തിരുവനന്തപുരം: മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും സർക്കാർ അനുമതിയില്ലാതെ ' സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം എഴുതുകയും ചെയ്ത കേസിൽ സംസ്ഥാന മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ഡോ.ജേക്കബ് തോമസ് ഐ. പി. എസ് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചതിന് പകരം വീട്ടാനായി സർക്കാർ എടുത്ത കേസിൽ ഏക പ്രതിയായ ഡി ജി പി സെപ്റ്റംബർ 14 ന് ഹാജരാകാനാണ് മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ നിർദ്ദേശിച്ചത്. സർക്കാർ ഉത്തരവു പ്രകാരം 2019 ൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ 2021 ജൂലൈ 12 നാണ് കുറ്റപത്രം സമർപ്പിച്ചത്.

1966 ഡിസംബർ 2 ന് നിലവിൽ വന്ന പൊലീസ് സേന (അവകാശങ്ങളുടെ നിയന്ത്രണം ) നിയമത്തിലെ വകുപ്പുകളായ 3 ( അഭിപ്രായ സ്വാതന്ത്രവും സംഘടനാ രൂപീകരണവും നിയന്ത്രിക്കൽ) , (1) (സി) , (4) (സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയും പുസ്തകമെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് മുൻ ഡിജിപിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പൂട്ടിയ ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ. എം. മാണി കോഴ വാങ്ങിയതിന് കെ. എം. മാണി പ്രതിയായ ബാർ കോഴ അഴിമതി കേസ് , മുൻ സ്പോർട്സ് മന്ത്രി ഇ. പി. ജയരാജൻ ഭാര്യാ സഹോദരിയായ മുൻ ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ മകൻ സുധീർ ചന്ദ്രന് യോഗ്യതയില്ലാതെ ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായി സർക്കാർ ജോലി നൽകിയ ബന്ധു നിയമന കേസ് തുടങ്ങിയ വിവാദ അഴിമതി കേസ് വിവരങ്ങൾ പുസ്തകത്തിൽ പരാമർശിച്ചത് പൊലീസുദ്യോഗസ്ഥന്റെ അഭിപ്രായ സ്വാതന്ത്ര്യ അവകാശ നിയന്ത്രണ നിയമത്തിലെ വകുപ്പ് 3 (1) (സി) യുടെ ലംഘനമാണെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.

അതേ സമയം മിക്ക പൊലീസുദ്യോഗസ്ഥരും കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി ആശയവിനിമയം നടത്താറുണ്ടെന്നും പ്രസ് റിലീസുകൾ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജേക്കബ് തോമസിനെ സർക്കാർ വ്യക്തിവിരോധം തീർക്കാൻ ടാർജറ്റ് ചെയ്യുകയാണെന്ന ആരോപണമുയർന്നിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ കേസുകളെടുത്ത് ഡി ജി പി സ്ഥാനം ലഭിച്ചിട്ടും കേസന്വേഷണം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിയമനം നൽകാതെ വൈകിപ്പിച്ച് അദ്ദേഹത്തെ പന്തടിച്ചതിന് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ഉടൻ ഡി ജി പി സ്ഥാനം നൽകി നിയമനം നൽകാനും സി. എ. റ്റി ഉത്തരവിട്ടു.

ഒടുവിൽ റിട്ടയർമെന്റ് വയസ് പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് നാമമാത്രമായി നിയമനം നൽകിയത്. റിട്ടയർമെന്റ് തീയതി തലേന്ന് ഓഫീസിൽ കിടന്നുറങ്ങിയാണ് അദ്ദേഹം തന്റെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്. എ. എസ്‌പി യായാണ് ഡോ.ജേക്കബ് തോമസ് സർക്കാർ സർവീസാരംഭിച്ചത്. വിരമിച്ച ശേഷം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതും സർക്കാരിന്റെ കണ്ണിലെ കരടായി മാറി.