മലപ്പുറം: തന്നെ പീഡിപ്പിച്ച ഗർഭിണിയാക്കിയത് 18കാരനായ പ്ലസ്ടു വിദ്യാർത്ഥിയെന്ന് 17കാരിയായ പെൺകുട്ടിയുടെ മൊഴി. പോക്സോ കേസിൽ  അറസ്റ്റിലായ പ്രതിക്ക് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ ഉപാധികൾ ഒന്നുമില്ലാതെ കോടതി ജാമ്യം നൽകി. പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പ്രകാരം റിമാൻഡിലായി ജയിലിൽ കഴിയുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ ശ്രീനാഥിനേയാണ് ഒടുവിൽ മറ്റു ഉപാധികൾ ഒന്നുമില്ലാതെ കോടതി ജാമ്യത്തിൽ വിട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിലാണ് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിഞ്ഞ പതിനെട്ടുകാരൻ പുറത്തിറങ്ങിയത്. കഴിഞ്ഞ ജൂൺ 22നാണ് ശ്രീനാഥ് പോക്‌സോ കേസിൽ റിമാൻഡിലായത്.

പിന്നീട് ശ്രീനാഥ് അഭിഭാഷകർ മുഖേന കോടതിയിൽ നടത്തിയ അപേക്ഷ പ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയുടെയും, ശാസ്ത്രീയ പരിശോധനയുടെയും ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി മറ്റു ഉപാധികളില്ലാതെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്.

ഇതോടെ ശ്രീനാഥിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹരജി ഫയൽ ചെയ്യുമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പുകൾക്ക് പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. ശ്രീനാഥിനായി അഡ്വ.കെ ബാബുരാജ്, അഡ്വ. ആഫിൽ പാലാംപടിയൻ ഹാജരായി.