തലശേരി: തലശേരി നഗരത്തിലെ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ എഞ്ചിനിയറിംങ്ങ് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെടാനിടയായ സംഭവത്തിൽ കാറോടിച്ച യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി ഈ മാസം 24 ലേക്ക് മാറ്റി.

കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്‌സിൽ റൂബിൻ ഒമറിന്റെ (19) ഹർജിയാണ് ജില്ലാ ജഡ്ജ് ജോബിൻ സബാസ്റ്റ്യൻ മാറ്റിയത്. കുറ്റാരോപിതന് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് ഫറാസിന്റെ മാതാവ് സൈദാർ പള്ളി ഗുൽദസ്തയിൽ ഫാസില തായത്താണ് അഡ്വ.കെ. വിശ്വൻ മുഖേന കോടതിയിൽ മറ്റൊരു ഹർജി നൽകിയിരുന്നു.

ഇക്കഴിഞ്ഞ പെരുന്നാൾ ദിന തലേന്നാൾ (ജൂലായ് 19 ) രാത്രിയിൽ ജൂബിലി റോഡിലുണ്ടായ സംഭവത്തിൽ ഫാസിലയുടെ മകനും ചെന്നൈ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിലെ ബിടെക് വിദ്യാർത്ഥിയുമായ താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ് ലാഹ് ഫറാസാണ് (19) ദാരുണമായി കൊല്ലപ്പെട്ടത്.

പഠനാവശ്യത്തിനായി ലാപ്‌ടോപ്പ് വാങ്ങാൻ വീട്ടിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുന്നതിനിടയിലാണ് അഫ്‌ളാഹ് ഫറാസ് ഒരു സംഘം യുവാക്കൾ പജേ റോ കാാറുമായി നടത്തിയ സാഹസ അഭ്യാസപ്രകടനത്തിനിരായി കൊല്ലപ്പെടുന്നത്. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ കുറ്റാരോപിതനായ യുവാവ് ഒളിവിൽ പോവുകയായിരുന്നു.