തിരുവനന്തപുരം: നിയമന വിവാദത്തെ തുടർന്ന് കേരള സർവകലാശാലയിൽ നിന്നും കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്റെ ഭാര്യ രാജിവെക്കേണ്ടി വന്നിരുന്നു. സർകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആൻഡ് ടീച്ചർ എജ്യൂക്കേഷന്റെ ഡയറക്ടർ സ്ഥാനത്തു നിന്നുമാണ് മന്ത്രി പത്‌നി ഡോ.ജൂബിലി നവപ്രഭ രാജിവച്ചെത്. തനിക്കെതിരായ ആരോപണങ്ങൾ സുധാകരനെ ബാധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് താൻ ധർമപത്‌നിയാണെന്ന് പ്രഖ്യാപിച്ച് ജൂബിലി രാജിവെച്ചത്.

അതേസമയം താൻ സ്ഥാനമൊഴിയാൻ ഇടയായ സാഹചര്യം വിശദീകരിച്ചും കൊണ്ടും ജൂബിലി രംഗത്തെത്തി. അഴിമതിക്കെതിരെ പ്രതികരിച്ചതു കൊണ്ടാണ് തന്നെ പുകച്ചു പുറത്തുചാടിച്ചതെന്നാണ് ജൂബിലി നവപ്രഭ ആരോപിച്ചത്. തനിക്ക് മതിയായ യോഗ്യതകൾ ഉണ്ടെന്നും അവർ മനോരമയ്ക്ക് നൽകി അഭിമുഖത്തിൽ വ്യക്തമാക്കി. കേരള സർവകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആൻഡ് ടീച്ചർ എജ്യുക്കേഷന്റെ (ഡോംടെക്) ഡയറക്ടർ സ്ഥാനമാണ് ജൂബിലി നവപ്രഭ രാജിവെച്ചത്.

തന്നെ പുകച്ചു പുറത്തുചാടിക്കാൻ ഇടയാക്കിയത് മൂന്ന് പ്രിൻസിപ്പൽമാരുടെ മികവുപരിശോധന വീണ്ടും നടത്താൻ നിർദേശിച്ചതോടെയാണെന്ന് അവർ വ്യക്തമാക്കി. കരാർ ജീവനക്കാരിയായ തന്നെ സ്ഥിരമായി നിയമിക്കാൻ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും അവർ അടിവരയിട്ടു പറയുന്നു. ഒരു വർഷത്തേക്കു കരാർ നിയമനത്തിനു പ്രവേശിച്ച ഒരാളെ സ്ഥിരപ്പെടുത്താനാവില്ല എന്നതാണു ചട്ടം. അതെങ്ങനെ മറികടക്കാനാകുമെന്നും ജൂബിലി ചോദിക്കുന്നു.

അഴിമതിയോടു കീഴ്‌പ്പെടാത്തതിന്റെ ശമ്പളമാണ് അപവാദപ്രചാരണമായി ഞാൻ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതെന്നുമാണ് അവർ പറയുന്നത്. സ്വന്തം പിടിപ്പുകേടുകൾ പുറത്താകുമോയെന്ന ഭയം. അല്ലാതെ ജി.സുധാകരൻ എന്ന പൊതുപ്രവർത്തകൻ സ്വജനപക്ഷപാതത്തോടു വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നുവെങ്കിൽ എംബിഎ റാങ്ക് ജേതാവായ അനുജത്തിയുടെ മകൾക്കു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടിവരില്ലായിരുന്നല്ലോയെന്നും അവർ ചോദിക്കുന്നു.

അടുക്കും ചിട്ടയുമില്ലാതെയാണ് ഡോംടെക് പ്രവർത്തിച്ചിരുന്നതെന്നും ജൂബിലി പറയുന്നു. കൊമേഴ്‌സ് അദ്ധ്യാപികയായ ഞാൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നതെങ്ങനെയെന്ന് ആരോപണമുന്നയിച്ചവരുണ്ട്. യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പോലും തന്റെ യോഗ്യതയിൽ സംശയം പ്രകടിപ്പിക്കുന്നവർക്ക് അറിയില്ലെന്നും അവർ പറഞ്ഞു. തീർത്തും സുതാര്യമായിത്തന്നെയാണു ഡോംടെക് ഡയറക്ടർ സ്ഥാനത്തേക്കു നിയമിച്ചത്. എന്നോടൊപ്പം അഭിമുഖത്തിൽ പങ്കെടുത്തവർ ഭൂരിഭാഗവും പ്രിൻസിപ്പൽമാരായും വൈസ് പ്രിൻസിപ്പൽമാരായും വിരമിച്ചവർതന്നെയായിരുന്നു. അക്കൂട്ടത്തിലെ ഒരേയൊരു റിസർച്ച് ഗൈഡ് ഞാനായിരുന്നു. യോഗ്യതകൾകൊണ്ടു മാത്രം നേടിയ ജോലിയാണ് ഉപേക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

കേരള സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സർവകലാശാലാ ബജറ്റ് മുതലാണ്. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിൻഡിക്കറ്റ് അംഗങ്ങളുമായിരുന്നു. മാനേജ്‌മെന്റ്, എജ്യുക്കേഷൻ, ടെക്‌നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങൾക്ക് ഓരോന്നിനും നിലവിൽ ഡയറക്ടർമാർ ഉണ്ടായിരുന്നു. സർവകലാശാലയിൽ ജോലിചെയ്യുന്ന മുതിർന്ന പ്രഫസർമാരെയാണ് ഈ തസ്തികയിൽ നിയമിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ സർവകലാശാലാ ബജറ്റിൽ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആർക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.

തുടർന്നു സ്വാശ്രയ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള കമ്മിറ്റി ചേർന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിൻഡിക്കറ്റിനു ശുപാർശ നൽകി. തുടർന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, വകുപ്പു മേധാവി തസ്തികകളിൽനിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സർവകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിൻസിപ്പൽ, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകൾ അവിടത്തെ ഭരണസൗകര്യാർഥം സ്വന്തം നിലയ്ക്കു നൽകുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉൾപ്പെടെ എട്ടുപേരാണു ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജിൽ വൈസ് പ്രിൻസിപ്പലും കൊമേഴ്‌സ് അദ്ധ്യാപികയുമായിരുന്നു ഇവർ.

മാനേജ്‌മെന്റ്, എജ്യുക്കേഷൻ, ടെക്‌നോളജി വിഭാഗങ്ങളെ നയിക്കാൻ കൊമേഴ്‌സ് അദ്ധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സർവകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടർമാർക്കും മതിയായ യോഗ്യതയുണ്ടെന്നും അവർ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടർക്കു സർവകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാൽ മതിയെന്നു സിപിഎം സിൻഡിക്കറ്റ് അംഗങ്ങൾ നിർദേശിച്ചു. തുടർന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു. ഇതാണ് വിവാദമായതും.