- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരക്കോടിയുടെ ഹവാല പണം ബിഎസ് എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; കമാൻഡന്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും രണ്ടുലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം; ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജയിലിൽ അടച്ച് വിചാരണ ചെയ്യുമെന്ന് കോടതി

തിരുവനന്തപുരം: അരക്കോടി രൂപയുടെ ഹവാല പണം ബിഎസ്എഫ് കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡന്റിനും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും തിരുവനന്തപുരം സി ബി ഐ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
രണ്ടു ലക്ഷം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും കോടതിയിൽ ഹാജരാക്കണം. കേസിന്റെ തെളിവുകളിൽ ഇടപെടരുത്. ജാമ്യക്കാലാവധിയിൽ യാതൊരു കുറ്റകൃത്യങ്ങളും ചെയ്യാൻ പാടില്ല. മൂന്നു ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി ജയിലറക്കുള്ളിലിട്ട് വിചാരണ ചെയ്യുമെന്നും ജാമ്യ ഉത്തരവിൽ സിബിഐ ജഡ്ജി കെ. സനിൽകുമാർ വ്യക്തമാക്കി.
പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു കേസുകളിലാണ് ജാമ്യം. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണം, ഹാഷിഷ് ഓയിൽ , കഞ്ചാവ് , ചരസ് , ബ്രൗൺഷുഗർ തുടങ്ങിയവയുടെ കള്ളക്കടത്തിന് അതിർത്തിയിലെ സെക്യൂരിറ്റി പിൻവലിച്ച് ഒത്താശ ചെയ്ത് സുരക്ഷിത മാർഗ്ഗമൊരുക്കിയതിന് ചാർജ് ചെയ്തതാണ് ഒരു കേസ്.
ഉറവിടം വ്യക്തമാക്കാനാകാത്തതും, അവിഹിതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കമാൻഡന്റിനെതിരെ ചാർജ് ചെയ്തതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും പ്രതികളെ ഏപ്രിൽ 8 ന് ഹാജരാക്കാൻ സിബിഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. ബിഷു ഷെയ്ക്ക് എന്ന മുഹമ്മദ് ഇനാമുൾ ഹക്ക് മറ്റൊരു കേസിൽ ഉൾപ്പെട്ട് നിലവിൽ കൊൽക്കത്ത സെൻട്രൽ ജയിലിൽ റിമാന്റ് തടവുകാരനായി പാർപ്പിച്ചിരിക്കുകയാണ്. ബിഷുവിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു.

