ഇസ്‌ലാമാബാദ്: ഇന്ത്യക്ക് ഭീഷണിയായി ജമാഅത്തുദ് ദവയുടെ തലവൻ ഹാഫിസ് സയീദ് സംഘടനയുടെ പേര് തെഹ്രീക് ആസാദി ജമ്മു ആൻഡ് കാശ്മീർ എന്നാക്കി മാറ്റി പ്രവർത്തനം ശക്തമാക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നറിയപ്പെടുന്ന ഹഫീസ് സയീദിന്റെ നേതൃത്വത്തിലാണ് ലഷ്‌കറെ തൊയ്ബയുടെ ഭാഗമായ ജമാഅത്തുദ് ദവ പ്രവർത്തിച്ചുവന്നത്. ഹഫീസ് സായിദിനെയും സംഘത്തെയും കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സർക്കാർ വീട്ടു തടങ്ങിലാക്കിയിരുന്നു. ഇതിന് ശേഷമാണ് തെഹ്രീക് ആസാദി ജമ്മു ആൻഡ് കാശ്മീർ എന്ന് പേര് മാറ്റി സംഘടന ഇസ്ലാമാബാദിൽ തങ്ങളുടെ പ്രവർത്തനം സജീവാക്കിയത്.

കശ്മീരിന് എത്രയും വേഗം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പുതിയ സംഘടനയുടെ രൂപീകരണം. നിയമത്തിന്റെ നൂലാമാലകളിൽനിന്നു രക്ഷപ്പെടാനാണ് സംഘടനയുടെ പേരുമാറ്റമെന്ന് കരുതുന്നു. സയീദിന്റെ തന്നെ മറ്റൊരു സംഘടനയായ ഫലാഹ ഇൻസാനിയാത്ത്, പുതിയ പേരിലുള്ള സംഘടനയിൽ ലയിച്ചതായും സൂചനയുണ്ട്.

സയീദുൾപ്പെടെ നാലുപേരെ ഒരാഴ്ച മുൻപാണ് പാക്കിസ്ഥാൻ വീട്ടുതലടങ്കലിൽ ആക്കിയത്. എന്നാൽ, ഇവരുടെ സംഘടനയുടെ പ്രവർത്തനം ഇപ്പോഴും സാധാരണ നിലയിൽ നടക്കുന്നുമുണ്ട്. വെള്ളിയാഴ്ച രവി നദിയിൽ 100 യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഈ സംഘടയുടെ പ്രവർത്തകരാണെന്നാണ് വിവരം.

അതേസമയം, തനിക്കെതിരെ പാക്ക് സർക്കാർ നടപടിക്ക് ഒരുങ്ങുന്നുവെന്ന വിവരം സയീദിന് ചോർന്നുകിട്ടിയിരുന്നു എന്നതിന്റെ തെളിവാണ് അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ പുതിയ പേരിലുള്ള അവതാരമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സംഘടന രൂപീകൃതമായ വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, പാക്കിസ്ഥാനിൽ 'കശ്മീർ ദിന'മായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് സംഘടനയുടെ പേരിൽ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് സൂചന. ലഹോർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച ഒരു വൻകിട കശ്മീർ കോൺഫറൻസിനും സംഘടന പദ്ധതിയിടുന്നുണ്ട്.