തലശ്ശേരി: ആർ.എസ്.എസ്. പ്രവർത്തകനെ കല്ലെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിവപുരത്തെ രണ്ട് എൻ.ഡി.എഫ്.പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ഏഴ് കുറ്റാരോപിതരുള്ള കേസിൽ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടിൽ ടി.കെ. നൗഷാദ് (27), രണ്ടാം പ്രതി കിഴക്കയിൽ എ.പി.മുനീർ (34) എന്നിവരെയാണ് 4 വർഷം തടവും 10,000 രൂപ പിഴയടക്കാനും തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് മുഹമ്മദ് റയിസ് ശിക്ഷിച്ചത്.

പ്രതികൾ പിഴയടക്കുന്നില്ലെങ്കിൽ 4 മാസം അധിക തടവ് അനുഭവിക്കണം. കേസിലെ മൂന്നാം പ്രതി തോട്ടത്തിൽ മുഹമ്മദലി (37) ഒളിവിലാണുള്ളത്. നാല് മുതൽ 7വരെ പ്രതിസ്ഥാനത്തുണ്ടായിരുന്ന പി.വി.അസീസ് (34), വി സി.റസാഖ് (37), സവാദ് (3ഹ), ഷഫീർ (27) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

2002 സെപ്തമ്പർ 24 നാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ശിവപുരം നടുവനാട് റോഡിൽ ദാമു എന്നയാളുടെ കടയ്ക്കടുത്ത് ന്യായവിരുദ്ധമായി സംഘം ചേർന്ന പ്രതികൾ ആർ.എസ് എസ്.പ്രവർത്തകനായ ശിവപുരം കരൂന്നിയിലെ വള്ളുമ്മൽ വീട്ടിൽ സുനിൽകുമാറിനെ മാരകായുധമായ കല്ല് കൊണ്ടെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്.പേരാവൂർ സിഐ.ബാലകൃഷ്ണനാണ് അന്വേഷിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.അജയകുമാറാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.