കഴിഞ്ഞ ദിവസം ഹസൻ പറഞ്ഞ 'വീട്ടമ്മ,' പ്രയോഗം വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം കേരള രാഷ്ട്രീയത്തിലെ വികലമായ പുരുഷമേധാവിത്ത കാഴ്‌ച്ചപ്പാടിന്റെ ഒരു ഉദാഹരണമാണ് അത്. അതുകൊണ്ടുതന്നെ ഹാസനെ വിമർശിച്ചവരോടോപ്പമാണ് ഞാനും. പക്ഷെ അതു ഹസ്സന്റെ പാർട്ടിയിൽ മാത്രമല്ല ഹസ്സനെ വിമർശിക്കുന്നവരുടെ പാർട്ടിയിലും രൂഢമൂലമാണ് എന്ന് തിരിച്ചറിയണം.

കേരള നിയമസഭയിൽ എത്ര സ്ത്രീകൾ ഉണ്ട് ? വലിയ വായിൽ പുരോഗമനം പറഞ്ഞിട്ട് എന്തുകൊണ്ട് കേരള നിയമ സഭയിൽ സ്ത്രീകളുടെ എണ്ണം വളരെ ദയനീയമായ സ്ഥിതിയിൽ നിൽക്കുന്നത്? എല്ലാം രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വം പരിശോധിച്ചാൽ എത്ര സ്ത്രീകൾ ഉണ്ട് ? ഓരോ പ്രധാന പാർട്ടിയെയും ജില്ലകളിൽ നയിക്കുന്നവരിൽ എത്ര സ്ത്രീകൾ ഉണ്ട്? എന്താണ് പല രാഷ്ട്രീയ പാർട്ടികളും തോക്കാൻ സാധ്യത ഉള്ള സീറ്റുകളിൽ ചാവേർ ആയി സ്ത്രീകളെ നിർത്തുന്നു? കേരളത്തിൽ ഇന്ന് വരെയും ഒരു സ്ത്രീ മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആകാത്തത് എന്താണ്?

കാരണം സിമ്പിൾ ആണ്. ലെഫ്റ്റിനും സെന്ററിനും റൈറ്റിനും പുരുഷ മേധാവിത്ത കാര്യം ഒരുപോലെ ആണ്. തമ്മിൽ ഭേദം തൊമ്മൻ എന്ന് ചിലർ വാദിക്കും. എങ്കിലും തികഞ്ഞ യാഥാസ്ഥിക പുരുഷ മേധാവിത്തത്തിൽ ബിജെപി യും, കോൺഗ്രസ്സും കമ്മ്യുണിസ്റ്റും ഒക്കെ കണക്കാണ്. അതു കൊണ്ടാണ് ' സ്ത്രീകൾക്ക് അടക്കവും ഒതുക്കവും' വേണമെന്ന് കരുതുന്ന വൈങ്കയ്യ നായിഡുവിനേ പോലെയുള്ളവർ സ്ത്രീകൾ പൊട്ടി ചിരിച്ചാൽ അസ്വസ്ഥതരാകുന്നത്. അതുകൊണ്ടാണ് ഗോവ മുഖ്യമന്ത്രി സ്ത്രീകൾ 'പോലും', ബീയർ കുടിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് കേരളത്തിലെ 'സരസനായ' ഒരു മുഖ്യ മന്ത്രി 'റേപ്പ് എന്നാൽ ചായ കുടിക്കുന്നപോലെ' ആണ് എന്ന് കണ്ടെത്തിയത്. ഇന്ത്യയിലേ ഏറ്റവും കൂടുതൽ പുരുഷ ബ്രാഹ്മണ മേധാവിത്തം ഉള്ള സംഘടന ആർഎസ്എസ് തന്നെയാണ്. ഏതാണ്ട് സമാനമാണ് കമ്മ്യുണിസ്റ്റ് പാർട്ടി. അവിടെ നേതൃത്തിൽ എത്ര സ്ത്രീകളും ദളിതരും മുസ്ലീങ്ങളും ഉണ്ട്? അതിന്റെ തുടക്കം മുതൽ ഇത് വരെ? എന്താണ് ഗൗരി അമ്മയെ പോലെ ഒരാൾ പൊളിറ്റ് ബ്യുറോയിൽ പോകാഞ്ഞത്? മുഖ്യമന്ത്രി ആകാഞ്ഞത്? എന്താണ് സുശീല ഗോപാലൻ പൊളിറ്റ് ബ്യുറോയിൽ പോകാഞ്ഞത് ? കോൺഗ്രസ്സിലും ഇന്ദിര ഗാന്ധിയും സോണിയജിയും ഒക്കെ നേതൃത്ത സ്ഥാനത്തു വന്നതും പാട്രിയാർക്കിയിൽ കൂടെ തന്നെയാണ്. മുസ്ലിം ലീഗ് കാരുടെ കാര്യം പറയാനും ഇല്ല. ചുരുക്കത്തിൽ സ്ത്രീ വിരുദ്ധതയും പുരുഷാധിപത്യവും ഇന്ത്യയിലെയും കേരളത്തിലെയും പൊതു മണ്ഡലത്തിലും രാഷ്ട്രീയ പാർട്ടികളിലും പല ഡിഗ്രിയിൽ രൂഢമൂലമാണ് .

ഇനി കേരള ബജറ്റിന്റെ കാര്യം നോക്കാം. അവിടെ ഐസക് സ്ത്രീ എഴുത്തുകാരുടെ കവിതയും കഥയും ഒക്കെ ഉദ്ധരിച്ചത് വിൻഡോ ഡ്രസിങ് മാത്രമാണ്. കണ്ണിൽ പൊടി ഇടുന്ന ഒരു ഞുണുക്ക് വിദ്യ. കാരണം ഐസക്ക് 2010 ൽ ആണ് ജെണ്ടർ ബജറ്റ് പറഞ്ഞത്. പിന്നെ ഗ്രീൻ ബജറ്റ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യവും പറഞ്ഞു. പക്ഷെ ബജറ്റിൽ സ്ത്രീ കളുടെ കവിത ഉദ്ധരിച്ചതുകൊണ്ട് സ്ത്രീ ഉദ്ധാരണം നടക്കില്ല. 2017 ൽ ബജറ്റിൽ പറഞ്ഞ എത്ര സ്ത്രീ ശാക്തീകരണ പ്രോഗ്രാം നടന്നു. അതിനു മുമ്പിലത്തെ സർക്കാർ ജെണ്ടർ പാർക്ക് കൊണ്ട് വന്നു. എന്തെങ്കിലും സംഭവിച്ചോ? പ്രശ്‌നം പ്രസംഗത്തിൽ നിന്നും പ്രവൃത്തിയിലേക്കുള്ള ദൂരം ആണ്.

കാരണം ഇവിടെ സ്ത്രീ കവിത വായിച്ചു നടക്കുന്നത് പോലും പുരുഷന്മാരുടെ രക്ഷാകർതൃ രാഷ്ട്രീയമാണ് (politics of patronisation). കാരണം ഒരു പുരുഷ മേധാവിത്ത ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ള പോളിസി പോലും അറ്റ് ബെസ്റ്റ് പെട്രന്‌സിസിങ് ആയി പോകും. ഇതിനു മികച്ച ഉദാഹരണം ആണ് കുടുംബശ്രീയും ജനശ്രീയും ഒക്കെ. കാരണം ഇത്ര വലിയ സ്ത്രീ സംഘടനകൾ ഉണ്ടായിട്ടും രാത്രി ഏഴുമണി കഴിഞ്ഞാൽ ഇറങ്ങി നടാക്കാൻ നോക്കാത്ത അവസ്ഥ. ഗാർഹിക പീഡനത്തിനു കുറവില്ല. കൊച്ചു കുട്ടികളും അമ്മച്ചിമാരും പോലും ബലാൽസംഗം ചെയ്യപ്പെടുന്ന നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കു ഒരു ജില്ലയിൽ ഒരു വനിതാ പൊലീസ് മാത്രമുള്ള കേരളത്തിൽ സ്ത്രീകളുടെ കവിത ഉപയോഗിച്ച് ഒരു ഒരു ബജറ്റ് വിന്‌ഡോ ഡ്രസിങ് നടത്തിയതുകൊണ്ട് തീരുന്നതല്ല കേരളത്തിൽ എല്ലായിടത്തും ഉള്ള സ്ത്രീ വിരുദ്ധതയും പുരുഷ ആധിപത്യവും. അതു ഹദിയയുടെ കാര്യത്തിൽ നാം കണ്ടതാണ്. അതു പോലെ ഒരുപാട് ഉദാഹരങ്ങൾ വേറെയും ഉണ്ട്.

ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു പാർട്ടി ലോയൽറ്റിക്ക് അപ്പുറം കാണേണ്ട കേരള സമൂഹത്തിലെ പുഴുക്കുത്തുകൾ ആണ്. അതു മാറ്റേണ്ടത് നമ്മൾ ഓരോരുത്തരും ആണ്. ഐസക് ബജറ്റിൽ ശ്രീ നാരായണ സൂക്തം പറഞ്ഞതുകൊണ്ട് മാറന്നതല്ല കേരളത്തിൽ എല്ലാം രാഷ്ട്രീയ പാർട്ടികളിലും രൂഢമൂലവുമായിരിക്കുന്ന ജാതി മത ചിന്തകൾ. കാരണം ജാതിയും മതവും നോക്കാതെ ആളുകളെ തിരഞ്ഞെടുപ്പിന് നിർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ന് കേരളത്തിൽ ഇല്ല. ഗ്രീൻ ഗ്രീൻ ബജറ്റ് പറഞ്ഞതുകൊണ്ടോ സുഗത കുമാരിയുടെയോ ഓ എൻ വി യുടെയോ കൃഷ്ണ വാര്യരുടെയോ കവിത ബജറ്റിൽ ഉദ്ധരിച്ചു എന്ന് വച്ചു കേരളത്തിലെ പുഴകൾ മാലിന്യം നിറഞ്ഞു മരിക്കാതെ ഇരിക്കുന്നില്ല. ബജറ്റിലെ പശുക്കൾ പുല്ലു തിന്നാത്തതു എന്തുകൊണ്ടാണ് എന്ന് ചോദിക്കണം.

കാരണം ചൈനീസിൽ ഒരു ചൊല്ലുണ്ട്. The more we talk about something, the less it is present in reality. ഞാൻ പൂർണ്ണമായും ജെണ്ടർ ബജറ്റിനെയും ഗ്രീൻ ബജറ്റിനെയും പിന്താങ്ങുന്ന ആളാണ്. എന്റെ പ്രശ്‌നം പ്രസംഗവും പ്രവൃത്തിയും തമ്മിൽ വളരുന്ന അന്തരം ആണ്. എന്റെ പ്രശ്‌നം പറഞ്ഞതിൽ പാതി പാതിരാവുന്നതും അറിഞ്ഞതിൽ പാതി നടക്കാതെ പോകുന്നത് ആണ്. എന്റെ പ്രശ്‌നം രൂഢമൂലമായ സ്ത്രീ വിരുദ്ധതയും പുരുഷ മേധാവിത്വവും മാറ്റാൻ ശ്രമിക്കാതെ സ്ത്രീകൾ എഴുതിയ കവിത പറഞ്ഞു വെറും വിൻഡോ ഡ്രസിങ് നടത്തുന്ന ഉപരിപ്ലവ പ്രകടനപരതയാണ്.

(ജെഎസ് അടൂർ ഫേസ്‌ബുക്കിൽ കുറിച്ചത്)