ചണ്ഡീഗഢ്: പ്രസവാവധി ചോദിച്ചതിന് മുനിസിപ്പൽ ഭരണവിഭാഗത്തിൽ ജോലി നഷ്ടപ്പെട്ട കരാർ ജീവനക്കാരിക്ക് കർണാടക ഹൈക്കോടതി തുണയായത് കഴിഞ്ഞ മാസമാണ്. ബെംഗളൂരു ആർ.പി.സി. ലേഔട്ട് സ്വദേശി ബി.എസ്. രാജേശ്വരിക്കാണ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ ജോലി തിരികെ ലഭിച്ചത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ സംരക്ഷണവും കരുതലും നൽകാനും ലക്ഷ്യമിട്ടുള്ളതാണ് പ്രസവാവധി. എന്നാൽ, തർക്കം വരുന്ന എല്ലാ കേസുകളിലും പ്രസവാവധി അനുവദിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുകയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. രണ്ടിൽ കൂടുതൽ കുട്ടികളുള്ള സ്ത്രീകൾക്ക് പ്രസവാവധിക്ക് അർഹതയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചു.

ജസ്റ്റിസ് ജസ്‌വന്ത് സിങ്ങും ജസ്റ്റിസ് സന്ത് പ്രകാശും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ നഴ്‌സിങ് ഓഫീസറുടെ ഹർജിയാണ് തള്ളിയത്. തനിക്ക് പ്രസവാവധി നിഷേധിച്ച ആശുപത്രി അധികൃതരുടെ തീരുമാനത്തെയാണ് നഴ്‌സ് ചോദ്യം ചെയ്തത്.

ആദ്യവിവാഹത്തിൽ രണ്ടുകുട്ടികളുള്ള പുരുഷനെയാണ് ഇവർ വിവാഹം കഴിച്ചത്. താൻ പ്രസവിച്ച ആദ്യത്തെ കുഞ്ഞിനെ ശുശ്രൂഷിക്കാൻ പ്രസവാവധി നിഷേധിച്ചു എന്നായിരുന്നു പരാതി. എന്നാൽ രണ്ട് കുട്ടികളുള്ള ആളെ പുനർവിവാഹം ചെയ്ത സ്ത്രീക്ക് അവധിക്ക് അർഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.2019 ജൂലൈ മുതൽ 2019 സെപ്റ്റംബർ വരെയാണ് അവധിക്ക് അപേക്ഷിച്ചത്. എന്നാൽ ഔദ്യോഗിക രേഖയിൽ ഭർത്താവിന് ആദ്യ വിവാഹത്തിൽ ഉണ്ടായ കുട്ടികളുടെ വിവരങ്ങൾ നഴ്സ് ചേർത്തിട്ടുണ്ട്. ഇത് കാണിച്ച് അവധി നിഷേധിക്കുകയായിരുന്നു ഇവർ ജോലിചെയ്യുന്ന പിജിഐഎംഇആർ (പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനം. കുട്ടികളുടെ പരിരക്ഷയ്ക്കും ചികിത്സയ്ക്കുമായി പലപ്പോഴും നഴ്സ് അവധി എടുത്തിട്ടുണ്ടെന്നും രേഖാപരമായി രണ്ട് കുട്ടികളുള്ള ഇവർക്ക് പ്രസവാവധിക്ക് അർഹതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പ്രസവിച്ചതല്ലെങ്കിലും ഭർത്താവിന്റെ ആദ്യ കുട്ടികളുടെ അമ്മയാണ് പരാതിക്കാരി എന്ന് പറഞ്ഞ കോടതി ഇപ്പോൾ ജനിച്ച കുട്ടിയെ ഇവരുടെ മൂന്നാമത്തെ കുഞ്ഞായി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് കുട്ടികളുടെ ചികിത്സയ്്ക്കും മറ്റുമായി നഴ്സ് അവധി എടുത്തത് പരിഗണിച്ചാണ് കോടതിയുടെ വിധി.