വാഷിങ്ടൻ: ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ഏർപ്പെടുത്തിയ വീസ നിയന്ത്രണത്തിൽ യുഎസ് അയവു വരുത്തി. റദ്ദാക്കാത്ത വീസ ഉള്ളവർക്കെല്ലാം യുഎസിലേക്കു യാത്രചെയ്യാമെന്നാണ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ കുപ്രസിദ്ധ വീസ നിയന്ത്രണം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് സ്‌റ്റേറ്റ് ഡിപാർട്‌മെന്റിന്റെ നടപടി.

ഇറാഖ്, സിറിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കാണ് 90 ദിവസത്തെ പ്രവേശന വിലക്ക് പ്രസിഡന്റ് ട്രംപ് ഉത്തരവിലൂടെ ഏർപ്പെടുത്തിയത്. മാത്രമല്ല, അഭയാർഥികൾക്കു പ്രവേശനം അനുവദിക്കുന്ന യുഎസ് റെഫ്യൂജി അഡ്‌മിഷൻ പ്രോഗ്രാം 120 ദിവസത്തേക്കും നിർത്തിവയ്ക്കുകയും ചെയ്തു.

വീസ നിഷേധ ഉത്തരവിനെതിരെ യുഎസിലെങ്ങും വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 60,000ൽ പരം ആളുകളുടെ വീസകളാണ് ഉത്തരവിനെ തുടർന്ന് റദ്ദാക്കിയതെന്നാണ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് അറിയിച്ചത്.

ഉത്തരവിനെ ചോദ്യംചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് ഫെഡറൽ ജഡ്ജ് ജെയിംസ് റോബർട്ട് ട്രംപിന്റെ തീരുമാനം തള്ളിയത്.

ഇതിനിടെ തന്റെ ഉത്തരവു സ്റ്റേ ചെയ്ത സിയാറ്റിൽ ജില്ലാ ജഡ്ജിയെ ആക്ഷേപിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കോടതി ഉത്തരവ് വിഡ്ഡിത്തമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് മറികടക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാൽ, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. വിർജീനിയ, ന്യൂയോർക്ക്, മാസച്യുസെറ്റ്‌സ്, മിഷിഗൺ കോടതികൾ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നുണ്ട്.