തിരുവനന്തപുരം : വീട്ടിനുള്ളിൽ കടന്ന് കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ അക്കച്ചി സന്തോഷ് എന്ന സന്തോഷി (35) നെ അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം സ്‌പെഷ്യൽ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിച്ചു. പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് മതിയായ തുക കുട്ടിയുടെ ഭാവി നന്മക്കായി നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

2019 ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുലർച്ചെ നാല് മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ മതിൽ ചാടി ഇറങ്ങിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. മൽസ്യ തൊഴിലാളിയായ പെൺകുട്ടിയുടെ അച്ഛൻ പുലർച്ചെ മൽസ്യബന്ധനത്തിന് പോകുമെന്ന് പ്രതിക്ക് അറിയാമായിരുന്നു.

അച്ഛൻ പോകുന്ന സമയം വരെ കാത്ത് നിന്ന് അകത്ത് കയറുകയായിരുന്നു. അയൽവാസിയായ പ്രതിക്ക് പെൺകുട്ടി കിടക്കുന്ന മുറിയും അറിയാമായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി പേടിച്ച് നിലവിളിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിയും ബഹളം വെച്ചതിനാൽ പ്രതി ഓടി രക്ഷപെട്ടു. പൊലീസിൽ പരാതി കൊടുക്കരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടിയും കുടുംബവും പരാതി നൽകി. വലിയതുറ പൊലീസാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.