ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി സെപ്റ്റംബർ 13ന് വാദം കേൾക്കും. ചീഫ് ജസ്റ്റീസ് എൻ.വി രമണ ഇന്ന് ഇതു സംബന്ധിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിനു സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം നൽകിയാണ് വാദം കേൾക്കുന്നത് 13ലേക്ക് മാറ്റിയത്.

ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗസ്സസ് ഉപയോഗിച്ചു പ്രമുഖരുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അഭിഭാഷകരും അടക്കം നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹർജി പരിഗണിച്ചപ്പോൾ തന്നെ സർക്കാരിന്റെ സത്യവാങ്മൂലം തയാറാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. വ്യാഴാഴ്ച വരെ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യവാങ്മൂലം തയാറാക്കുന്നതിന് ആവശ്യമായ ചില ഉദ്യോഗസ്ഥരെ കൂടിക്കാണാൻ കഴിഞ്ഞിട്ടില്ലെന്നും കൂറച്ചുകൂടി സമയം വേണമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ പറഞ്ഞത്.

സർക്കാർ നേരത്തെ ഒരു സത്യവാങ്മൂലം നൽകിയിരുന്നില്ലേ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. ഉണ്ട്, പക്ഷെ വിശദമായി മറ്റൊന്നു കൂടി സമർപ്പിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു. വാദം മാറ്റി വെക്കുന്നതിൽ എതിർപ്പില്ലെന്ന് മാധ്യമ പ്രവർത്തകരായ എൻ. റാമിനും ശശികുമാറിനും വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 13ലേക്ക് മാറ്റി.