- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിത എന്ന സർട്ടിഫിക്കറ്റ് ബ്രിട്ടൺ എംബസി നൽകില്ല; കല്യാണത്തിന് അത് വേണമെന്ന വാശിയിൽ സബ് രജിസ്ട്രാറും; അസാധ്യമായത് വേണമെന്ന് പറയുന്നത് നീതിയല്ലെന്ന് ഹൈക്കോടതിയും; പാമ്പാടിക്കാരൻ ജോയലിനും ബ്രിട്ടീഷുകാരി ജീവയ്ക്കും ഇനി വിവാഹം
കൊച്ചി: അസാധ്യമായ കാര്യങ്ങൾ നേടിയെടുക്കണമെന്ന് പറഞ്ഞ് നീതി നിഷേധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകാൻ ഇതാ ഒരു ഹൈക്കോടതി വിധി. കോട്ടയം പാമ്പാടി സ്വദേശി ജോയൽ കെ. യോയക്കിമും ബ്രിട്ടീഷ് പൗരത്വമുള്ള ജീവാ ജോയിയുമായുള്ള ഇനി ജീവിതത്തിൽ ഒരുമിക്കാം. ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തു നൽകാനാണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്.
അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പരിഗണിക്കാതെ വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടത്താനാണ് ഹൈക്കോടതിയുടെ അനുമതി. ജീവാ ജോയിക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും ഉണ്ട്. ഇന്ത്യയിൽ വേരുകളുള്ള വിദേശ പൗരന്മാർക്ക് നൽകുന്നതാണ് ഈ കാർഡ്. അതായത് ജീവാ ബ്രിട്ടീഷ് പൗരയാണെങ്കിലും ഇന്ത്യക്കാരി തന്നെ. ഇവരുടെ വിവാഹത്തിനാണ് ഹൈക്കോടതി അനുമതി നൽകുന്നത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയപ്പോൾ പാമ്പാടി സബ് രജിസ്ട്രാർ ആണ് ബ്രിട്ടീഷ് എംബസിയിൽനിന്നുള്ള എതിർപ്പില്ലാരേഖയും അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നാവശ്യപ്പെട്ടത്. ഇതാണ് പ്രശ്‌നമായി മാറിയത്. തുടർന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ ജീവ സർട്ടിഫിക്കറ്റിനായി ലണ്ടനിലെ കോൺസുലർ ഡയറക്ടറേറ്റ് ഓഫീസിനെ സമീപിച്ചെങ്കിലും അത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് നിയമപരമായി അധികാരമുള്ള അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇത് അവിടത്തെ വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തി. ബ്രിട്ടീഷ് എംബസി നൽകിയ അവിവാഹിത എന്ന സർട്ടിഫിക്കറ്റില്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട് പ്രശ്‌നം സങ്കീർണ്ണമാക്കി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ എംബസിക്ക് നിയമപരമായി കഴിയില്ലെന്ന് കോടതി വിലയിരുത്തി. അസാധ്യമായ കാര്യങ്ങൾ നേടിയെടുക്കണമെന്ന് ആരെയും നിർബന്ധിക്കാനാകില്ല. തുടർന്നാണ് അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് ഹർജിക്കാരുടെ വിവാഹം രജിസ്റ്റർചെയ്യാൻ കോടതി ഉത്തരവിട്ടത്.
രേഖകളില്ലെന്ന പേരിൽ വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അനീതിയാണെന്നും വിലയിരുത്തി. തുടർന്നാണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ സ്വീകരിച്ച് വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ