തലശേരി: കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌റഷൻ വിഭാഗം കൈയോടെ പിടികൂടിയ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് തടവും പിഴയും ശിക്ഷ. കൂട്ടുപുഴ കിളിയന്തറ ചെക്ക് പോസ്റ്റിൽ 2012 ൽ കമേഴ്‌സ്യൽ ടാക്‌സ് ഇൻസ്പക്ടർ ആയിരുന്ന തളിപറമ്പ് ചിറവക്കിലെ പള്ളിക്കൽ വീട്ടിൽ അബ്ദുൾ നാസർ (58), പ്യൂൺ ശ്രീകണ്ഠാപുരം സ്വദേശി ചേലോറ വീട്ടിൽ ഇ.പി.സന്ദീപ് (39) എന്നിവരെയാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ ശിക്ഷിച്ചത്.

അബ്ദുൾ നാസറിന് 2 വർഷം കഠിന തടവും 1 ലക്ഷത്തി 60,000 രൂപ പിഴയും സന്ദീപിന് ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. നാസർ പിഴ അടക്കുന്നില്ലെങ്കിൽ 10 മാസം വെറും തടവും സന്ദീപ് പിഴ അടക്കുന്നില്ലെങ്കിൽ 5 മാസം വെറും തടവും അനുഭവിക്കണം.

2012 ൽ അന്നത്തെ വിജിലൻസ് ഡി.വൈ.എസ്‌പി.സുനിൽ ബാബു കേളോത്തും കണ്ടിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്. പിന്നീട് ചുമതലയിലുണ്ടായ ഡി.വൈ.എസ്‌പി.എ.വി.പ്രദീപാണ് കുറ്റപത്രം നൽകിയത്. വിജിലൻസ് സ്‌പെഷൽ പ്രോസിക്യൂട്ടർ ഷൈലജ നാ ണ് വാദം നടത്തിയത്. ഇരു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു