഒന്ന് ഞെട്ടി എന്നതാണ് സത്യം. ഇപ്പോഴിതാ സ്വന്തം സംസ്ഥാനവും അംഗീകരിക്കുന്നു.

മറ്റ് സോഫ്റ്റ്‌വേറുകളിൽനിന്ന് വി കൺസോളിനെ വ്യത്യസ്തമാക്കുന്നത് സുരക്ഷയാണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നയാൾക്കുമാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും പാസ്വേഡ് ഉപയോഗിച്ച് മീറ്റിങ്ങിൽ കയറാം. സൈനിക ആവശ്യങ്ങൾക്കുവരെ ഇതുപയോഗിക്കാം. ദൃശ്യഗുണമേന്മയാണ് ഏറ്റവും വലിയ സവിശേഷത. എച്ച്.ഡി. ക്വാളിറ്റിവരെ കിട്ടും. ഒരാൾ കയറിയാലും 50 പേർ കയറിയാലും ക്വാളിറ്റിയിൽ ഒരു വ്യത്യാസവുമില്ല. നൂറിലധികം പേർക്ക് മീറ്റിങ്ങിൽ പങ്കെടുക്കാം. മുന്നൂറിലധികംപേർക്ക് കാണുകയും ചെയ്യാം.

10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ വില 43 കോടിയാണ്. എന്നാൽ, സൗജന്യമായാണ് ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ കേരള സർക്കാരിന് നൽകുന്നത്. പകരം ടെക്ജൻഷ്യ പ്രവർത്തിക്കുന്ന ചേർത്തല, കൊച്ചി ഐടി പാർക്കുകളിലെ 15,000 ചതുരശ്ര അടി സ്ഥലത്തെ വാടക സർക്കാർ വഹിക്കും. ഏകദേശം 79 ലക്ഷം രൂപയാണ് വാടക ഇനത്തിൽ സർക്കാർ പ്രതിവർഷം ചെലവഴിക്കുക. ആപ്ലിക്കേഷൻ പരിപാലനവും ഡേറ്റാ സംരക്ഷണവും ഐടി മിഷന്റെ ചുമതലയാണ്. കേരള ഹൈക്കോടതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഭാഭാ ആറ്റമിക് റിസർച് സെന്റർ, ഇന്ത്യൻ പ്ലാസ്മ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നേവി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്.

'സ്വന്തം സംസ്ഥാനത്തെ ഓഫിസുകളിൽ വികൺസോൾ ഉപയോഗിക്കുമെന്നതിൽ സന്തോഷമെന്ന് ടെക്ജൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ആപ്ലിക്കേഷൻ എത്തിക്കുകയാണ് ലക്ഷ്യം. ബംഗാൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂം ആപ്പിനേക്കാൾ മികച്ചതാണ് വി കൺസോൾ എന്നാണ് വിലയിരുത്തൽ. കേന്ദ്ര അംഗീകാരം വന്നതോടെ ടെക്‌ജെൻഷ്യ സാരഥി ജോയ് സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിലും താരമായി മാറിയിരുന്നു. ആരെയും അമ്പരിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ കൂടിയാണ് അദ്ദേഹത്തിന്റെത്. ചേർത്തലയിൽ ഒരു ഐടി കമ്പനി ജോയി തുടങ്ങിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ടായിരുന്നു. പക്ഷേ കഠിനാധ്വാനത്തിലൂടെ ഏവരേയും അമ്പരപ്പിച്ചു ജോയ്.

വറുതിയുടെ ബാല്യത്തിൽനിന്ന് വളർന്നു

ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ ചെട്ടികാട് എന്ന ഗ്രാമത്തിലാണ് ജോയ് സെബാസ്റ്റ്യന്റെ വീട്. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ഗ്രാമമാണ് ചെട്ടികാട്. വറുതിയുടെ കരയിലായിരുന്നു ജോയിയുടെ ബാല്യം. മത്സ്യത്തൊഴിലാളിയായ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോയിയുടെ മൂത്ത സഹോദരൻ ജോബും പഠിക്കാൻ മിടുക്കനായിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാറും കോളും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീന്താൻ യാതൊന്നും ജോബിനും ജോയിക്കും തടസമായില്ല. അന്നേ ചെട്ടിക്കാട്ടുകാർ പറയുമായിരുന്നു; ജോബും ജോയിയും തീരത്തിന്റെ അഭിമാനമാകുമെന്ന്.

പക്ഷേ, അപ്രതീക്ഷിതമായൊരു ദുരന്തം ആ കൊച്ചുവീട്ടിലേക്ക് കടന്നു വന്നു. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ജോബ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. വലിയ ആഘാതമായിരുന്നു ജോബിന്റെ അകാല വിയോഗം ആ കുടുംബത്തിനും നാടിനും സൃഷ്ടിച്ചത്. പഠന മികവിൽ ജോയിയേക്കാളും മുന്നിലായിരുന്നു ജോബ്. എല്ലാവരുടെയും പ്രതീക്ഷകളും കാത്തിരുപ്പുകളും വിഫലമാക്കി ജോബ് പോയി. സഹോദരൻ ജോയിയുടെ ജീവിതത്തിൽ വലിയ താങ്ങായിരുന്നു. അത് നഷ്ടമായെങ്കിലും തളർന്നിരിക്കാൻ കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷ തന്നിലാണെന്നറിയാമായിരുന്നു ജോയിക്ക്. പഠനം മുന്നോട്ടുകൊണ്ടു പോകാൻ വെല്ലുവിളികളേറെ തരണം ചെയ്യണമായിരുന്നു. പിതാവിന്റെ വരുമാനം ഒന്നിനുമൊന്നിനും തികയില്ലെന്നറിയാവുന്ന ജോയി, ട്യൂഷൻ സെന്ററുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കാൻ പോയി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം മുന്നോട്ടു പോയി. സർക്കാർ സ്‌കൂളുകളിൽ നിന്നും പഠിച്ചു വളർന്ന ജോയിയുടെ ചിന്തകളിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗിന്റെ സാധ്യതകൾ ആവേശം കൊള്ളിക്കുമ്പോൾ, കമ്പ്യൂട്ടർ വ്യാപകമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. തീരത്തു നിന്ന് ജോയ് ടികെഎം എഞ്ചിനീയറിങ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പഠിക്കാൻ പോകുമ്പോൾ, അതിനെക്കുറിച്ചൊന്നും അത്ര ബോധ്യമില്ലായിരുന്നുവെങ്കിലും ചെട്ടികാട് ഗ്രാമത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു.

കംമ്പ്യൂട്ടർ വാങ്ങാൻ പോലും പണമില്ലാത്ത കാലം

എം.സി.എ.യ്ക്ക് പഠിക്കുന്ന കാലം. ഹോസ്റ്റലിലെ 12 സുഹൃത്തുക്കൾചേർന്ന് പഠിക്കാനായി പിരിവിട്ട് രണ്ട് കമ്പ്യൂട്ടറുകൾ വാങ്ങി. സാമ്പത്തിക പ്രയാസമുള്ളതിനാൽ ജോയിയോട് അവർ പിരിവുചോദിച്ചുമില്ല. ചോദിച്ചാൽത്തന്നെ കൊടുക്കാനുമില്ല. പിരിവ് നൽകിയില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ കൂടുതൽ സമയവും കമ്പ്യൂട്ടർ ഉപയോഗിച്ചത് ജോയിതന്നെ. കോഴ്‌സുകഴിഞ്ഞ് ജോയി വീട്ടിലേക്കുമടങ്ങി. പിന്നീട് കൂട്ടുകാർ ആ കമ്പ്യൂട്ടറുകൾ ജോയിയുടെ വീട്ടിലെത്തിച്ച് പറഞ്ഞു: ''നിനക്കൊരു ജോലികിട്ടുന്നതുവരെ, ഈ കമ്പ്യൂട്ടറിനെ വരുമാനമാക്കണം. ഇതുകൊണ്ട് ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങണം.'' വീട്ടിലെ സ്ഥിതി മനസ്സിലാക്കി കൂട്ടുകാർ നൽകിയ ആ കമ്പ്യൂട്ടറായിരുന്നു ജോയിയുടെ ജീവിതത്തിലെ ആദ്യനിക്ഷേപം, ആദ്യസംരംഭവും.ഇതിനിടെ പി.എസ്.സി. പരീക്ഷയെഴുതി. കോടതിയിൽ എൽ.ഡി. ക്ലാർക്കായി ജോലി ലഭിച്ചെങ്കിലും ജോയിയുടെ ലക്ഷ്യം ഐ.ടി.മാത്രമായിരുന്നു.

അവനീർ എന്ന കമ്പനിയിലായിരുന്നു തുടക്കം. 2000-ത്തിൽ ഓഡിയോ കോൺഫറൻസിനുള്ള സംവിധാനമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികപ്രശ്‌നംമൂലം 2006-ൽ കമ്പനി പൂട്ടി. എന്നാലും ആ കമ്പനിയുടെ ഉടമസ്ഥന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി അവർക്കുവേണ്ടി ജോലിചെയ്തു. 2009-ൽ ടോണി തോമസ് എന്ന സുഹൃത്തുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇപ്പോൾ ലോകമറിയപ്പെടുന്ന ടെക്‌ജെൻഷ്യയായി മാറിയത്. ഈ കമ്പനി 2009 മുതൽ വീഡിയോ കോൺഫറൻസ് സംവിധാനം ചെയ്തുതുടങ്ങി. അന്നുമുതലേ യുഎസിലെയും യൂറോപ്പിലെയും പല കമ്പനികൾക്കായും വീഡിയോ കോൺഫറൻസ് സംവിധാനമൊരുക്കി നൽകി. ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും വരുമാനം കാര്യമായി ഇല്ലായിരുന്നു. ചിലപ്പോൾ മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിച്ചില്ല. എന്നാൽ, പതിയെപ്പതിയെ കമ്പനി വളർന്നു.

സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് ജോയി പഠിച്ചത്. അതിനാൽ ഐടി രംഗത്ത് ആദ്യഘട്ടത്തിൽ പല പരീക്ഷകളിലും ജയിച്ചെങ്കിലും അഭിമുഖത്തിനെത്തിയപ്പോൾ പരാജയപ്പെട്ടു. ഇംഗ്ലീഷുതന്നെയായിരുന്നു പ്രശ്‌നം. എന്നാൽ, അതിനെയെല്ലാം നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കി. ആ പാഠത്തിൽനിന്ന്, വിദ്യാഭ്യാസയോഗ്യതയല്ല കഴിവാണ് മുഖ്യമെന്ന് ജോയി പറയുന്നു. ആദ്യമൊക്കെ കമ്പനിയിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥ. വൻനഗരമല്ലാത്ത ചേർത്തലയിലേക്ക് വരാൻ ആളുകൾ മടിച്ചു. വന്നവരിലധികവും നാട്ടിൻപുറത്തുകാർ. അവരെ ജോലിക്കെടുത്തു. കഴിവുമാത്രമാണ് നോക്കിയത്. അങ്ങനെ അതൊരു തനിനാടൻ ഐ.ടി. കമ്പനിയായി മാറി. എൻജിനിയറിങ് പഠിക്കാത്ത പലരും ഇന്ന് ഈ കമ്പനിയിലെ വിലയേറിയ എൻജിനിയർമാരാണ്.