- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ തോളത്ത് കിടന്ന കുട്ടിയുടെ സ്വർണപാദസരം അടിച്ച് മാറ്റിയത് ദൃക്സാക്ഷികൾ പിടിച്ചപ്പോൾ വിഴുങ്ങി; തൊണ്ടിമുതൽ പുറത്ത് വരുന്നതും കാത്ത് തമ്പാനൂർ പൊലീസ് ഉറക്കമിളച്ചത് രണ്ടുദിവസം; കാത്തിരുപ്പിന് ഫലം കണ്ടപ്പോൾ മോഷ്ടാവിനെ ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമ മോഡലിൽ സ്വർണ്ണ പാദസരം വിഴുങ്ങിയ മോഷ്ടാവിനെ സെപ്റ്റംബർ 23 ന് ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അദ്ധ്യാപികയുടെ ചുമലിൽ കിടന്നുറങ്ങിയ മൂന്നു വയസ്സുകാരിയുടെ 4.5 ഗ്രാം സ്വർണ്ണപാദസരം മോഷ്ടിച്ച് വിഴുങ്ങിയ കേസിലാണ് കോടതി ഉത്തരവ്. ഏക പ്രതിയായ പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷെഫീഖിനെ (42) ഹാജരാക്കാൻ തമ്പാനൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്.
2020 ഡിസംബർ 13 ന് വൈകിട്ട് തലസ്ഥാന ജില്ലയിലെ തമ്പാനൂർ ബസ്സ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ദൃക്‌സാക്ഷികളുടെ പിടി വീഴുമെന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങുകയായിരുന്നു. എക്‌സറേ പരിശോധനയിൽ ആമാശയത്തിൽ കണ്ടെത്തിയ തൊണ്ടിമുതൽ പുറത്തു വരുന്നതും കാത്ത് തമ്പാനൂർ പൊലീസ് 2 ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിക്ക് കൂട്ടിരിക്കേണ്ടിയും വന്നു. തിരുവനന്തപുരം സിറ്റി തമ്പാനൂർ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലുമായാണ് ' തൊണ്ടി മുതലും ദൃക്‌സാക്ഷിയും 'മലയാള ചലച്ചിത്രത്തിലുള്ള അഭ്രപാളിയിലെ രംഗങ്ങൾ ഓർമിപ്പിക്കും വിധമുള്ള രംഗങ്ങൾ നേരിട്ട് അരങ്ങേറിയത്.
തമ്പാനൂർ ബസ് സ്റ്റാന്റിൽ ബസ് കാത്തു നിന്ന മാതാവായ അദ്ധ്യാപികയുടെ ചുമലിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ 4. 5 ഗ്രാം സ്വർണ്ണപാദസരമാണ് പ്രതി മോഷ്ടിച്ചത്: പാലക്കാട് നിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന അദ്ധ്യാപക ദമ്പതികളായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണ് മോഷ്ടിച്ചത്.
മോഷണ കൃത്യം കണ്ട മാതാപിതാക്കളും ബസ് കാത്തുനിന്ന സമീപസ്ഥരും ബഹളം വച്ചതോടെ പ്രതി ഓടി. പിന്നാലെയോടി യാത്രക്കാരും പൊലീസും ചേർന്ന് പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി പാദസരം വിഴുങ്ങി കഴിഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്‌സ്‌റേ എടുത്ത് പരിശോധിച്ചു. പരിശോധനയിൽ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ തൊണ്ടിമുതൽ വീണ്ടെടുക്കാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാന്റ് ചെയ്യുകയായിരുന്നു. എനിമ കൊടുത്ത പ്രതിയിൽ നിന്ന് തൊണ്ടിമുതൽ പുറത്ത് വരുന്നതും കാത്ത് 2 ദിവസമാണ് പൊലീസ് ഉറക്കമിളച്ചിരുന്നത്. കാത്തിരുപ്പിന് ഫലം കാണുകയും ചെയ്തു.
ദിലീഷ് പോത്തൻ സംവിധാനം നിർവ്വഹിച്ച് ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമവതരിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ ബസിൽ വച്ചായിരുന്നു മാല മോഷണം. തൊണ്ടി വിഴുങ്ങുകയും ചോദ്യം ചെയ്യലിൽ മോഷണക്കുറ്റം സ്വയമേറ്റു പറഞ്ഞതുമില്ല.