തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട ഭൂമാഫിയ കടകംപള്ളി വില്ലേജിലെ 44. 5 ഏക്കർ ഭൂമി തട്ടിയെടുത്ത കേസിലെ പരാതിക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ സലിം രാജിനെയും കൂട്ടാളിയെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താര വിചാരണയിലാണ് ഒന്നാം സാക്ഷിയും വസ്തുക്കളുടെ മുക്ത്യാർകാരൻ തൈക്കാട് സ്വദേശി ബാലു സ്വാമി പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയത്.

സാക്ഷിക്കൂട്ടിൽ നിന്ന ബാലു സ്വാമി പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ചൂണ്ടിക്കാട്ടി സി.ജെ.എം. ആർ. രേഖ മുമ്പാകെയാണ് സാക്ഷി മൊഴി നൽകിയത്. തങ്ങൾ തരുന്ന പണം വാങ്ങി തങ്ങൾ പറയുന്ന വ്യക്തിക്ക് തീറാധാരം രജിസ്ട്രാക്കി കൊടുക്കണമെന്ന് 2012 ൽ സലിം രാജും കൂട്ടാളിയും ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണയാണ് സിജെഎം കോടതിയിൽ പുരോഗമിക്കുന്നത്.

തലസ്ഥാനത്തെ ഡോ.അശോകന്റെ വീട്ടിൽ സന്ധി സംഭാഷണത്തിന്റെ പേരിൽ വിളിച്ചു വരുത്തി ചർച്ചക്കിടെ ഭീഷണിപ്പെടുത്തിയതായി ബാലു സ്വാമി മൊഴി നൽകി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് സമീപം പബ്ലിക് ലൈബ്രറി കോമ്പൗണ്ടിൽ വച്ചും സലിം രാജ് ഭീഷണിപ്പെടുത്തി. വസ്തുക്കൾ എഴുതിക്കൊടുക്കണം. മന്ത്രിക്കും കളക്ടർക്കുമെല്ലാം ഇതിൽ പങ്കുണ്ട്. കള്ള ഡോക്യുമെന്റേഷൻ എല്ലാം തങ്ങൾ ഒതുക്കി തീർക്കുമെന്നും പോക്കുവരവ് ചെയ്ത് തങ്ങൾ കരം തീർത്തു കൊള്ളാമെന്നും പറഞ്ഞു.

സർക്കാരിൽ നിന്ന് ഒരു പ്രശ്‌നവുമുണ്ടാകാതെ തങ്ങൾ നോക്കിക്കോളുമെന്നും പറഞ്ഞു. താൻ മുക്ത്യാർകാരൻ മാത്രമാണെന്നും വല്ലവരുടെയും വസ്തു തനിക്കെഴുതി തരാനാവില്ലെന്ന് പറഞ്ഞെങ്കിലും പ്രതികൾ ചെവിക്കൊണ്ടില്ല. വഴങ്ങാത്തതിനാൽ വിഷയം ലൈറ്റായി എടുക്കരുതെന്നും ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സാക്ഷി മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗം 5 സാക്ഷികളെ ഒക്ടോബർ 23 ന് ഹാജരാക്കാൻ കോടതി സിബിഐയോട് ഉത്തരവിട്ടു.

കടകംപള്ളി വില്ലേജിൽ വരുന്ന 44.5 ഏക്കർ ഭൂമിയുടെ ഉടമസ്ഥരായ 170 ഓളം പേരുടെ ആധാരങ്ങളുടെ മുൻകാല റെക്കോർഡുകൾ റവന്യൂ ഓഫീസുകളിൽ നിന്ന് പ്രതികളുടെ സ്വാധീനത്താൽ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭൂമി തട്ടിപ്പു കേസിലെ പ്രതിയായ അബ്ദുറഹ്മാൻ കുഞ്ഞ് മകൻ അഷ്‌റഫ് അടക്കം 6 മക്കൾ പേർക്ക് അബ്ദുറഹ്മാൻ ഭാഗപത്രം രജിസ്റ്റർ ചെയ്തു. തുടർന്ന് അന്നത്തെ അഡീ. തഹസിൽദാർ ഹരിഹരൻ നായരെക്കൊണ്ട് പോക്കുവരവ് ഡയറക്ഷൻ ഉത്തരവ് വാങ്ങിക്കുകയായിരുന്നു. 1997 ൽ ഒരു പണിക്കരുടെ ശൂന്യതണ്ടപ്പേരിൽ നിന്ന് 3587 എന്ന സർവ്വേ നമ്പരിൽ വ്യാജ പോക്കുവരവ് ചെയ്തു.

തുടർന്ന് മജീദ്, ജയറാം , ദിലീപ് തുടങ്ങിയവരുടെ പേർക്ക് 44.5 ഏക്കർ വിൽപന എഗ്രിമെന്റ് തയ്യാറാക്കി. എന്നാൽ ഭാഗപത്രത്തിൽ തങ്ങളുടെ പിതാവ് സ്വമേധയാ ആർജിച്ച കടകംപള്ളി വില്ലേജിലെ വസ്തുക്കൾ എന്ന് മാത്രമാണുള്ളത്. ഏത് മുൻ ആധാര പ്രകാരമാണ് വസ്തു എഴുതിക്കൊടുത്തയാൾക്ക് വസ്തു ലഭിച്ചത് എന്ന് രേഖപ്പെടുത്താതെയാണ് പ്രമാണം രജിസ്ട്രാക്കിയത്. തുടർന്ന് ഭൂ മാഫിയ റവന്യൂ - വില്ലേജ് മുൻ റെക്കോർഡുകൾ ശൂന്യ തണ്ടപ്പേരിൽ ക്രമപ്പെടുത്തി വ്യാജരേഖകൾ സൃഷ്ടിക്കുകയായിരുന്നു. ഹൈക്കോടതിയിൽ 20 ഏക്കർ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരായ പ്രേംചന്ദും സഹോദരങ്ങളും സമർപ്പിച്ച ഹർജിയിലാണ് 44.5 ഏക്കർ ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ ഹാജരായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ പാളയം പൊലീസ് ക്വാർട്ടേഴ്‌സിൽ താമസം എസ്. സലിം രാജ് , കൊച്ചി തമ്മനം റ്റി. ഡി. സന്നിധി റോഡിൽ റെൽ കോൺ കൂതപ്പള്ളിൽ ഹൗസിൽ കെ . കെ . ദിലീപ് എന്നിവരാണ് പരാതിക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾ. 2014 ൽ രജിസ്റ്റർ ചെയ്ത വധഭീഷണി കേസിൽ 2016 ജൂൺ 25 നാണ് സിബിഐ പ്രത്യേക കുറ്റപത്രം സി ജെ എം കോടതിയിൽ സമർപ്പിച്ചത്.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി സലിം രാജുൾപ്പെട്ട ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ഔദ്യോഗിക റെക്കോഡുകളിൽ കൃത്രിമം നടത്തി യഥാർത്ഥ ഉടമകൾ അറിയാതെ വ്യാജ മുക്ത്യർ പത്രം തയ്യാറാക്കി ഭൂമി തട്ടിയെടുത്തുവെന്നാണ് സി ബി ഐ കേസ്. താലൂക്ക് , വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ കണക്ക് രജിസ്റ്റർ , പോക്ക് വരവ് ഫയൽ , അടിസ്ഥാന ഭൂ നികുതി രജിസ്റ്റർ , ശൂന്യതണ്ടപ്പേർകണക്ക്, പോക്ക് വരവ് രജിസ്റ്റർ , സബ്‌സിഡിയറി ഇൻഡക്‌സ് എന്നിവയിൽ കള്ള വിവരങ്ങൾ രേഖപ്പെടുത്തിയും നേരുകേടായും വഞ്ചനാപരമായും പ്രതിഫലത്തെപ്പറ്റി വ്യാജ പ്രസ്താവന അടങ്ങിയ കൈമാറ്റ ക്കരണം ഒപ്പിട്ടു പൂർത്തീകരിച്ചും യഥാർത്ഥ ഉടമകളെ പ്രതികൾ വഞ്ചിച്ചതായും കുറ്റപത്രത്തിലുണ്ട്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.