ആലപ്പുഴ: സിപിഎമ്മിൽ ലയിക്കാൻ ഒരുങ്ങുന്ന ജെഎസ്എസിൽ പുറത്താക്കൽ നാടകം തുടരുന്നു. കഴിഞ്ഞ ദിവസം കെ ആർ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിർചേരിയെ പുറത്താക്കിയിരുന്നു. എന്നാൽ, ഇന്ന് നേരെ തിരിച്ചും പുറത്താക്കൽ നടത്തി.

പരസ്പരം പുറത്താക്കൽ തുടരുന്നതിനിടയിൽ ജെഎസ്എസിലെ ഗൗരിയമ്മ വിരുദ്ധ വിഭാഗം ഇന്ന് ഉച്ചയോടെ യോഗം ചേർന്ന് ഗൗരിമ്മയെയും ജെഎസ്എസ്സിൽനിന്നും നീക്കി. നേരത്തെ, പാർട്ടിയുടെ സ്വത്തുക്കളെല്ലാം സിപിഎമ്മിനു കൈമാറുമെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്വത്തുക്കൾ സിപിഎമ്മിനു കൈമാറില്ലെന്ന നിലപാടാണു മറുപക്ഷത്തിനുള്ളത്.

ഗുരുതരമായി പാർട്ടി അച്ചടക്കലംഘനം നടത്തിയ സംസ്ഥാന സെക്രട്ടറിയും ഗൗരിയമ്മയുടെ ഇപ്പോഴത്തെ അടുത്ത അനുയായിയുമായ ഗോപന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും എതിർപക്ഷം തീരുമാനിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതലയും ഗൗരിയമ്മയിൽനിന്നും എടുത്തുമാറ്റി. ഇനി ചുമതല പ്രസിഡന്റ് അഡ്വ. പി എസ് പ്രദീപ് വഹിക്കും.

അടുത്ത ദിവസങ്ങളിൽ യോഗം ചേർന്ന് പുതിയ സെക്രട്ടറിയെ തീരുമാനിക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഡ്വ. പി എസ് പ്രദീപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 60 പേർ അടങ്ങുന്ന സംസ്ഥാന സമിതിയാണ് ഗൗരിയമ്മയ്‌ക്കെതിരെ കടുത്ത നടപടിവേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജെ എസ് എസ്സിൽ ആരെയും പുറത്താക്കാൻ ഗൗരിയമ്മയ്ക്ക് അധികാരമില്ല. ഏഴുമാസമായി സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഇന്നലെ സെന്റർ ചേർന്ന് തങ്ങളെ പുറത്താക്കിയെന്ന ഗൗരിയമ്മയുടെ പ്രസ്താവന ബാലിശമാണ്. ഗൗരിയമ്മ തങ്ങളോട് ആലോചിക്കാതെ അരൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകൾ സി പി എമ്മിന് വിട്ടുകൊടുത്തു. ഇത് പ്രവർത്തകർ 10 രൂപ മുതൽ 1000 വരെ സ്വരൂപിച്ച് വാങ്ങിയ ആഫീസാണ്. അല്ലാതെ ഗൗരിയമ്മ പറഞ്ഞതുപോലെ അധികാരത്തിലിരുന്നപ്പോൾ അനധികൃതമായി ഉണ്ടാക്കിയതല്ല. ഇത് തിരിച്ചുപിടിക്കാൻ കോടതിയെ സമീപിക്കും.

ജെഎസ്എസിന്റെ സ്വത്തുക്കൾ സിപിഎമ്മിന് വിട്ടു നൽകില്ലെന്ന് അഡ്വ. എ.എൻ രാജൻ ബാബു വ്യക്തമാക്കി. അരൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പാർട്ടിക്ക് സ്വത്തുള്ളത്. ഗൗരിയമ്മ സിപിഎമ്മിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്വത്തുക്കൾ ജെ.എസ്.എസിന് വിട്ടു നൽകണം. പാർട്ടി അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്ന് പ്രവർത്തകർ പിരിവെടുത്തും വാങ്ങിയ വസ്തുക്കളാണ് അവയെന്നും രാജൻ ബാബു അറിയിച്ചു.

കഴിഞ്ഞ 17 ന് ശേഷം ഗൗരിയമ്മ ജെഎസ്എസുകാരിയല്ല. സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗൗരിയമ്മ കാട്ടികൂട്ടുന്ന മണ്ടത്തരങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഒരിക്കൽ സിപിഐ(എം) പടിയടച്ച് പിണ്ഡംവച്ച ഗൗരിയമ്മ വീണ്ടും പഴയതാവളത്തിലേക്ക് ചേക്കേറിയപ്പോൾ ഭവിഷ്യത്തുകൾ മനസിലാക്കിയില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അംഗത്വം റദ്ദുചെയ്യുന്നില്ല.

ഗൗരിയമ്മയ്ക്ക് വേണമെങ്കിൽ പ്രവർത്തിക്കാം. ഒരു മുതിർന്ന നേതാവെന്ന നിലയിൽ കുറച്ച് ദയകാണിക്കുന്നു. എന്നാൽ ഇനി ഗൗരിയമ്മയുമായി ചേർന്ന് ഇടതുമുന്നണിയിലേക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ഗൗരിയമ്മയുടെ സാനിദ്ധ്യത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇടതുമുന്നണിയിൽ പ്രവേശം ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ട്. ഇത് മുന്നണിയോട് ആവശ്യപ്പെടും. ഇടതുപക്ഷ മതേതര കൂട്ടായ്മയാണ് പാർട്ടി ലക്ഷ്യമിടുന്നത്.