തലശ്ശേരി: ഒരുമിച്ച് അടയ്ക്കാ ഗോഡൗണിൽ ജോലി ചെയ്തുവരുന്ന സുഹൃത്തുകൾ തമ്മിലുള്ള കലഹത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എം.മുഹമ്മദ് റയീസാണ് പ്രതിക്ക് ജീവപര്യന്തം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചത്.

ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാട് ആനക്കുഴിയിൽ പി.കെ. നെത്തീഫ് എന്ന ഷെരീഫ് (58) നെയാണ് കോടതി ശിക്ഷിച്ചത്.ആ നക്കുഴിയിൽ പുത്തൻപുരയിൽ ജെയിംസിന്റെ അടക്കാഗോഡൗണിൽ വെച്ച് അടക്ക പൊളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആനക്കുഴി സ്വദേശി കുഴക്കൽ വീട്ടിൽ അബ്ദുള്ള (35)യെ പ്രതി അടക്ക പൊളിക്കുന്ന കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്.

2005 മെയ് 20ന് പകൽപന്ത്രണ്ടരയോടെയാണ് കേസിന്നാസ്പദമായ സംഭവം. ഗോഡൗണിൽ പാചകം ചെയ്യുന്ന സാധനങ്ങൾ വാങ്ങിയതുമായ തർക്കമാണ് കൊലയിൽ കലാശിച്ചത്. ഡോ.എസ്.ഗോപാലകൃഷ്ണപിള്ള ,കേസന്വേഷണം നടത്തിയ പൊലീസ് ഓഫീസർമാരായ കെ.വി.രഘുനാഥ്, വി.കെ.പ്രഭാകരൻ, കെ.സന്തോഷ് കുമാർ തുടങ്ങി ഇരുപത് സാക്ഷികളെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ.പി.അജയകുമാർ ഹാജരായി. പ്രതി പിഴ അടക്കുന്നില്ലെങ്കിൽ പത്ത് മാസം തടവ് കൂടുതൽ അനുഭവിക്കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.